Asianet News MalayalamAsianet News Malayalam

ചെന്നിത്തല മുന്നോട്ട് വെച്ച നിർദ്ദേശം; കൈ കൊടുക്കാതെ വേണുഗോപാൽ; ആലപ്പുഴയിൽ ഇല്ലെങ്കിൽ പിന്നെ ലക്ഷ്യമെന്ത് ?

കെ.സി ഇല്ലെങ്കില്‍ പകരം ആരെ ആലപ്പുഴയില്‍ മത്സരിപ്പിക്കണമെന്ന ചോദ്യത്തിനുളള ഉത്തരം കണ്ടെത്താനും കോണ്‍ഗ്രസിനായിട്ടില്ല.

kc venugopal may not contest in lok sabha election from alappuzha he has other strategies apn
Author
First Published Jan 21, 2024, 9:17 AM IST

ദില്ലി : എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന് സൂചന. ആലപ്പുഴ തിരിച്ചു പിടിക്കാന്‍ വേണുഗോപാല്‍ ഇറങ്ങണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണെങ്കിലും ദേശീയതലത്തിലെ സംഘടനാ ചുമതലകളുടെ തിരക്കാണ് മത്സരത്തില്‍ നിന്ന് കെസിയെ പിന്തിരിപ്പിക്കുന്ന ഘടകം. കെ.സി ഇല്ലെങ്കില്‍ പകരം ആരെ ആലപ്പുഴയില്‍ മത്സരിപ്പിക്കണമെന്ന ചോദ്യത്തിനുളള ഉത്തരം കണ്ടെത്താനും കോണ്‍ഗ്രസിനായിട്ടില്ല.ക

കെസി വേണുഗോപാൽ ആലപ്പുഴയിൽ ഇറങ്ങണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സാക്ഷിയാക്കി രമേശ് ചെന്നിത്തല മുന്നോട്ടു വച്ച നിര്‍ദേശത്തിന് കൈ കൊടുക്കാന്‍ കെ.സി.വേണുഗോപാല്‍ ഇല്ലെന്ന സൂചനകളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് പുറത്തു വരുന്നത്. ഏതു പ്രതികൂല സാഹചര്യത്തിലും ആലപ്പുഴയില്‍ വേണുഗോപാല്‍ മല്‍സരിച്ചാല്‍ ജയമുറപ്പെന്ന് കോണ്‍ഗ്രസുകാരന്നൊടങ്കം അവകാശപ്പെടുന്നുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി പദത്തിന് പുറമേ രണ്ടാം ഭാരത് ജോഡോയുടെ നടത്തിപ്പും ഇന്ത്യാ മുന്നണിയുടെ ഏകോപനവും ഉള്‍പ്പെടെ ദേശീയ തലത്തിലെ സംഘടനാ ചുമതലകളുടെ ബാഹുല്യത്തിനിടയില്‍ കെസിക്ക് ആലപ്പുഴയില്‍ പ്രചാരണ രംഗത്ത് കേന്ദ്രീകരിക്കാനാവില്ലെന്നതാണ് മത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. താന്‍ നേരിട്ട് പ്രചാരണം നിയന്ത്രിച്ചില്ലെങ്കില്‍ ജയിക്കാന്‍ എളുപ്പമല്ലാത്ത മണ്ഡലമാണ് ആലപ്പുഴയെന്ന തിരിച്ചറിവും മറ്റാരെക്കാളും കെസിക്കുണ്ട്.കഴിഞ്ഞ മൂന്നു മാസത്തിനിടെ കേവലം ഒന്നോ രണ്ടോ തവണ മാത്രമാണ് കെസി ആലപ്പുഴയില്‍ എത്തിയത് എന്നതും മത്സര രംഗത്തേക്ക് അദ്ദേഹം വരില്ലെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

ആരോഗ്യ വകുപ്പിനെതിരെ സൺഫാർമ ഹൈക്കോടതിയിൽ, 'വിശ്വാസവഞ്ചന, കാരുണ്യ ഫാർമസിക്ക്‌ നൽകിയ മരുന്നിന് പണം കിട്ടിയില്ല'

ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ 2026ല്‍ നടക്കാനിടയുളള നിയമസഭ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരികയാണ് വേണുഗോപാലിന്‍റെ ലക്ഷ്യമെന്ന് കരുതുന്നവരും ഏറെയുണ്ട് കോണ്‍ഗ്രസില്‍. ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുളള രാജ്യസഭ അംഗമായ കെസിയുടെ എംപി എന്ന നിലയിലുളള കാലാവധി അവസാനിക്കുന്നതും 2026ലാണ് എന്നത് മറ്റൊരു യാദൃശ്ചികത.

ലോക്സഭയിലേക്ക് വേണുഗോപാല്‍ മല്‍സരിക്കണമെന്ന ആവശ്യമുയര്‍ത്തുന്ന പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം ആലപ്പുഴയിലെ ജയം മാത്രമല്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹത്തെ അകറ്റി നിര്‍ത്തുക കൂടിയാണ്. കടുപ്പമുള്ളൊരു മല്‍സരത്തിനിറങ്ങി തിരിച്ചടിയുണ്ടായാല്‍ സംസ്ഥാനത്തേക്കുളള കെസിയുടെ തിരിച്ചു വരവിനെ അത് ബാധിക്കുമെന്ന തിരിച്ചറിവും വേണുഗോപാല്‍ പക്ഷത്തിനുണ്ട്. ഇതൊക്കെയെങ്കിലും ആലപ്പുഴ തിരിച്ചു പിടിക്കാന്‍ കെസിയല്ലെങ്കില്‍ മറ്റാരെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്. അതുകൊണ്ടു തന്നെ അനുയോജ്യ സ്ഥാനാര്‍ഥിയെ കിട്ടിയില്ലെങ്കില്‍ എത്ര റിസ്കെടുത്തും കെസി പാര്‍ട്ടിക്കു വേണ്ടി ആലപ്പുഴയിലിറങ്ങുമെന്ന് അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളില്‍ ചിലരിപ്പോഴും വിശ്വസിക്കുന്നു. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios