ആലപ്പുഴ: കോൺഗ്രസ് നാഥനില്ലാ കളരിയായെന്ന ശശി തരൂരിന്‍റെ വിമര്‍ശനം സാധാരണ കോൺഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാത്രമാണെന്ന് കോൺഗ്രസിന്‍റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെസി വേണുഗോപാൽ. പറയുന്ന തരത്തിലുള്ള പ്രതിസന്ധിയൊന്നും കോൺഗ്രസ് തലപ്പത്തില്ല. അതുകൊണ്ടു തന്നെ തരൂരിന്‍റെ പ്രതികരണം സ്വാഭാവികമായി കണ്ടാൽ മതിയെന്നും കെസി വേണുഗോപാൽ ആലപ്പുഴയിൽ പറ‍ഞ്ഞു. 

കോൺഗ്രസ് നേതൃത്വത്തിൽ കാര്യങ്ങളെല്ലാം നടന്ന് പോകുന്നുണ്ട്. തീരുമാനങ്ങളെല്ലാം എടുക്കുന്നുണ്ട്. അടുത്ത പ്രസിഡന്‍റ് വരുന്നത് വരെ ചുമതലകൾ നിര്‍വ്വഹിക്കുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും അത് അനുസരിച്ച് കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അധ്യക്ഷൻ ചുമതലയൊഴിഞ്ഞാൽ പിന്നെ കോൺഗ്രസ് ഭരണഘടനയനുസരിച്ച് പ്രവര്‍ത്തക സമിതിക്കാണ് അധികാരം. അതനുസരിച്ച് പ്രവര്‍ത്തക സമിതി അടിയന്തരമായി യോഗം ചേരും. പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാലാണ് വര്‍ക്കിംഗ് കമ്മിറ്റി വൈകിയതെന്നും കെസി വേണുഗോപാൽ വിശദീകരിച്ചു.