എസ്എംഎ മരുന്നു വിവാദത്തില്‍ വഴിത്തിരിവ്. മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ.

തിരുവനന്തപുരം: എസ്എംഎ മരുന്നു വിവാദത്തില്‍ വഴിത്തിരിവ്. മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ. സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് സുപ്രധാന വിവരം. നാറ്റ്കോ മരുന്ന് ശുപാർശ ചെയ്തുകൊണ്ട് ടെക്നിക്കൽ കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയ കത്താണ് നൽകിയത്. എൽഡിഎഫ് സർക്കാർ നിയമിച്ച സംസ്ഥാന നോഡൽ ഓഫീസർ ഡോ. യു ആർ രാഹുൽ ഒപ്പിട്ടാണ് കത്ത് നൽകിയത്. ഈ കത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു യുഡിഎഫ് സർക്കാർ മരുന്നു വാങ്ങാൻ കരാർ ഉണ്ടാക്കിയത്. മെയ് 8 നായിരുന്നു വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റി നാറ്റ്ക്കോ മരുന്ന് ശുപാർശ ചെയ്തത്. സംസ്ഥാന മിഷൻ ഡയറക്ടർ യുഡിഎഫ് സർക്കാർ അധികാരമേറ്റത്തിന് പിന്നാലെ കത്ത് നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസം മുതലാണ് എസ്എംഎ ക്ലിനിക്കുകളിലൂടെ ഇന്ത്യൻ നിര്‍മിതമായ പുതിയ മരുന്ന് ആരോഗ്യ വകുപ്പ് വിതരണം ചെയ്ത് തുടങ്ങിയത്. ഇന്ത്യൻ മരുന്നിലെ കവറില്‍ ഡോക്ടേഴ്സ് സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയിരുന്നത് രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാക്കി. പുതിയ മരുന്നിന്‍റെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു . പരീക്ഷണ ലേബലുള്ള മരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കിയെന്നത് നിസ്സാരമല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ വച്ച് ചൂതാടുകയാണെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് എസ്എംഎ ക്ലിനിക്കുള്ള തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ സൂപ്രണ്ട് പ്രതികരിച്ചു. രാജ്യത്ത് വേണ്ട എല്ലാ അംഗീകാരവും പുതിയ മരുന്നിനുണ്ട്. കുറഞ്ഞ വിലയുള്ള മരുന്ന് കൂടുതല്‍ കുട്ടികള്‍ക്ക് ചികിത്സ കിട്ടാൻ സഹായിക്കും. സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയ മരുന്നും യഥാർത്ഥ മരുന്നും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും സൂപ്രണ്ട് വിശദീകരിച്ചു.