കഴിഞ്ഞമാസം ബൈപ്പാസ് നിർമ്മാണ ഉദ്ഘാടനം നടക്കുന്പോൾ കീഴാറ്റൂർ വയലിൽ പിണറായിയുടെയും ഗഡ്കരിയുടെയും കോലം കത്തിച്ച് പോരാട്ടം തുടരുമെന്നവ‍ർ പ്രതിജ്ഞയെടുത്തു. 

കണ്ണൂർ: തളിപറന്പിൽ വയൽ നികത്തി ബൈപാസ് റോഡ് നി‍ർമ്മിക്കുന്നതിനെതിരെ കീഴാറ്റൂരിൽ സമരം നടത്തിയ വയൽകിളികൾ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ രംഗത്ത്. കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയൽകിളികൾ മത്സരിക്കുന്നത്. വനിത സംവരണ വാ‍‍ർഡിൽ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ ഭാര്യ ലത സുരേഷാണ് സ്ഥാനാർത്ഥി.

തോറ്റെന്ന് വയൽക്കിളികൾ ഇന്നും വിശ്വസിക്കുന്നില്ല. കഴിഞ്ഞമാസം ബൈപ്പാസ് നിർമ്മാണ ഉദ്ഘാടനം നടക്കുന്പോൾ കീഴാറ്റൂർ വയലിൽ പിണറായിയുടെയും ഗഡ്കരിയുടെയും കോലം കത്തിച്ച് പോരാട്ടം തുടരുമെന്നവ‍ർ പ്രതിജ്ഞയെടുത്തു. വയൽ നികത്തി റോഡുണ്ടാക്കുന്നത് ചോദ്യം ചെയ്ത് സിപിഎം വിട്ട് സമരത്തിനിറങ്ങിയവർ ഇന്ന് പാർട്ടിക്കെതിരെ വോട്ടിലൂടെ മറുപടി നൽകാമെന്ന് ആശിക്കുകയാണ്.

കോണ്‍ഗ്രസും ബിജെപിയും സ്ഥാനാ‍ർത്ഥികളെ നിർത്താതെ ലതയെ പിന്തുണക്കുന്നണ്ട്. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സിപിഎം വയൽക്കിളികളെ എതിരാളിയായി പോലും കാണുന്നില്ല. റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പടക്കം പൊട്ടിച്ച് ആഘോഷിച്ച അവർ വികസത്തിനായി ചെറിയ ചില വിട്ടുവീഴ്ചകൾ അനിവാര്യമെന്ന് നാട്ടുകാരോട് പറയുന്നു.