അഭിമാനം! കേന്ദ്ര സർക്കാർ പുരസ്കാരം വീണ്ടും കേരളത്തിന്; അമിത് ഷാ അവാർഡ് സമ്മാനിക്കും
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ പുരസ്കാരം, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 10 ന് ദില്ലിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.