Asianet News MalayalamAsianet News Malayalam

Silver Line : സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കാതെ സര്‍ക്കാര്‍; സാമൂഹികാഘാത പഠനം തുടരാമെന്ന് എജിയുടെ നിയമോപദേശം

നിലവിലെ ഏജൻസികളെ ഉപയോഗിച്ച് സാമൂഹിക ആഘാത പഠനം തുടരാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. സർവ്വേ തുടരാൻ അനുമതി തേടി റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് ഫയൽ നൽകി.

Silver Line AG s legal advice to continue social impact study
Author
First Published Sep 2, 2022, 12:50 PM IST

തിരുവനന്തപുരം: കെ റെയിലിനുള്ള സാമൂഹിക ആഘാത പഠനം തുടരാനൊരുങ്ങി സംസ്ഥാന സർക്കാർ. വിവിധ ജില്ലകളിൽ പഠനം നടത്തുന്ന ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്ന് അഡ്വക്കേറ്റ് ജനറൽ റവന്യൂവകുപ്പിന് നിയമോപദേശം നൽകി. ആറ് മാസത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കണമെന്നായിരുന്നു ചട്ടം. എന്നാൽ കഴിഞ്ഞ മാസം ആറ് മാസമെന്ന കാലാവധി അവസാനിച്ചതിനാൽ പഠനം നിലച്ചപ്പോഴാണ് റവന്യൂവകുപ്പ് നിയമോപദേശം തേടിയത്. ഏജൻസികളുടെ പ്രശ്നം കൊണ്ടല്ല പഠനം പൂർത്തിയാക്കാൻ കഴിയാത്തതെന്ന് വിലയിരുത്തിയ എജി അതേ ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്ന് നിയമപദേശം നൽകി. വിവിധ ജില്ലകളിൽ ജില്ലാ കളക്ടർമാ‍ർ വിവിധ ഏജൻസികളെ കൊണ്ടാണ് പഠനം നടത്തുന്നത്. നിയമോപദേശം ഉള്‍പ്പെടെ സാമൂഹിക ആഘാത പഠനം തുടരാൻ അനുമതി തേടി റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് ഫയൽ നൽകി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ മെയ് 16നായിരുന്നു കല്ലിട്ടുള്ള സർവ്വേയിൽ നിന്നും സർക്കാ‍ർ പിന്മാറിയത്. ജിപിഎസ് സർവ്വേയും ജിയോ ടാഗിംഗുമാണ് പകരം പറഞ്ഞത്. അതും ഒന്നുമായില്ല. ആകെ നടന്നത് കെ റെയിലിന്‍റെ ഓൺലൈൻ സംവാദങ്ങൾ മാത്രമാണ്. സ്ത്രീകളെയും കുട്ടികളെയും അടക്കം ബലം പ്രയോഗിച്ച് മാറ്റിയുള്ള സർവ്വേ വലിയ പ്രക്ഷോഭത്തിലേക്ക് മാറുമ്പോഴൊക്കെ പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും ചോദിച്ചത് കേന്ദ്രാനുമതി കിട്ടിയിട്ട് പോരെ ഇതെല്ലാം എന്നായിരുന്നു. ഇപ്പോഴിതാ വീണ്ടും സാമൂഹിക ആഘാത പഠനം തുടരാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

സിൽവർ ലൈനിന് കല്ലിട്ട സ്ഥലത്തിന് ബാങ്ക് വായ്‌പ നിഷേധിച്ചു; വിദേശ പഠനം മുടങ്ങി അൻവിന്‍

സില്‍വര്‍ ലൈൻ പദ്ധതിക്ക് കുറ്റിയടിച്ച സ്ഥലത്തിന് ബാങ്ക് വായ്പ്പ നിഷേധിക്കപെട്ടതോടെ എറണാകുളം നടുവന്നൂരിലെ അൻവിന്‍റെ വിദേശ പഠനമെന്ന ആഗ്രഹം മുടങ്ങി. കാനഡയിലെ പഠനത്തിന് പണം കണ്ടെത്താൻ സമീപിച്ച മൂന്ന് ബാങ്കുകളും കെ റെയില്‍ കുറ്റിയുടെ പേരിലാണ് അൻവിന് വായ്പ നിഷേധിച്ചത്.

സില്‍വര്‍ ലൈൻ പദ്ധതിക്ക് കുറ്റിയടിച്ച ശേഷം സാമ്പത്തിക അത്യാവശ്യത്തിന് ബാങ്ക് വായ്പയെടുക്കാൻ ശ്രമിക്കുന്ന എല്ലാവരുടേയും ഗതികേടാണിത്. കെ റെയില്‍ കുറ്റിയടിച്ച ഭൂമിയുടെ ഈടില്‍ വായ്പ്പ നല്‍കാനാവില്ലെന്നാണ് എസ്ബിഐ നിലപാട്. ജപ്തി ചെയ്യാവുന്ന ഭൂമിയുടെ ഈടില്‍ മാത്രമേ വായ്പ അനുവദിക്കാവൂ എന്നാണ് ബാങ്ക് വ്യവസ്ഥയെന്നും എസ്ബിഐ നെടുമ്പാശ്ശേരി ശാഖാ മാനേജര്‍ വിശദീകരിച്ചു.

കോട്ടയം മാടപ്പളളിയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയതിന്‍റെ പേരില്‍ വീട്ടമ്മയുടെ പുരയിടത്തില്‍ കൃഷിയിറക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി നേരത്തെ ഉയര്‍ന്നിരുന്നു. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പരുക്കേറ്റ റോസ്‌ലിൻ ഫിലിപ്പ് എന്ന വീട്ടമ്മയുടെ പുരയിടത്തില്‍ കൈതച്ചക്ക കൃഷി തടയാന്‍ നാട്ടുകാരില്‍ ചിലര്‍ ആസൂത്രിതമായി എതിര്‍പ്പുന്നയിച്ചെന്നാണ് ആരോപണം.

Also Read: കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തു,സ്വന്തം പുരയിടത്തിൽ കൃഷി ഇറക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി

Follow Us:
Download App:
  • android
  • ios