കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയ മുക്കം പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ റഷീദ് കര്‍ണാടകയിലെ മൈസൂരുവിലുണ്ടെന്ന് സൂചന
കോഴിക്കോട്: കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയ മുക്കം പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ റഷീദ് കര്‍ണാടകയിലെ മൈസൂരുവിലുണ്ടെന്ന് സൂചന. ഇന്ന് ഇദ്ദേഹം ഫോണില്‍ ബന്ധുക്കളെ വിളിച്ചതായാണ് ലഭിക്കുന്ന വിവരം. ഇതേ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന ബാലുശ്ശേരി പോലീസ് ഉദ്യോഗസ്ഥര്‍ ഇവിടേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.
രാവിലെ പതിവുപോലെ ബാലുശ്ശേരി പൂനത്തുള്ള വീട്ടില്‍ നിന്നും ഇറങ്ങിയ റഷീദ്, മകളെ ബാലുശ്ശേരി ബസ് സ്റ്റാന്‍റില്‍ ഇറക്കിയ ശേഷം ഡ്യൂട്ടിക്കായി സ്റ്റേഷനിലേക്ക് തിരിച്ചു. എന്നാല്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ വീട്ടില്‍ തിരികെ എത്തുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് കുടുംബം നടത്തിയ അന്വേഷണത്തിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ബാലുശ്ശേരി പോലീസ് നടത്തിയ പരിശോധനയില്‍, റഷീദ് സഞ്ചരിച്ചിരുന്ന വാഹനം താമരശ്ശേരിയില്‍ കണ്ടെത്തിയിരുന്നു. ഇവിടെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം അദ്ദേഹം വയനാട് ഭാഗത്തേക്കുള്ള ബസ്സില്‍ കയറിപ്പോയതായും സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ വിളിച്ചതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കും വിരാമമായിരിക്കുകയാണ്.



