എൽഡിഎഫ് സ്ഥാനാർത്ഥി വി മുരുഗദാസ് 282 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ മുരുകദാസിന്റെ അപരന് 1155 വോട്ടാണ് നേടിയത്. ചിഹ്നം തിരിച്ചടിയായെന്നാണ് എൽഡിഎഫിന്‍റെ വിലയിരുത്തൽ.
പാലക്കാട്: ചിറ്റൂരിൽ എൽഡിഎഫിന് തലവേദനയായി അപരൻ. എൽഡിഎഫ് സ്ഥാനാർത്ഥി വി മുരുഗദാസ് 282 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ മുരുകദാസിന്റെ അപരന് 1155 വോട്ടാണ് നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി മുരുകദാസിൻ്റെ ചിഹ്നം മോതിരവും അപരന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മാലയുമായിരുന്നു. ചിഹ്നം തിരിച്ചടിയായെന്നാണ് എൽഡിഎഫിന്‍റെ വിലയിരുത്തൽ.
പാലക്കാട് ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ അതിശക്തമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാറുള്ള മണ്ഡലങ്ങളിലൊന്നാണ് ചിറ്റൂർ. തമിഴ്നാട് അതിർത്തിയോട് ചേർന്നുനിൽക്കുന്ന ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ ജനതാദളും (ജെ.ഡി.എസ്) കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. മണ്ഡത്തിൽ ബിജെപി നിർണായക ശക്തിയല്ല. ഇവിടെ കഴിഞ്ഞ രണ്ട് തവണയായി ജെ.ഡി.എസിന്റെ കെ കൃഷ്ണൻകുട്ടിയാണ് വിജയിക്കുന്നത്. അതിനാൽ തന്നെ എന്ത് വില കൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലായിരുന്നു യുഡിഎഫ് ക്യാമ്പ്.
ചിറ്റൂർ മണ്ഡലത്തിലെ കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാൽ യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നതെന്ന് കാണാം. കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യ മൂന്ന് തവണ (2001, 2006, 2011) കോൺഗ്രസിന് വേണ്ടി കെ അച്യുതനും അവസാന രണ്ട് തവണ (2016, 2021) നിലവിലെ മന്ത്രി കൂടിയായ കെ കൃഷ്ണൻകുട്ടിയുമാണ് ചിറ്റൂരിനെ പ്രതിനിധീകരിച്ചത്. ഇത്തവണ കെ കൃഷ്ണൻകുട്ടിയ്ക്ക് പകരം മുരുഗദാസാണ് കളത്തിലിറങ്ങുന്നത്. യുഡിഎഫ് സുമേഷ് അച്യുതനെ വീണ്ടും പരീക്ഷിക്കുകയാണ്. പ്രണേഷ് രാജേന്ദ്രനാണ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥി.






