ഐക്യ കേരളം രൂപപ്പെട്ടതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും നിറസാന്നിധ്യമായിരുന്ന വി എസ് അച്യുതാനന്ദനും കെ ആര്‍ ഗൗരിയമ്മയുമില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. 1957-ലെ പ്രഥമ നിയമസഭ മുതൽ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഈ രണ്ട് അതികായരുടെയും രാഷ്ട്രീയ ജീവിതവും സംഭാവനകളും ലേഖനം ഓർമ്മിക്കുന്നു.
തിരുവനന്തപുരം: ഐക്യ കേരളം രൂപപ്പെട്ടതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളും മുഖാമുഖം കണ്ട രണ്ട് പേര്‍! വി എസ് അച്യുതാനന്ദന്‍, കെആര്‍ ഗൗരിയമ്മ. ഈ രണ്ട് രാഷ്‌ട്രീയ അതികായരില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പിനാണ് കേരളം ഒരുങ്ങിയിരിക്കുന്നത്. എങ്കിലും, കേരളം കാതോര്‍ത്തിരുന്ന കെ ആര്‍ ഗൗരിയമ്മ, വി എസ് കാലം മറവിയിലേക്ക് മറയില്ല.
ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ ഗൗരിയമ്മ
കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957-ല്‍ പ്രഥമ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്തരായ നേതാക്കളായിരുന്നു കെ ആര്‍ ഗൗരിയമ്മയും വി എസ് അച്യുതാനന്ദനും. എന്നാല്‍, അന്നേ ദേശീയ ശ്രദ്ധ നേടി ഗൗരിയമ്മ. ഇഎംഎസിന്‍റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ഗൗരിയമ്മ റവന്യൂ, എക്‌സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. ചേർത്തല മണ്ഡലത്തിൽ നിന്നായിരുന്നു ഗൗരിയമ്മയുടെ ആ വിജയം. 1960, 1965, 1967, 1970, 1980, 1982, 1987, 1991, 1996, 2001 വര്‍ഷങ്ങളിലും ഗൗരിയമ്മ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്‌തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന (16,874 ദിവസം) വനിതയെന്ന റെക്കോര്‍ഡ് കെ ആര്‍ ഗൗരിയമ്മ സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തു. 1957ന് ശേഷം 1967, 1980, 1987, 2001, 2004 വര്‍ഷങ്ങളിലും കെ ആര്‍ ഗൗരിയമ്മയെ തേടി മന്ത്രിസ്ഥാനമെത്തി. 5824 ദിവസം കാബിനറ്റ് വകുപ്പ് മന്ത്രിയായും ഇരുക്കുവനിതയായ ഗൗരിയമ്മ റെക്കോര്‍ഡിട്ടു.
ഗൗരി ഗരിമ
1994-ല്‍ സിപിഎമ്മില്‍ നിന്ന് കെ ആര്‍ ഗൗരിയമ്മയെ പുറത്താക്കിയതും ജെഎസ്എസ് രൂപീകരിക്കുന്നതും കേരളം കണ്ടു. ഉറച്ച കമ്മ്യൂണിസ്റ്റായിരുന്ന ഗൗരിയമ്മയുടെ ജെഎസ്എസ് പിന്നാലെ യുഡിഎഫ് ഘടകകക്ഷി അംഗമായി. അങ്ങനെ കെ ആര്‍ ഗൗരിയമ്മയ്ക്ക് ഇടത് മുന്നണിക്ക് പുറമെ ഐക്യ ജനാധിപത്യ മുന്നണിയിലും മന്ത്രിസ്ഥാനം വഹിക്കാനായി. ആകെ 12 നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഗൗരിയമ്മ ആകെ 8 തവണ വിജയിക്കുകയും നാല് തവണ പരാജയപ്പെടുകയും ചെയ്‌തു. 2021 മെയ് 11-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് 102-ാം വയസിലായിരുന്നു കെ ആര്‍ ഗൗരിയമ്മയുടെ വിടവാങ്ങല്‍. ഗൗരിയമ്മ എന്ന അതികായിക ഇല്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
വി എസ്; ആ രണ്ടക്ഷരമില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പ്
കേരളത്തിന്‍റെ രാഷ്‌ട്രീയ ചരിത്രത്തിനൊപ്പം നടന്ന രണ്ടക്ഷരമാണ് വി എസ്. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് ഇല്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. വി എസ് 2011, 2016 വര്‍ഷങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണത്തിന്‍റെ കപ്പിത്താനായിരുന്നു. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് അനാരോഗ്യം മൂലം അദേഹം മാറിനിന്നു. 2025 ജൂലൈ 21-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വി എസ് അച്യുതാനന്ദന്‍ എന്ന വിപ്ലവ നക്ഷത്രം 101-ാം വയസില്‍ വിടപറയുകയായിരുന്നു.
'കണ്ണേ കരളേ വിഎസ്സേ'...
പുന്നപ്ര-വയലാര്‍ സമരനായകനായ വി എസ് അച്യുതാനന്ദന്‍റെ നീട്ടിപറഞ്ഞ്, കുറിക്കുകൊള്ളുന്ന പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കേരളം തടിച്ചുകൂടിയ തെരഞ്ഞെടുപ്പ് കാലം മലയാളി മറക്കില്ല. സിപിഎം-എല്‍ഡിഎഫ് അണികളോ സഹയാത്രികരോ മാത്രമല്ല, എതിരാളികള്‍ പോലും വി എസ് എന്ത് പറയും പ്രചാരണരംഗത്ത് എന്ന് കാതോര്‍ത്തിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളില്‍ വി എസ് കേരള രാഷ്‌ട്രീയത്തില്‍ കൊടുങ്കാറ്റ് സൃഷ്‌ടിച്ചു. 82-ാം വയസിലാണ് വിഎസ് മുഖ്യമന്ത്രി പദവിയിലെത്തിയത്. 1965-ല്‍ തന്‍റെ ആദ്യ നിയമസഭ അങ്കത്തില്‍ തോറ്റാണ് വി എസ് തുടങ്ങിയത്. എന്നാല്‍ 1967, 1970, 1991, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ വി എസ് എംഎല്‍എയായി. 1996-ല്‍ മാരാരിക്കുളത്തെ വി എസിന്‍റെ തോല്‍വിയും ഒരു ചരിത്രമാണ്. 2006-ൽ വി എസിന് പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ അത് തിരുത്തിച്ച ജനവികാരത്തിലുണ്ട് വിഎസ് എത്രത്തോളം കേരളത്തിന്‍റെ രാഷ്‌ട്രീയ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നെന്ന്. കണ്ണേ കരളേ വിഎസ്സേ എന്ന മുദ്രാവാക്യം മലയാളി എങ്ങനെ മറക്കും.



