മഞ്ചേശ്വരത്ത് യുഡിഎഫും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടം നടക്കുമ്പോൾ, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ പ്രമുഖ മുന്നണികൾ വിജയപ്രതീക്ഷയിലാണ്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന, മഞ്ചേശ്വരം മണ്ഡലം ഉൾപ്പെടുന്ന ജില്ലയാണ് കാസർകോട്. മഞ്ചേശ്വരം, ഉദുമ, കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിങ്ങനെ ആകെ 5 മണ്ഡലങ്ങളാണ് കാസർകോട് ജില്ലയിലുള്ളത്. ഇതിൽ മഞ്ചേശ്വരത്തേയ്ക്ക് തന്നെയാണ് എല്ലാ കണ്ണുകളും.
ഇത്തവണ സുരേന്ദ്രൻ പിടിക്കുമോ മഞ്ചേശ്വരം?
മഞ്ചേശ്വരം മണ്ഡലത്തിൽ സമീപകാലത്ത് പതുവേ യുഡിഎഫും ബിജെപിയും തമ്മിലാണ് കടുത്ത മത്സരം നടക്കാറുള്ളത്. ഇത്തവണയും ഈ സാഹചര്യത്തിൽ മാറ്റമില്ലെന്ന് നിസംശയം പറയാം. കെ സുരേന്ദ്രനാണ് വീണ്ടും ബിജെപിയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. യുഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎൽഎയായ എ കെ എം അഷ്റഫാണ് മത്സര രംഗത്തുള്ളത്. കെ സുരേന്ദ്രനും എ കെ എം അഷ്റഫും തമ്മിലാണ് പ്രധാന മത്സരം നടക്കുക എന്ന് ഉറപ്പായിക്കഴിഞ്ഞു. അതേസമയം, ജയാനന്ദ് ധാരാളം ഹിന്ദു വോട്ടുകൾ അടക്കം പിടിക്കാനുള്ള ഒരു സാധ്യതയും മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്. ഇത്തവണയും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തന്നെ പിന്തള്ളപ്പെടാനാണ് സാധ്യത. 13,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എ കെ എം അഷ്റഫ് പറയുന്നത്. എന്നാൽ, പിഡിപിയും എസ്ഡിപിഐയും യുഡിഫിന് പിന്തുണ കൊടുക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. പിഡിപി നേരത്തെ തന്നെ അത് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുമുണ്ട്. എസ്ഡിപിഐ പരസ്യമായി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെ എസ്ഡിപി മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. കെ എം അഷ്റഫായിരുന്നു എസ്ഡിപിഐ സ്ഥാനാർത്ഥി. പക്ഷേ, പിന്നീട് വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടാവുകയും യുഡിഎഫ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും മുസ്ലിം സംഘടനകളും ഇടപെടുകയും ചെയ്തതിനെ തുടർന്ന് എസ്ഡിപിഐ അവരുടെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന അവസ്ഥ വന്നു. എന്നാൽ, സ്ഥാനാർത്ഥിയെ പിൻവലിച്ചെങ്കിലും യുഡിഎഫിന് പിന്തുണ കൊടുക്കുമെന്ന് അവർ പരസ്യമായിട്ട് പ്രഖ്യാപിച്ചിട്ടില്ല. പിന്തുണ കൊടുക്കാൻ പാർട്ടി പറഞ്ഞാൽ പോലും ഒരു വിഭാഗം എസ്ഡിപിഐക്കാർ എ കെ എം അഷ്റഫിന് വോട്ട് ചെയ്യില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്. എന്നാലും മഞ്ചേശ്വരത്ത് കടുത്ത മത്സരം തന്നെ നടക്കുന്നുണ്ട്. വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുകൂട്ടരും ഉള്ളത്. എന്നിരുന്നാലും, സാധ്യത എ കെ എം അഷ്റഫിന് തന്നെയാണെന്ന് പറയേണ്ടി വരും.
കഴിഞ്ഞ തവണ 745 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എ കെ എം അഷ്റഫിന് ലഭിച്ചത്. ഇത്തവണ ഭൂരിപക്ഷം അതിൽ കൂടുമോ അതോ കുറയുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടുകൾ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒരു മണ്ഡലമാണ് മഞ്ചേശ്വരം. എസ്ഐആറിൽ ധാരാളം വോട്ടുകൾ ബിജെപിയുടെത് തള്ളപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് കർണാടകയിലുള്ള വോട്ടുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. കണക്കുകൾ പരിശോധിച്ചാൽ മണ്ഡലത്തിൽ ഭൂരിപക്ഷം മുസ്ലിം വോട്ടുകളാണ് എന്നുള്ളതാണ് യുഡിഎഫിന് ആശ്വാസമാകുന്ന ഘടകം.
ലീഗിന്റെ കാസർകോട് കോട്ട ഇളകുമോ?
കാലങ്ങളായി യുഡിഎഫിന്റെ കയ്യിലുള്ള മണ്ഡലമാണ് കാസർകോട്. കല്ലട്ര മായിൻ ഹാജിയാണ് ഇവിടെ യുഡിഎഫിന്റെ സ്ഥാനാർത്ഥി. അശ്വിനിയാണ് ബിജെപി സ്ഥാനാർത്ഥി. ഇവിടെയും രണ്ടാം സ്ഥാനത്ത് മിക്കവാറും ബിജെപി എൻഡിഎ തന്നെയാണ് വരാറുള്ളത്. എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷാനവാസ് പാദൂരാണ് മത്സര രംഗത്തുള്ളത്. ഷാനവാസ് പാദൂർ എത്തിയതിന് ശേഷം മണ്ഡലത്തിലാകെ ഒരു ഓളം ഉണ്ടാക്കിയിട്ടുണ്ടെന്ന് തന്നെ പറയാം. കുറച്ചുകൂടി വോട്ടുകൾ കിട്ടുമെന്നുള്ള പ്രതീക്ഷ ഷാനവാസ് പാദൂരിനുണ്ട്. പ്രത്യേകിച്ച് കൂടുതൽ കുടുംബ ബന്ധങ്ങളൊക്കെ ഇവിടെയുള്ള ഒരാളാണ് അദ്ദേഹം. മാത്രമല്ല നേരത്തെ കോൺഗ്രസിലായിരുന്ന ഷാനവാസ് പാദൂർ പിന്നീട് ഇടതുപക്ഷത്തേക്ക് മാറുകയായിരുന്നു.
കാലങ്ങളായി യുഡിഎഫിനോട് മാത്രം, പ്രത്യേകിച്ച് മുസ്ലീം ലീഗിനോട് ചായ്വുള്ള മണ്ഡലമാണ് കാസർകോട്. ഇത്തവണയും യുഡിഎഫിന് തന്നെയാണ് വിജയ സാധ്യത. ചിലപ്പോൾ ഭൂരിപക്ഷം കുറഞ്ഞേക്കാൻ സാധ്യതയുണ്ട്. രണ്ടാം സ്ഥാനത്ത് ബിജെപിയാകും എത്തുക. ഷാനവാസ് പാദൂർ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടേക്കും. ബിജെപി വോട്ടുകൾ കുറച്ചുകൊണ്ട് രണ്ടാം സ്ഥാനത്ത് എത്താനാകും എൽഡിഎഫിന്റെ ശ്രമം. അത്തരത്തിൽ ഒരു മാറ്റം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഉദുമയിലെ ഇടതിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാൻ യുഡിഎഫ്
ഉദുമയിൽ സിറ്റിംഗ് എംഎൽഎയായ സി.എച്ച് കുഞ്ഞമ്പു ആണ് ഇത്തവണയും എൽഡിഎഫിന്റെ സ്ഥാനാർത്ഥി. ജനകീയനായ എംഎൽഎ എന്ന് അറിയപ്പെടുന്ന ആളാണ് സി.എച്ച് കുഞ്ഞമ്പു. നീലകണ്ഠനാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. നിലവിലെ സാഹചര്യത്തിൽ കാസർകോട് മണ്ഡലത്തിൽ നല്ല മത്സരം തന്നെ നടക്കുന്നുണ്ടെന്ന് പറയാം. യുഡിഎഫിന് മഞ്ചേശ്വരവും കാസർകോടും കഴിഞ്ഞാൽ കൂടുതൽ പ്രതീക്ഷയുള്ള ഒരു മണ്ഡലമാണ് ഉദുമ. എന്നാൽ, യുഡിഎഫ് വിജയിക്കാനുള്ള സാധ്യത കുറവാണ്. പ്രത്യേകിച്ച് കുഞ്ഞമ്പുവിന് വലിയ രീതിയിലുള്ള ജനകീയതയുണ്ട്. ആ രീതിയിൽ നല്ല വോട്ടുകൾ വീഴുമെന്നുള്ള പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. മറുഭാഗത്ത്, സി.എച്ച് കുഞ്ഞമ്പുവിനെതിരെ നേരത്തെ ബേക്കൽ ബീച്ച് ഫെസ്റ്റുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളൊക്കെ വന്നിരുന്നു. സിപിഎമ്മിൽ തന്നെ ചിലർക്ക് ഈ അരോപണങ്ങളിൽ അതിർത്തിയുണ്ടെന്നും ഇതുവഴി വോട്ടുകൾ മറിയുമെന്നുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന് വോട്ട് ഷെയറുണ്ടെങ്കിലും കാസർകോട് മണ്ഡലത്തിൽ കുഞ്ഞമ്പു തന്നെ ജയിക്കാനാണ് സാധ്യത.
എൽഡിഎഫിന്റെ കോട്ടയായ കാഞ്ഞങ്ങാട്
എൽഡിഎഫിന്റെ കോട്ടയാണ് കാഞ്ഞങ്ങാട്. കാലങ്ങളായി എൽഡിഎഫ് ഭരിക്കുന്ന മണ്ഡലമാണിത്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഏറ്റവും എളുപ്പത്തിൽ വിജയിക്കാൻ സാധ്യതയുള്ള ഒരു മണ്ഡലമായാണ് കാഞ്ഞങ്ങാട് വിലയിരുത്തപ്പെടുന്നത്. ഗോവിന്ദൻ പള്ളിക്കാപ്പിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഐയുടെ സീറ്റാണിത്. മറ്റ് രണ്ട് സ്ഥാനാർത്ഥികളും അത്ര പ്രബലരായ സ്ഥാനാർത്ഥികളല്ലാത്തതിനാൽ വളരെ എളുപ്പത്തിൽ ജയിച്ചു കയറാൻ പറ്റുമെന്നുള്ള പ്രതീക്ഷയിലാണ് എൽഡിഎഫ്. ഷൈജി ഓട്ടപ്പള്ളിയാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. കേരള കോൺഗ്രസിന്റെ സീറ്റാണിത്. നേരത്തെ കേരള കോൺഗ്രസ് തൃക്കരിപൂരിലാണ് കാലങ്ങളായി ഉണ്ടായിരുന്നത്. അത് മാറ്റി കാഞ്ഞങ്ങാടും തൃക്കരിപൂരും തമ്മിൽ പരസ്പരം വെച്ച് മാറുകയായിരുന്നു. ബൽരാജാണ് ബിജെപി സ്ഥാനാർത്ഥി. മണ്ഡലത്തിൽ അത്ര വലിയ മത്സരം നടന്നേക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, ആരെയും നിസാരമായി കാണുന്നില്ലെന്നാണ് സിപിഎം പറയുന്നത്.
തൃക്കരിപ്പൂരിൽ വി പി പി മുസ്തഫ vs സന്ദീപ് വാര്യർ
എൽഡിഎഫിന്റെ ഉറച്ച മണ്ഡലമാണ് തൃക്കരിപ്പൂർ. വി പി പി മുസ്തഫയാണ് ഇവിടെ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരും ഉണ്ട്. സന്ദീപ് വാര്യർ വരുന്നതു വരെ വളരെ എളുപ്പത്തിൽ അഥവാ ഒരു ഈസി വാക്ക് ഓവർ ആയിരുന്നു വി പി പി മുസ്തഫ സ്വപ്നം കണ്ടിരുന്നത്. പക്ഷേ, സന്ദീപ് വാര്യർ വന്നതോടുകൂടി യുഡിഎഫ് ക്യാമ്പിൽ ആവേശം ഉണ്ടായിട്ടുണ്ട്. പ്രചാരണ പരിപാടികളിലെല്ലാം വലിയ രീതിയിലുള്ള ആവേശം കാണുന്നുമുണ്ട്. പ്രത്യേകിച്ച് ലീഗിന്റെ അണികൾ വലിയ ആവേശത്തിലാണ് ഈ പ്രചാരണ പരിപാടികളിലെല്ലാം പങ്കെടുക്കുന്നത്. എന്നാൽ, സന്ദീപ് വാര്യർക്ക് ജയിച്ചു കയറാൻ പറ്റുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. എൽഡിഎഫിന് വലിയ ഭൂരിപക്ഷം കിട്ടുന്ന മണ്ഡലമാണിത്. സന്ദീപ് വാര്യർ കുറച്ച് വോട്ട് പിടിക്കുമെന്നാണ് വിലയിരുത്തൽ. ചിലപ്പോൾ ഭൂരിപക്ഷം കുറയും എന്നാണ് നിലവിലെ സാഹചര്യം.
രവി കുളങ്ങരയാണ് ബിജെപി എൻഡിഎയുടെ സ്ഥാനാർത്ഥി. രവി കുളങ്ങര ട്വന്റി-20 സ്ഥാനാർത്ഥിയാണ്. ബിജെപിയ്ക്ക് മണ്ഡലത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയണമെന്നില്ല. സ്വാഭാവികമായി എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയാണ് ഇവിടെ മത്സരം നടക്കുന്നത്. എന്നാൽ, സന്ദീപ് വാര്യർ വന്നതോടു കൂടിയാണ് മണ്ഡലത്തിൽ സാധ്യതയുണ്ടെന്ന് യുഡിഎഫ് പോലും ചിന്തിക്കാൻ തുടങ്ങിയത്. ജയിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഉദുമ കഴിഞ്ഞാൽ എന്തെങ്കിലും സാധ്യതയുള്ള ഒരു മണ്ഡലമായിട്ടാണ് തൃക്കരിപ്പൂരിനെ യുഡിഎഫ് ക്യാമ്പ് കാണുന്നത്. നിലവിൽ കടുത്ത നല്ല മത്സരം തന്നെ ഇവിടെ നടക്കുന്നുണ്ട്. പ്രത്യേകിച്ച് തീരദേശ മേഖലയിലാണ് യുഡിഎഫിന് സ്വാധീനമുള്ളത്. അവിടെ വലിയ രീതിയിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മലയോര മേഖലയിൽ എൽഡിഎഫിനും സ്വാധീനമുണ്ട്.

