കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ പത്ത് വർഷമായി ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണെന്ന് നടൻ പ്രകാശ് രാജ്. ധർമ്മടത്ത് നടന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ, വർഗീയതയ്‌ക്കെതിരെ നിലപാടെടുക്കുന്ന, ബിജെപിയെ ഭയക്കാത്ത മുഖ്യമന്ത്രിമാരെയാണ് നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു

കണ്ണൂർ: കഴിഞ്ഞ പത്ത് വർഷമായി ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. വർഗീയതയ്‌ക്കെതിരെ നിലപാട് എടുക്കുന്ന നേതാക്കളെയാണ് നാടിന് ആവശ്യം. ധർമ്മടത്ത് തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരാണ് വർഗീയതയ്ക്ക് എതിരെ കർശന നിലപാട് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയെ ഭയക്കാത്ത മുഖ്യമന്ത്രിമാരെയാണ് വേണ്ടത്. അടുത്ത അഞ്ചു വർഷവും പിണറായിയെ ഈ കസേരയിൽ തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിൽ നടത്തിയ - മുഖ്യമന്ത്രിക്ക് സാംസ്കാരിക കേരളത്തിൻ്റെ ആദരം - പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. എഴുത്തുകാരായ ടി പദ്‌മനാഭനും പരിപാടിയിൽ മുഖ്യമന്ത്രിയെ പ്രകീർത്തിച്ചാണ് സംസാരിച്ചത്. ധർമടം മണ്ഡലത്തിലായിരുന്നു തന്റെ വോട്ടെങ്കിൽ താനത് പിണറായി വിജയന് നൽകിയേനെ എന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ആശംസകൾ നേർന്ന് വാദ്യ കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, നടി റിമ കല്ലിങ്കൽ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.