മഴക്കാലത്തെ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, റോഡുകളുടെ തകർച്ച, വന്യജീവി ശല്യം, കൃഷിനാശം, നഷ്ടപരിഹാരം ലഭിക്കുന്നതിലെ കാലതാമസം എന്നിവ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുന്ന റാന്നി നിയമസഭാ മണ്ഡലം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ്. അതിജീവനത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നാണ് റാന്നിയിൽ രാഷ്ട്രീയം രൂപപ്പെടുന്നത്. രാഷ്ട്രീയമായി ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള മണ്ഡലമാണ് റാന്നി. മഴക്കാലത്തെ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, റോഡുകളുടെ തകർച്ച, വന്യജീവി ശല്യം, കൃഷിനാശം, നഷ്ടപരിഹാരം ലഭിക്കുന്നതിലെ കാലതാമസം എന്നിവ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
യുഡിഎഫിന്‍റെ ഭാഗമായിരുന്ന കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് ചേക്കേറിയതും അതുമൂലം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചതും കണ്ട തെരഞ്ഞെടുപ്പായിരുന്നു 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പ്രമോദ് നാരായണൻ ഏകദേശം 52,700 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി റിങ്കു ചെറിയാന് 51,400 വോട്ടുകളാണ് ലഭിച്ചത്. വെറും 1,300 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് മണ്ഡലം നിലനിർത്തിയത്.
രണ്ടാമതും പ്രമോദ് നാരായണിനെ തുണയ്ക്കുമോ റാന്നി?
റാന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം)ലെ പ്രമോദ് നാരായണ്‍ രണ്ടാം ജയത്തിനായി ഇറങ്ങുമ്പോള്‍, കെപിസിസി സെക്രട്ടറി പഴകുളം മധുവിനെയാണ് യുഡിഎഫ് മത്സരഗോദയില്‍ ഇറക്കിയിരിക്കുന്നത്. ട്വന്റി 20 സ്ഥാനാര്‍ഥി തോമസ് കെ. സാമുവല്‍ ആണ് റാന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. സിപിഐഎം - ആര്‍എസ്എസ് ഡീല്‍ ആരോപിക്കപ്പെടുന്ന മറ്റൊരു മണ്ഡലമാണ് റാന്നി.
1996 മുതല്‍ ഇടതുപക്ഷത്തിനൊപ്പം മാത്രം നില്‍ക്കുന്ന മണ്ഡലത്തിൽ 2016 വരെ അഞ്ച് തവണ രാജു എബ്രഹാം തന്നെയായിരുന്നു നിയമസഭയില്‍ എത്തിയത്. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ചിരുന്ന ചില വിഭാഗങ്ങൾ ഇടതുപക്ഷത്തിന്റെ ഭരണമികവിലും വികസന പ്രവർത്തനങ്ങളിലും ആകൃഷ്ടരായി മാറുന്ന പ്രവണതയാണ് കാണുന്നത്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് പ്രചാരണരംഗത്തെ എൽഡിഎഫ് മുന്നേറ്റം. വനിതകളും വിദ്യാർഥികളും യുവജനങ്ങളും കർഷക തൊഴിലാളികളുമൊക്കെ അടങ്ങിയ സ്‌ക്വാഡുകൾ വീടുവീടാന്തരം കയറി സജീവമായി രംഗത്തുണ്ട്. ശബരിമല ഉൾപ്പെട്ട റാന്നി മണ്ഡലത്തില്‍ 'പോറ്റിയേ കേറ്റിയേ' പാരഡി പാട്ട് പാടിയാണ് യുഡിഎഫ് സ്ഥാനാർഥി പഴകുളം മധു പ്രചാരണം നടത്തുന്നത്. അയ്യപ്പന്‍റെ മണ്ണിനെ ചതിച്ചവരെ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജയിച്ചാൽ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സ്ത്രീകൾക്കെതിരെയുള്ള കള്ളക്കേസുകൾ ഒഴിവാക്കുമെന്നും പഴകുളം മധു പറഞ്ഞു. അതേസമയം മണ്ഡലത്തിലുൾപ്പെടെ ശബരിമല വിഷയം തിരിച്ചടിയാകില്ലെന്നാണ് എൽഡിഎഫിന്‍റെ വാദം. കൂടാതെ കഴിഞ്ഞ അഞ്ച് വർഷം എൽഡിഎഫ് സർക്കാർ അനുവദിച്ച വികസനപദ്ധതികള്‍ റാന്നിയിലെ ജനങ്ങൾ നന്ദിപൂർവം സ്‌മരിക്കുമെന്നാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. വികസനം പറഞ്ഞാണ് എൻഡിഎ സ്ഥാനാർഥി തോമസ് കെ സാമുവേൽ വോട്ട് ചോദിക്കുന്നത്.
