പാലക്കാട് ജില്ലയിലെ 12 നിയമസഭ മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ ത്രികോണ മത്സരവും തൃത്താല, ചിറ്റൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടവും നടക്കുമ്പോൾ, നിലവിലെ 10 സീറ്റുകൾ നിലനിർത്താൻ എൽഡിഎഫും അട്ടിമറി വിജയം നേടാൻ യുഡിഎഫും ശ്രമിക്കുന്നു. ബിജെപിയും പാലക്കാടും മലമ്പുഴയിലും വിജയപ്രതീക്ഷയിലാണ്.
പാലക്കാട് ജില്ലയിലെ 12 നിയമസഭ മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ പോരാട്ടം തന്നെ നടക്കും. നിലവിൽ 10 സീറ്റുകൾ എൽഡിഎഫിനും 2 സീറ്റുകൾ യുഡിഎഫിനുമാണുള്ളത്. എന്നാൽ ഇത്തവണ വലിയ അഴിച്ചു പണികൾ മണ്ഡലങ്ങളിൽ ഉണ്ടാകുമെന്ന കണക്കു കൂട്ടലുകളിലാണ് മുന്നണികൾ.
പാലക്കാട്; ശക്തമായ ത്രികോണ മത്സരം
പാലക്കാട് മണ്ഡലത്തിൽ 2016 മുതൽ ബിജെപി രണ്ടാം സ്ഥാനത്താണ്. ബിജെപി കൃത്യമായി വോട്ട് വിഹിതം കൂട്ടി വരുന്നുണ്ട്. ഈ ഒരു പ്രതീക്ഷയിലാണ് ശോഭ സുരേന്ദ്രൻ മണ്ഡലത്തിൽ എൻഡിഎയ്ക്ക് വേണ്ടി മത്സരത്തിനിറങ്ങുന്നത്. തുടക്കത്തിൽ വലിയ മേൽക്കോയ്മ ശോഭ സുരേന്ദ്രന് മണ്ഡലത്തിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അങ്ങോട് രമേഷ് പിഷാരടി കളം പിടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തുടക്കത്തിൽ ഒരു കൊമേഡിയൻ, നടൻ എന്ന നിലയിൽ പരിഹസിക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ രാഷ്ട്രീയം പറഞ്ഞും എതിരാളികൾക്കും വിമർശനങ്ങൾക്കും കൃത്യമായ മറുപടി പറഞ്ഞും മണ്ഡലത്തിലെ പ്രചരണത്തിൽ മേൽക്കോയ്മ ഉണ്ടാക്കാൻ രമേഷ് പിഷാരടിക്ക് സാധിച്ചിട്ടുണ്ട്. 2016ലേയും 2021ലേയും തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷം മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ എൽഡിഎഫിന് വലിയ പ്രതീക്ഷയൊന്നും കാണാൻ സാധിക്കുന്നില്ലെങ്കിലും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് രണ്ടാം സ്ഥാനത്താണ്. വെറും 6000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ കണക്കിൽ എൽഡിഎഫ് വലിയ പ്രതീക്ഷ വെക്കുന്നുണ്ട്.
പിരായ്വി, മാത്തൂര് പോലുള്ള സ്ഥലങ്ങളിൽ മുസ്ലീം വോട്ടുകൾ ലഭിച്ചുവെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. അതിൻ്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷത്തിൽ നിന്നുള്ള സ്ഥാനാർഥിയെ എൽഡിഎഫ് തിരഞ്ഞെടുത്തത്. എൻഎംആർ റസാഖിന് ഒരു പോസിറ്റീവ് ഭാഗമുണ്ട്. അദ്ദേഹം വളരെ ജനകീയനാണ്. നഗരത്തിലെ ആളുകളുയി നല്ല ബന്ധം നിലനിർത്തി പോകുന്ന വ്യക്തിത്വമാണ്. മാത്രമല്ല പാലക്കാട്ടുകരനുമാണ്. സുന്നി, മുജാഹിദ്, റാവുത്തൽ വിഭാഗക്കാരാണ് പാലക്കാട് മണ്ഡലത്തിൽ കൂടുതലുള്ളത്. റാവുത്തർ വിഭാഗത്തിലുള്ളയാളാണ് എൻഎംആർ റസാഖ്. ഇത് ഗുണകരമാകും എന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.
അതേസമയം പരമാവധി മുസ്ലീം വോട്ടുകൾ എൻഎംആർ റസാഖിന് പോയാൽ, അത് കോൺഗ്രസിന് തിരിച്ചടിയാകും, അപ്പോൾ ബിജെപിയെ ജയിപ്പിക്കാനുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുന്നത് എന്ന ആരോപണമാണ് ഇപ്പോൾ കോൺഗ്രസ് ഉന്നയിക്കുന്നത്. ഷാഫി പറമ്പലിൻ്റെ നേതൃത്വത്തിൽ അത്തരത്തിലുള്ള പ്രചരണ നീക്കങ്ങൾ നടക്കുന്നുണ്ട്. കോൺഗ്രസ് വർഗീയ കാർഡ് ഇറക്കുകയാണ്, പിഷാരടിയെ തോൽപ്പിക്കുക എന്നതാണ് ഷാഫിയുടെ ലക്ഷ്യം, എങ്കിലേ അടുത്ത തവണ ഷാഫിക്ക് വീണ്ടും പാലക്കാട് മത്സരിക്കാൻ സാധിക്കൂ, എന്നാൽ മാത്രമേ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ സാധിക്കൂ എന്ന പ്രചപരണത്തിലൂടെയാണ് എൽഡിഎഫ് ഇതിന് മറുപടി നൽകുന്നത്.
ശക്തമായ പോരാട്ടമാണ് ഇപ്രാവശ്യം പാലക്കാട് നിയോജക മണ്ഡലത്തിൽ നടക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ, എൽഡിഎഫ് ചിത്രത്തിൽ ഇല്ലായിരുന്നെങ്കിൽ ഇത്തവണ വിജയിക്കുക എന്നതിനപ്പുറത്തേക്ക് നിർണായക ഘടകമായി മാറുന്നുണ്ട്. 2013 മുതൽ ഇങ്ങോട്ട് എൽഡിഎഫിന് ജയിക്കാൻ പറ്റിയിട്ടില്ല, എന്നാൽ മുമ്പൊക്കെ ജയിച്ചിട്ടുമുണ്ട്.
വലിയ തരത്തിലുള്ള വിവാദങ്ങളാണ് മണ്ഡലത്തിൽ തുടക്കം മുതൽ കാണാൻ സാധിച്ചത്. ലീഡ് ആരോപണത്തിൻ്റെ കേന്ദ്രബിന്ദു പാലക്കാട് ആയിരുന്നു, പിന്നീട് രമേഷ് പിഷാരടിയെ തടഞ്ഞുവെന്ന് ആരോപണം വന്നു, പിന്നാലെ കോൺഗ്രസ് മഹിളാ മോർച്ചയ്ക്കെതിരെ പരാതി കൊടുത്തു, മൂന്ന് പേർക്കെതിരെ കേസെടുക്കുന്ന സ്ഥിതി ഉണ്ടായി. എന്നാൽ സ്ത്രീവിരുദ്ധ പരാമർശം ഉണ്ടായി എന്ന തരത്തിൽ പിഷാരടിക്കെതിരെ മഹിളാമോർച്ച തിരിച്ചും ഒരു പരാതി നൽകി. ഈ വിവാദങ്ങളൊക്കെ ഉണ്ടാകുമ്പോഴും പിഷാരടി നല്ല രീതിയിൽ എല്ലാത്തിനും മറുപടി പറയുന്നു എന്നതാണ് അദ്ദേഹത്തിൻ്റെ വിജയം. ഇവിടെ യുഡിഎഫ് മണ്ഡലം നിലനിർത്തും എന്നുതന്നെയാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ ശോഭ സുരേന്ദ്രൻ കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പിലും ഉണ്ടാക്കിയ ഒരു കരിഷ്മ അത് വോട്ടായി മാറും, ശോഭ സുരേന്ദ്രന് അനുകൂലമായിട്ട് ഒരു നിശബ്ദ തരംഗമുണ്ട് എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
തൃത്താല; പോരാട്ടം ഇഞ്ചോടിഞ്ച്
തൃത്താലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. രണ്ട് ശക്തർ വീണ്ടും പോരാടുന്നു എന്ന പ്രത്യേകതയാണ് തൃത്താല നിയമസഭ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തവണ 3010 വോട്ടിമന്റെ ഭൂരിപക്ഷത്തിനാണ് എംബി രാജേഷ് വിജയിച്ചത്. കഴിഞ്ഞ തവണത്തെ പ്രത്യേകത കോൺഗ്രസിനകത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നുള്ളതാണ്. ഇത്തവണ അത് കുറേയൊക്കെ പരഹരിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. വികസനം പറഞ്ഞാണ് എംബി രാജേഷ് വോട്ട് ചോദിക്കുന്നത്, നല്ല റോഡ്, നല്ല വികസനം തുടങ്ങിയവ മണ്ഡലത്തിൽ എത്തിച്ചു എന്നാണ് രാജേഷ് പറയുന്നത്. ഇവിടെ നേർക്കുനേരെയുള്ള വിഗ്വാദങ്ങല്ല, ഫേസ്ബുക്കിലൂടെയുള്ള വെല്ലുവിളി, സംഭാഷത്തിന് ക്ഷണിക്കലൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്. പസ്പരം കണ്ടാൽ ഇവർ മിണ്ടുമോ എന്നുപോലും സംശയിക്കത്തക്ക വൈരാഗ്യം ഈ രണ്ട് സ്ഥാനാർഥികൾക്കുമുണ്ട് എന്നുതന്നെ മനസിലാക്കേണ്ടി വരും. ഈ തിരഞ്ഞെടുപ്പിൽ എന്തുസംഭവിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ് തൃത്താലയിലുള്ളത്. മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട്. എൽഡിഎഫിനെ ഒരിക്കലും കൈവിടില്ല എന്ന് വിചാരിച്ച മണ്ഡലം പോലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്നിട്ടുണ്ട്. ഇതാണ് യുഡിഎഫിൻ്റെ പ്രതീക്ഷ.
ഒറ്റപ്പാലം; പികെ ശശിയുടെ സാന്നിധ്യം
ഒറ്റപ്പാലം സിപിഎമ്മിൻ്റെ ഉറച്ച മണ്ഡലമാണ്. പികെ ശശിയുടെ വരവോടെയാണ് ഒറ്റപ്പാലവും ശ്രദ്ധാകേന്ദ്രമാകുന്നത്. ഒറ്റപ്പാലത്ത് യുഡിഎഫിനായി തെങ്ങിൻ തോപ്പ് ചിഹ്നത്തിലാണ് പികെ ശശി മത്സരിക്കുന്നത്. സിറ്റിങ് എംഎൽഎ കെ പ്രേംകുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. മേജർ രവിയാണ് എൻഡിഎ സ്ഥാനാർഥി. സിപിഎമ്മിലെ ഒരു അതൃപ്തരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന പികെ ശശിയുടെ സാന്നിധ്യം ഒറ്റപ്പാലം മാത്രമല്ല, കോങ്ങാട്, മണ്ണാർക്കാട്, ഷോർണൂർ, ചിറ്റൂരൊക്കെ വലിയ പ്രതീക്ഷ യുഡിഎഫിന് കൊടുക്കുന്നുണ്ട്. പികെ ശശി പരമാവധി ബിജെപി വോട്ട് കാശ് കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നുവെന്ന ആരോപണം സിപിഎം ഇവിടെ ഉന്നയിക്കുന്നുണ്ട്. ബിജെപിയുടെ മുൻ സ്ഥാനാർഥിയെ എറണാകുളത്തെ ഒരു ഏജൻസി വഴി 50 ലക്ഷം രൂപ കൊടുത്ത് ഒപ്പം നിർത്താൻ ശ്രമിച്ചു. അങ്ങിനെ വോട്ടുകൾ വാങ്ങാൻ ശ്രമിക്കുന്നുവെന്ന ആരോപണം സിപിഎം ഉന്നയിക്കുന്നുണ്ട്. ഒറ്റപ്പാലം മണ്ഡലത്തിൽ അതിശക്തമായ മത്സരമാണ് നടക്കുകയെങ്കിലും, എൽഡിഎഫിൻ്റെ ഭൂരിപക്ഷം കുറഞ്ഞാലും മണ്ഡലം എൽഡിഎഫ് തന്നെ നിലനിർത്താനാണ് സാധ്യത.
മലമ്പുഴ; വിഎസിൻ്റെ വിശ്വസ്തരുടെ പോരാട്ടം
മലമ്പുഴ സിപിഎമ്മിൻ്റെ ഉരുക്കു കോട്ടയാണ്. സിറ്റിങ് എംഎൽഎ എ പ്രഭാകരൻ എൽഡിഎഫിനുവേണ്ടി, വിഎസിൻ്റെ മുൻ പേഴ്സണൽ അസിസ്റ്റൻ്റ് എ സുരേഷ് കുമാർ യുഡിഎഫിനുവേണ്ടി, അങ്ങിൻ്റെ വിഎസിൻ്റെ രണ്ട് വിശ്വസ്തർ നേർക്കുനേർ മത്സരിക്കുന്നു. ആരാണ് കൂടുതൽ വിശ്വസ്തൻ എന്നുള്ള ചോദ്യങ്ങളൊക്കെയാണ് മണ്ഡലത്തിൽ ഉയർന്ന് വരുന്നത്. മലമ്പുഴ മണ്ഡലം ശ്രദ്ധേയമാകുന്നത് എ സുരേഷ് കുമാറിൻ്റെ വരവോടെയാണ്. എങ്കിലും വലിയ അത്ഭുതമൊന്നും സംഭവിക്കില്ല, എൽഡിഎഫ് തന്നെ മണ്ഡലം നിലനിർത്തും. രണ്ടാം സ്ഥാനം ആർക്കായിരിക്കും? സാധാരണയായി രണ്ടായിരം മുതൽ ഇങ്ങോട്ട് രണ്ടാം സ്ഥാനം ബിജെപിക്കാണ്. അതിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ജയം എന്നതിനപ്പുറത്തേക്ക് നില മെച്ചപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
ചിറ്റൂർ; യുവ നേതാക്കളുടെ പോരാട്ടം
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ എൽഡിഎഫിന്റെ ഉറച്ച കോട്ടയായാണ് ചിറ്റൂർ. നിലവിൽ സോഷ്യലിസ്റ്റ് ജനതാദളിന്റെ കൈവശമുള്ള ഈ സീറ്റിൽ, കഴിഞ്ഞ തവണ മന്ത്രി കെ കൃഷ്ണൻകുട്ടി 35,000 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചു കയറിയത്. എന്നാൽ ഇത്തവണത്തെ സാഹചര്യം ഏറെ വ്യത്യസ്തമാണ്. മന്ത്രി കൃഷ്ണൻകുട്ടിക്ക് പകരം ജനതാദളിന്റെ യുവനേതാവായ വി മുരുകദാസിനെയാണ് എൽഡിഎഫ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. പ്രദേശത്തെ ജനകീയ നേതാവായ മുരുകദാസിലൂടെ മണ്ഡലം നിലനിർത്താമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. മറുഭാഗത്ത് സുമേഷ് അച്യുതനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. മുൻ നഗരസഭാ ചെയർമാൻ എന്ന നിലയിലുള്ള പ്രവർത്തനപരിചയം സുമേഷിന് തുണയാകും. കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലത്തിൽ സജീവമായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുമേഷ് അച്യുതൻ, വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മണ്ഡല പര്യടനത്തിലും മറ്റ് പരിപാടികളിലും സുമേഷ് ഏറെ മുന്നിലാണ്. അദ്ദേഹത്തിന്റെ ഈ ചിട്ടയായ പ്രവർത്തനം യുഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. രണ്ട് യുവനേതാക്കൾ തമ്മിലുള്ള വീശിയേറുന്ന പോരാട്ടത്തിനാണ് ചിറ്റൂർ സാക്ഷ്യം വഹിക്കുന്നത്. വി. മുരുകദാസ് ജനകീയനായ സ്ഥാനാർത്ഥിയാണെങ്കിലും, കൃഷ്ണൻകുട്ടി കഴിഞ്ഞ തവണ നേടിയ അനായാസ വിജയം ഇത്തവണ ആവർത്തിക്കുക എന്നത് എൽ.ഡി.എഫിന് അത്ര എളുപ്പമാകില്ല. സുമേഷ് അച്യുതൻ ഉയർത്തുന്ന കടുത്ത വെല്ലുവിളി മറികടന്ന് വിജയം ഉറപ്പിക്കാൻ ഇടതുമുന്നണിക്ക് കഠിനമായി പരിശ്രമിക്കേണ്ടി വരും.
പട്ടാമ്പി; വീണ്ടും മുഹ്സിൻ
പടാമ്പിയിൽ മൂന്നാം തവണയാണ് മുഹമ്മദ് മുഹ്‌സിൻ മത്സരത്തിനിറങ്ങുന്നത്. ഇത്തവണ മുഹ്‌സിനെ മത്സരിപ്പിക്കുന്നതിനെതിരെ സിപിഐ ജില്ല കമ്മറ്റിയിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ മണ്ഡലം പിടിക്കാൻ മുഹ്സിൻതന്നെ വേണമെന്നായിരുന്നു പാർട്ടി നിലപാട്. ഇതേ നിലപാട് തന്നെയായിരുന്നു സിപിഎമ്മിനും ഉണ്ടായിരുന്നത്. അങ്ങിനെയാണ് മുഹ്സിൻ മത്സരിക്കുന്നത്. സിപിഐക്കാരനായ മൊഹ്സിന് സിപിഎമ്മിൻ്റെ നല്ല പിന്തുണ മണ്ഡലത്തിലുണ്ടെന്ന പ്രത്യേകതയുമുണ്ട്. അതുമാത്രമല്ല മൊഹ്സിൻ ജനകീയനുമാണ്.
എതിർ സ്ഥാനാർത്ഥി നഗരസഭ ചെയർമാൻ ടിപി ഷാജിയാണ്. ടിപി ഷാജിയിലും ജനകീയനാണ്. ഇടയ്ക്കുവെച്ച് കോൺഗ്രസുമായി പിണങ്ങി വോറൊരു സംഘടന ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ ഒരു തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ട് തിരിച്ച് കോൺഗ്രസ്സിലെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം വർധിപ്പിക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫിന് വോട്ട് പരമാവധി സമാഹരിക്കാൻ സാധിച്ചാൽ പട്ടാമ്പിയിൽ വിജയിക്കാൻ സാധിക്കും. എന്നാൽ മുഹസീൻ പിടിക്കുന്ന വോട്ട് വളരെ പ്രധാനമാണ്. മുഹ്സിൻ പാർട്ടിക്ക് അധീതമായ വോട്ട് പിടിക്കുകയാണെങ്കിൽ മുഹമ്മദ് മുഹ്സിൻ തന്നെ മണ്ഡലത്തിൽ വിജയിക്കുമെന്നാണ് കരുതുന്നത്.
കോങ്ങാട്; വനിത പോരാട്ടം
കോങ്ങാട് ലീഗിൻ്റെ ശക്തി കേന്ദ്രമാണ്. കഴിഞ്ഞ തവണ ലീഗാണ് മത്സരിച്ചിരുന്നത്. ഇത്തവണ മണ്ഡലം കോൺഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. കെ തുളസി, ശാന്തകുമാരി, രേണു സുകേഷ്, മൂന്ന് വനിതകൾ മത്സരിക്കുന്ന മണ്ഡലമാണ്.എസ്സി എസ്ടി സംവരണ മണ്ഡലമാണ് കോങ്ങാട്. ഇവിടെ സാധാരണ രീതിയിൽ വലിയ അത്ഭുതം സംഭവിക്കില്ല. പക്ഷേ ഇത്തവണ വലിയ തരത്തിൽ യുഡിഎഫിന്റെ ഒരു മുന്നേറ്റം കാണാൻ സാധിക്കുന്നുണ്ട്. കാരണം തദ്ദേശ തിരഞ്ഞെടുപ്പിൽ കോങ്ങാട് വലിയ മുന്നേറ്റം ഉണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. ആ ഒരു പ്രതീക്ഷയിലാണ് യുഡിഎഫ് കോങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.
പാലക്കാട് ജില്ലയിൽ ആകെ 12 നിയമസഭ സീറ്റുകളാണുള്ളത്. അതിൽ 10 എൽഡിഎഫ്, രണ്ട് യുഡിഎഫ് എങ്ങിനെയാണ് ഇപ്പോഴത്തെ നില. യുഡിഎഫ് ഇത്തവണ നില മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതായത് പാലക്കാട്, മണ്ണാർക്കാടാണ് മണ്ഡലങ്ങളാണ് ഇപ്പോൾ യുഡിഎഫിൻ്റെ കയ്യിലുള്ളത്. ഇത് കൂടാതെ തൃത്താല, കോങ്ങാട്, പട്ടാമ്പി, ചിറ്റൂര് ഇത്രയും സീറ്റുകൾ പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫ് ആകട്ടെ ഈ നിലവിലുള്ള 10-ന് പുറമെ പാലക്കാട് മണ്ഡലം കൂടി പ്രതീക്ഷിക്കുന്നുണ്ട്. ബിജെപി പ്രതീക്ഷിക്കുന്ന രണ്ട് മണ്ഡലങ്ങൾ പാലക്കാടും മലമ്പുഴയുമാണ്.


