വണ്ടൂരിൽ കാൽനൂറ്റാണ്ടായി തുടരുന്ന യുഡിഎഫ് ആധിപത്യം തകർക്കാൻ ഇടതുപക്ഷം ശക്തമായി രംഗത്തുണ്ട്. യുഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങളും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം.
ശക്തമായ ഇടത് - വലത് പോരാട്ടം നടക്കുന്ന വണ്ടൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറിയും വിജയത്തിൽ കുറഞ്ഞൊന്നും ഇരു പാർട്ടികളും പ്രതീക്ഷിക്കുന്നില്ല. പട്ടികജാതി സംവരണ മണ്ഡലമായ വണ്ടൂരിൽ തുടർച്ചയായി യുഡിഎഫിന് തന്നെയാണ് വിജയം. 1996ൽ മാത്രം ഇടത് തേരോട്ടം നടന്നിരുന്നു. പിന്നീട് നടന്ന മത്സരങ്ങളിൽ 25 വർഷമായി കോൺഗ്രസിനെ കഴിഞ്ഞ് മറ്റൊരു പാർട്ടിയെ വണ്ടൂരുകാർ തെരഞ്ഞെടുത്തിട്ടില്ല.
മണ്ഡലത്തിലെ വികസനം ചർച്ചയാക്കിയാണ് ഇടതുപക്ഷം വോട്ട് തേടുന്നത്. സർക്കാർ നേരിട്ടു നടത്തിയതല്ലാതെ മണ്ഡലത്തിലെ വികസനങ്ങളിൽ എംഎൽഎക്ക് പങ്കില്ലെന്നാണ് എൽഡിഎഫ് ആരോപണം. അതേസമയം, മണ്ഡലത്തിൽ ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകാനും സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ചോക്കാട് പഞ്ചായത്തിലെ ലീഗ് സ്ഥാനാർഥിയുടെ തോൽവിക്ക് കാരണം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരാണെന്ന് ലീഗ് ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഇരു പാർട്ടികളിലും കല്ലുകടിയുണ്ട്. സ്ഥാനാർത്ഥി പര്യടനത്തിൽ ഇരുകൂട്ടരും സംഘർഷത്തിൽ ഏർപ്പെട്ടതും സ്വാധീന മേഖലയിൽ ചാഞ്ചാട്ടമുണ്ടാകാൻ കാരണമായേക്കാം എന്നാണ് റിപ്പോർട്ട്.
അതേസമയം, വികസനവും എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാണിച്ചും നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും എണ്ണി പറഞ്ഞാണ് എ.പി അനിൽ കുമാർ പ്രചാരണം നടത്തുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ 87,415 വോട്ടുകൾ നേടിയാണ് എ.പി അനിൽ കുമാർ വിജയിച്ചത്. വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ.കെ ദാമോരൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് 71,852 വോട്ടായിരുന്നു. ബിജെപിയും മറ്റു പാർട്ടികളും മത്സരിക്കുന്നുണ്ടെങ്കിലും വിജയ സാധ്യത വളരെ കുറവാണ്. വോട്ട് ഷെയറിൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബിജെപിയ്ക്ക് ഇത്തവണയും ഗണ്യമായ വോട്ടുകൾ നേടുകയെന്നതാണ് ലക്ഷ്യം. ഇ.പി കുമാരദാസാണ് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
കോൺഗ്രസിന് ഇത് ഇളകാത്ത കോട്ട
രൂപീകൃതമായ ശേഷം 1977ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിന്റെ വെള്ള ഈച്ചരൻ വിജയിച്ചു കേറുന്നുണ്ട്. 1980ലെ തെരഞ്ഞെടുപ്പിൽ എം.എ കുട്ടപ്പൻ കോൺഗ്രസിനായി മണ്ഡലം നിലനിർത്തി. പിന്നീട് അടുപ്പിച്ച് മുന്നു ടേം പന്തളം സുധാകരൻ മണ്ഡലം കൈപ്പിടിയിലാക്കി. 2001ൽ സംസ്ഥാനമാകെ നിലനിന്ന യുഡിഫ് തരംഗത്തിൽ മണ്ഡലം എ.പി അനിൽ കുമാർ സ്വന്തമാക്കി. 2021 വരെയുള്ള തെരഞ്ഞെടുപ്പിൽ അനിൽ കുമാർ കോൺഗ്രസ് പാനലിൽ തുടർച്ച നേടി. ഉമ്മൻ ചാണ്ടിയുടെ ആദ്യ മന്ത്രിസഭയിൽ സാംസ്‌കാരിക വകുപ്പും പിന്നാക്ക ക്ഷേമവും കൈകാര്യം ചെയ്തു. ഇക്കുറി ആറാം ടേമിനായി ഒരുങ്ങുന്ന എ.പി അനിൽ കുമാറിനെ വണ്ടൂർ തുണക്കുമോ എന്ന് കണ്ടറിയണം.
തദേശ തെരഞ്ഞെടുപ്പ്
നിലമ്പൂർ താലൂക്കിലെ ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂർ, തിരുവാലി, തുവ്വൂർ, വണ്ടൂർ പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇക്കുറിയും തദ്ദേശങ്ങളിൽ ലീഗ് - കോൺഗ്രസ് തേരോട്ടം തന്നെയാണ് 94 പഞ്ചായത്തുകളിൽ കാണാനായത്. ഏലംകുളം, നിറമരുതൂർ, വാഴയൂര്‍, വെളിയങ്കോട് എന്നിങ്ങനെ നാലിടത്ത് മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. ഗ്രാമ പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ 70 ആയിരുന്നെങ്കില്‍ ഇത്തവണ 87 ഇടങ്ങളിലാണ് യുഡിഎഫ് മുന്നിലുള്ളത്. ഇടത് പിന്തുണയുള്ള ജനകീയ മുന്നണി പൊൻമുണ്ടത്തും അന്ന് വിജയിച്ചു.


