പിജെ ജോസഫും എംഎം മണിയും മത്സരരംഗത്തില്ലാത്ത ഇടുക്കിയിലെ നിയമസഭ തെരഞ്ഞെടുപ്പ് ഇത്തവണ ശ്രദ്ധേയമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം യുഡിഎഫിന് ആത്മവിശ്വാസം നൽകുമ്പോൾ, അഞ്ച് മണ്ഡലങ്ങളിലെയും പോരാട്ടങ്ങൾ പ്രവചനാതീതമാകുന്നു.
ഇടുക്കി ജില്ലിയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പ് ഇപ്രാവശ്യം വ്യത്യസ്തമാണ്. പത്തു തവണ തൊടുപുഴയിൽനിന്ന് മത്സരിച്ച് നിയമസഭയിലെത്തിയ പിജെ ജോസഫും മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണിയും ഇത്തവണ മത്സര രംഗത്തില്ല എന്നതാണ് തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. ഇരുമുന്നണികളിലും മുൻ നിരയിലുണ്ടായ നേതാക്കളാണ് ഇപ്രാവശ്യം മാറി നിൽക്കുന്നത്. പിജെ ജോസഫിന് പകരം അദ്ദേഹത്തിൻ്റെ മകൻ ഇത്തവണ മത്സര രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പൻചോല എൽഡിഎഫിനൊപ്പം നിന്നപ്പോൾ തൊടുപുഴ മാത്രമാണ് യുഡിഫിനൊപ്പം ഒഴുകിയത്. എന്നാൽ കഴിഞ്ഞ തദ്ദേശ തരെഞ്ഞെടുപ്പ് ഫലങ്ങൾ എൽഡിഎഫിന് അനുകൂലമല്ല.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം)-ന്റെ ഇടതുമുന്നണി പ്രവേശനം നൽകിയ മുൻതൂക്കം 2025-ൽ ആവർത്തിക്കാൻ എൽഡിഎഫിന് സാധിച്ചിരുന്നില്ല. ജില്ലയിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ, ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ആകെ 52 പഞ്ചായത്തുകളിൽ 35 എണ്ണവും പിടിച്ചെടുത്ത് യുഡിഎഫ് ജില്ലയിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. എൽഡിഎഫിന് കേവലം 13 പഞ്ചായത്തുകളിൽ മാത്രമാണ് വിജയിക്കാനായത്. നാല് പഞ്ചായത്തുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതുമില്ല.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളായിരുന്ന കൊന്നത്തടി, വെള്ളത്തൂവൽ, മാങ്കുളം, പാമ്പാടുംപാറ, രാജക്കാട്, നെടുങ്കണ്ടം, ഉടുമ്പന്നൂർ, അറക്കുളം, കാമാക്ഷി, വണ്ടന്മേട്, കാഞ്ചിയാർ, ഇരട്ടയാർ, അയ്യപ്പൻകോവിൽ, ചക്കുപള്ളം, കുമിളി, പീരുമേട് എന്നീ 16 പഞ്ചായത്തുകൾ കേവല ഭൂരിപക്ഷത്തോടെ യുഡിഎഫ് പിടിച്ചെടുത്തു. ഈ പഞ്ചായത്തുകളിൽ ഒരിടത്തുപോലും രണ്ടക്ക സീറ്റുകളിൽ എത്താൻ എൽഡിഎഫിന് കഴിഞ്ഞിരുന്നില്ല. ബൈസൺവാലി, കാന്തല്ലൂർ, ശാന്തൻപാറ, ചിന്നക്കനാൽ, ദേവികുളം, സേനാപതി, കരുണാപുരം, ഉടുമ്പൻചോല, മുട്ടം, വണ്ടിപെരിയാർ എന്നിവ എന്നിവ എൽഡിഎഫ് എന്നിവ നിലനിർത്തി. വട്ടവട, ഇടമലക്കുടി, മണക്കാട് പഞ്ചായത്തുകൾ യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കാൻ സാധിച്ചത് മാത്രമാണ് എൽഡിഎഫിന് ആശ്വസിക്കാൻ വകനൽകിയത്.
ജില്ലയിലെ രണ്ട് നഗരസഭകളിലും കേവല ഭൂരിപക്ഷം നേടി യുഡിഎഫ് ഭരണം നിലനിർത്തി. കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ മുതലെടുക്കാമെന്ന എൽഡിഎഫ് കണക്കുകൂട്ടലുകൾ ഫലം കണ്ടില്ല.ആകെയുള്ള എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴ് എണ്ണത്തിലും യുഡിഎഫ് വിജയിക്കുകയായിരുന്നു. ഈ ആത്മവിശ്വാസമാണ് ഇത്തവണ യുഡിഎഫിന് ഇടുക്കി ജില്ലയിലുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ഒരു മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. എന്നാൽ ഇപ്രാവശ്യം ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ വിജയക്കൊടി പാറിക്കാൻ സാധിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലംതന്നെയാണ് യുഡിഎഫിന് ഈ ആത്മവിശ്വാസം നൽകുന്നത്.
തൊടുപുഴ നിയമസഭ മണ്ഡലം
പിജെ ജോസഫിൻ്റെ കുത്തക മണ്ഡലമാണ് തൊടുപുഴ. അമ്പത് വർഷത്തോളമാണ് പിജെ ജോസഫിനെ തൊടുപുഴ എംഎൽഎയായി തെരഞ്ഞെടുത്ത്. ഇപ്രാവശ്യം പിജെ ജോസഫിൻ്റെ മകൻ അപു ജോസഫ് ആണ് മത്സരിക്കുന്നത്. പി ജെ ജോസഫ് മത്സരിക്കുന്നില്ലെങ്കില്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അപു തൊടുപുഴയിൽ മത്സരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ 20,259 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിജെ ജോസഫ് ജയിച്ചു കയറിയത്. പ്രൊഫസർ കെഐ ആൻ്റണി ആയിരുന്നു പ്രധാന എതിരാളി. ഇത്തവണ അപു ജോൺ ജോസഫ് എതിരെ മത്സരിക്കുന്നത് കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ സിറിയക് ചാഴിക്കാടനാണ്. രണ്ട് കേരള കോൺഗ്രസുകാർ മത്സരിക്കുന്ന മണ്ഡലമാണ് തൊടുപുഴ. 2016ൽ എൽഡിഎഫ് സ്വതന്ത്രനായിരുന്ന റോയി വാരിക്കാട്ട് ട്വന്റി 20യിലൂടെ എൻഡിഎക്കായും ഇറങ്ങുന്നുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ ബിജെപി വ്യക്തമായ അടിത്തറ പാകിയിട്ടുണ്ട്.
ഉടുമ്പൻചോല നിയമസഭ മണ്ഡലം
കെകെ ജയചന്ദ്രന്‍റെ തിരിച്ചുവരവാണ് ഉടുമ്പൻചോലയിലെ ഇത്തവണത്തെ പ്രത്യേകത. 2001 മുതൽ 2011വരെ ഉടുമ്പൻചോലയിലെ എംഎൽഎ ആയിരുന്നു കെകെ ജയചന്ദ്രൻ. 2011ലും 2021ലും എംഎം മണിയായിരുന്നു എംഎൽഎ. ഇത്തവണ എംഎം മണി മത്സരിക്കാത്തതിനെ തുടർന്നാണ് കെകെ ജയചന്ദ്രൻ മത്സരിത്തിനിറങ്ങിയിരിക്കുന്നത്. സേനാപതി വേണുവാണ് യുഡിഎഫ് സ്ഥാനാർഥി. 2016ൽ എംഎം മണിക്കെതിരെ വേണുവാണ് മത്സരിച്ചിരുന്നത്. അന്ന് 1109 വോട്ടിനാണ് പരാജിതനായത്. ബിഡിജെഎസിന്റെ അഡ്വ. സംഗീത വിശ്വനാഥനാണ് എൻഡിഎ സ്ഥാനാർഥി. 2021ൽ 38,305 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എംഎം മണി വെന്നിക്കൊടി പാറിച്ചത്. ഈ ഭൂരിപക്ഷം കെകെ ജയചന്ദ്രന് നിലനിർത്താൻ സാധിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഭരണകൂട സംവിധാനങ്ങളോടും തോട്ടം ഉടമകളോടും ഉദ്യോഗസ്ഥരോടും ശക്തമായി സംസാരിക്കാൻ കഴിയുന്ന, ഉറച്ച നിലപാടുകളുള്ള നേതൃത്വത്തെയാണ് ഇവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇവിടെ പ്രാതിനിധ്യം എന്നത് അനുനയമല്ല, മറിച്ച് കർക്കശമായ തീരുമാനങ്ങളാണ്. അതുകൊണ്ടാണ് എംഎം മണിയുടെ പ്രസ്താവനകൾ കേരളത്തിൽ അങ്ങോളമിങ്ങോളം വിവാദമാകുന്നുണ്ടെങ്കിലും ഉടുമ്പൻചോലയിൽ മണിക്ക് പിന്തുണ നഷ്ടപ്പെടാത്ത്. തേയിലത്തോട്ടങ്ങളിലെ ലയങ്ങളാണ് മണ്ഡലത്തിലെ പ്രധാന വോട്ട് ബാങ്കുകൾ. ശക്തിയും തുടർച്ചയും നിയന്ത്രണവും പ്രകടിപ്പിക്കുന്ന നേതാക്കളെയാണ് ഉടുമ്പൻചോല എന്നും തെരഞ്ഞെടുത്തിട്ടുള്ളത്.
ഇടുക്കി നിയമസഭ മണ്ഡലം
2001 മുതൽ റോഷി അഗസ്റ്റിൻ്റെ കുത്തക മണ്ഡലമാണ് ഇടുക്കി. യുഡിഎഫിനുവേണ്ടി ഘടക കക്ഷികളാണ് സാധാരണയായി ഇടുക്കിയിൽ മത്സരിക്കുന്നത്. എന്നാൽ ഇത്തവണ റോഷി അഗസ്റ്റിയുടെ കുത്തക അവസാനിപ്പിക്കാൻ കോൺഗ്രസ് തന്നെ നേരിട്ട് മത്സരിക്കുകയാണ്. കേരള കോൺഗ്രസ് എമ്മിൻ്റെ റോഷി അഗസ്റ്റിനോട് ഇത്തവണ അങ്കത്തിനിറങ്ങുന്നത് റോയ് കെ പൗലോസ് ആണ്. മുൻ ഡിസിസി പ്രസിഡൻ്റാണ് റോയ് കെ പൗലോസ്. ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് പ്രതീഷ് പ്രഭയാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. ബിഡിജെഎസിന് നല്ല വോട്ടുള്ള മണ്ഡലം കൂടിയാണ് ഇടുക്കി. 2016ലെ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് 27,403 വോട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ 2021 ആകുമ്പോഴേക്കും അത് 9148 ആയി കുറഞ്ഞിരുന്നു. വിദൂര മേഖലകളിൽ വരെ എത്തിച്ചേരാനും തൊഴിലാളികളുടെയും ആദിവാസികളുടെയും പ്രശ്നങ്ങളിൽ ഇടപെടാനും സാധിക്കുന്നവർക്കാണ് ഇടുക്കിയിൽ മുൻഗണന. പ്രത്യയശാസ്ത്രത്തേക്കാൾ ജനങ്ങളോടുള്ള പ്രതികരണശേഷിയാണ് ഇവിടെ പ്രധാനം.
കഴിഞ്ഞ 25 വർഷമായി തന്റെകൂടെ നിന്ന മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും അവർ തന്നെ കൈവിടില്ലെന്നുമാണ് എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിന്റെ പ്രതീക്ഷ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ താൻ മണ്ഡലത്തിൽ ചെയ്ത വികസനങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മലയോര ഹൈവേ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളുടെ മനസ്സിലുണ്ടെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നത്. മണ്ഡലത്തിൽ നടത്തിയ വികസന കാര്യങ്ങൾ ഉയർത്തിയാണ് റോഷി അഗസ്റ്റിൻ വോട്ട് ചോദിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നത്.
റോഷിയെ പരാജയപ്പെടുത്തണമെങ്കിൽ കൈപ്പത്തി ചിഹ്നത്തിൽ ശക്തനായ സ്ഥാനാർഥി വേണം എന്നതായിരുന്നു ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ടായ ചർച്ച. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുൻ ഡിസിസി പ്രസിഡൻ്റിനെ തന്നെ രംഗത്ത് ഇറക്കിയത്. ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തതും കട്ടപ്പന ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഷോപ്പ് സൈറ്റ് പട്ടയപ്രശ്നങ്ങളും മണ്ഡലത്തിലെ വോട്ടുകൾ അനുകൂലമാകാൻ കാരണമാകുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്.
പീരുമേട് നിയമസഭ മണ്ഡലം
ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ പീരുമേട്, തേയില-ഏലം എസ്റ്റേറ്റുകൾ, നിബിഡ വനങ്ങൾ, ചിതറിക്കിടക്കുന്ന മലയോര വാസസ്ഥലങ്ങൾ എന്നിവയാൽ സമ്പന്നമാണ്. പീരുമേട്ടിൽ ഒരു പ്രത്യേക സമുദായത്തിന് മാത്രമായി നിർണ്ണായകമായ മേധാവിത്വമില്ല. പ്രത്യയശാസ്ത്രങ്ങളേക്കാൾ പ്രാധാന്യം ജനപ്രതിനിധിയുടെ സാന്നിധ്യത്തിനും പ്രശ്നപരിഹാര ശേഷിക്കുമാണ്. ദുർഘടമായ ഭൂപ്രകൃതിക്കിടയിലും ജനങ്ങൾക്കൊപ്പം നിൽക്കുന്നവർക്കാണ് ഇവിടെ വിശ്വാസ്യത ലഭിക്കുന്നത്. അടിയന്തര ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവിടുത്തെ രാഷ്ട്രീയ കൂറ്. ചെരിയ ഭൂരിപക്ഷത്തിനാണ് ഇവിടെ ഭരണം പിടിച്ചെടുക്കുന്നത്.
2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഇഎസ് ബിജിമോൾ കോൺഗ്രസിൻ്റെ ഇഎം അഗസ്റ്റിയെ പരാജയപ്പെടുത്തിയത് 4,777 വോട്ടുകൾക്കാണ്. 2016ൽ ഇഎസ് ബിജിമോൾ കോൺഗ്രസിലെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയത് വെറും 314 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ്. 2021ലെ തെരഞ്ഞെടുപ്പിൽ വാഴൂർ സോമനാണ് സിപിഐക്ക് വേണ്ടി മത്സര രംഗത്ത് ഇറങ്ങിയത്. സിറിയക് തോമസ് തന്നെയായിരുന്നു കോൺഗ്രസിനുവേണ്ടി മത്സര രംഗത്ത് ഇറങ്ങിയത്. 1,835 വോട്ടുകൾക്കായിരുന്നു വാഴൂർ സോമൻ വിജയിച്ചത്. 2006 മുതൽ 2021വരെ തുടർച്ചയായി ഇടതുപക്ഷം ജയിച്ചുവരുന്ന മണ്ഡലമാണ് പീരുമേട് നിയമസഭ മണ്ഡലം.
ദേവികുളം നിയമസഭ മണ്ഡലം
ഇത്തവണ 'രാജകീയ' പോരാട്ടം നടക്കുന്ന മണ്ഡലമാണ് ദേവീകുളം. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ വ്യാപിച്ചുകിടക്കുന്ന ഈ പട്ടികജാതി സംവരണ മണ്ഡലം തേയിലത്തോട്ടങ്ങൾ, വനാതിർത്തികൾ, ആദിവാസി സങ്കേതങ്ങൾ, കുടിയേറ്റം കൊണ്ട് രൂപപ്പെട്ട മലയോര പട്ടണങ്ങൾ എന്നിവയെ ഉൾക്കൊള്ളുന്നതാണ്. ദേവികുളത്തിലെ വോട്ടർപട്ടികയിൽ ഭൂരിഭാഗവും പട്ടികജാതി വിഭാഗങ്ങളാണ്, പ്രത്യേകിച്ച് തോട്ടം തൊഴിലാളികൾക്കിടയിൽ. അതോടൊപ്പം ഗണ്യമായ പട്ടികവർഗ്ഗ സാന്നിധ്യവും കുടിയേറ്റ ജനവിഭാഗങ്ങളുമുണ്ട്. ദീർഘകാലമായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് ദേവികുളം. സിപിഎമ്മും അവരുടെ ട്രേഡ് യൂണിയനുകളും തോട്ടം തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെയും ക്ഷേമ ഇടപെടലുകളിലൂടെയും ഇവിടെ ശക്തമായ സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്.
നിലവിലെ എംഎൽഎ സിപിഎമ്മിലെ എ രാജക്കെതിരെ കോൺഗ്രസിലെ എഫ് രാജയെയാണ് യുഡിഎഫ് പുതുമുഖമായി രംഗത്തിറക്കിയിരിക്കുന്നത്. 15 വർഷം സിപിഎം എംഎൽഎ ആയിരുന്ന എസ്. രാജേന്ദ്രനാണ് ബിജെപിക്ക് വേണ്ടി ഇവരോട് ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയും ദേവികുളത്തിനുണ്ട്. തോട്ടം തൊഴിലാളികൾ ഗതി നിർണയിക്കുന്ന മണ്ഡലത്തിൽ മൂവരും ശക്തരായ സ്ഥാനാർഥികളാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എ രാജയെ തോൽപിക്കാൻ ശ്രമിച്ചു എന്ന ആരോപണവും തുടർന്നുണ്ടായ നടപടികളുമാണ് രാജേന്ദ്രനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. 2021ൽ എ രാജ കോൺഗ്രസിലെ ഡി കുമാറിനെ പരാജയപ്പെടുത്തിയത് 7,848 വോട്ടുകൾക്കാണ്.


