ഇടതുപക്ഷത്തിൻ്റെ ഉരുക്കുകോട്ടയായ കണ്ണൂരിൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാകുന്നത് വിമത നീക്കങ്ങൾ കൊണ്ടാണ്. സിപിഎമ്മിൻ്റെ ഉറച്ച മണ്ഡലങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടി മുൻ നേതാക്കൾ തന്നെ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നത് മുന്നണിയുടെ വിജയസാധ്യതകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

കേരള രാഷ്ട്രീയത്തിൽ ഇതുപക്ഷത്തിൻ്റെ ഉരുക്കു കോട്ട. അതാണ് കണ്ണൂർ. ആകെയുള്ള 71 ​ഗ്രാമപഞ്ചായത്തുകളിൽ 48 ഇടത്തും ഭരിക്കുന്നത് ഇടതുപക്ഷം. ജില്ല പഞ്ചായത്തിൽ 18 ഡിവിഷനുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടിടത്തും 8 ന​ഗരസഭകളിൽ അഞ്ചിടത്തും എൽഡിഎഫിന് തന്നെയാണ് മേൽക്കോയ്മ. ഒറ്റപ്പെട്ട ചില യുഡിഎഫ് തുരുത്തുകള്‍ ജില്ലയിലുണ്ട് എന്നതൊഴിച്ചാൽ സിപിഎമ്മിൻ്റെ ഉരുക്കുകോട്ട എന്നുതന്നെ കണ്ണൂരിനെ വിശേഷിപ്പിക്കാം. പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍. ഇങ്ങനെ 11 നിയമസഭ മണ്ഡലങ്ങളാണ് കണ്ണൂരുള്ളത്. മികതും ഇടതുപക്ഷത്തിൻ്റെ കൈകളിൽ.

സ്ഥാനാർഥി പ്രഖ്യാപനവും വിമത നീക്കവും

രാഷ്ട്രീയ കേരളത്തിലെ ചൂടേറിയ ചർച്ച വിഷയങ്ങളിൽ അന്നും ഇന്നും ഇടംപിടിക്കുന്ന ജില്ലയാണ് കണ്ണൂർ. മലബാറിലെ കർഷക സമരങ്ങളിലൂടെയും കമ്യൂണിസ്റ്റ് ആശയങ്ങളിലൂടെയുമാണ് കണ്ണൂർ ഇടതുപക്ഷത്തിൻ്റെ ശക്തി കേന്ദ്രമായി മാറുന്നത്. കെ കേളപ്പൻ, എകെ ഗോപാലൻ, വിവി കുഞ്ഞമ്പു തുടങ്ങിയ പ്രമുഖർ കണ്ണൂരിൻ്റെ രാഷ്ട്രീയ പാരമ്പര്യവുമായി ബന്ധപ്പെട്ടവരാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും സിപിഎം ഒറ്റക്കെട്ടായി നിന്ന സാഹചര്യം മാത്രമേ കണ്ണൂരുണ്ടായിരുന്നുള്ളൂ. എന്നാൽ ഇത്തവണ കണ്ണൂരിനെ ചർച്ചാവിഷയമാക്കിയത് സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളെക്കാൾ ഉപരി വിമതനീക്കങ്ങളായിരുന്നു. കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കാണാത്ത സംഭവവികാസങ്ങൾക്കാണ് കേരളം സാക്ഷിയായത്.

പാർട്ടിക്കുള്ളിൽ ആരോപണങ്ങളും അഭിപ്രായഭിന്നതകളും ഒക്കെ ഉണ്ടാകും. സിപിഎമമിനെ സംബന്ധിച്ച് അത് പരസ്യ പ്രതികരണങ്ങളിലേക്ക് കടക്കുന്നത് അപൂർവ്വമായ ഒന്നാണ്. പാർട്ടിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ആ വിഷയത്തിൽ പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളെ തുറന്നെതിർക്കുകയും, ഉടുക്കം വർഷങ്ങളോളം നീണ്ട പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിൽ‌ കണ്ണൂരിൽ കാണാൻ സാധിക്കുന്നത്. കണ്ണൂർ ജില്ലയിലെ ഉറച്ച കോട്ടയാണ് പയ്യന്നൂരും തളിപ്പറമ്പും. പാർട്ടി സെക്രട്ടറി എംവി ​ഗോവിന്ദൻ കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച മണ്ഡലമാണിത്. പയ്യന്നൂരാകട്ടെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പല പ്രമുഖരം മത്സരിച്ച വിജയിച്ച മണ്ഡലം.

പയ്യന്നൂർ നിയമസഭ മണ്ഡലം

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ കണ്ണൂരിൽ സിപിഎമ്മി-ന്റെ ഉരുക്കുകോട്ടയായാണ് പയ്യന്നൂർ അറിയപ്പെടുന്നത്. ഉപ്പുസത്യാഗ്രഹത്തിന്റെ വീരസ്മരണകളും സാംസ്കാരിക പാരമ്പര്യവും ഒരുപോലെ ഒത്തുചേർന്ന മണ്ഡലം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് പയ്യന്നൂർ നിയമസഭാ മണ്ഡലം. 1970-ൽ രൂപീകൃതമായ പയ്യന്നൂർ മണ്ഡലം അന്നുമുതൽ ഇന്നുവരെ ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ മാത്രം തുണച്ച പാരമ്പര്യമാണുള്ളത്.

സംസ്ഥാന രാഷ്ട്രീയത്തിലെ അതികായരായ പല നേതാക്കളും പയ്യന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. നിലവിലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ 1996-ലാണ് പയ്യന്നൂരിൽ നിന്ന് നിയമസഭാംഗമായത്. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെകെ കണ്ണോത്തിനെ പരാജയപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. കേരള രാഷ്ട്രീയത്തിലെ പ്രക്ഷോഭകാരിയും മുൻ മന്ത്രിയുമായിരുന്ന എംവി രാഘവൻ 1982-ൽ പയ്യന്നൂരിനെയാണ് നിയമസഭയിൽ പ്രതിനിധീകരിച്ചത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏക വനിതാ എംഎൽഎയാണ് പികെ ശ്രീമതി. 2001-ലും 2006-ലും തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട അവർ സംസ്ഥാന മന്ത്രിയായിട്ടുമുണ്ട്.

ഇത്രതോളം ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന മണ്ഡലത്തിൽ ഇപ്പോൾ സിപിഎമ്മിനെതിരെ മത്സരിക്കുന്നത് വിമത സ്ഥാനാർതിയാണ്. ധനരാജ് രക്തസാക്ഷി പണ്ടിൽ തട്ടിപ്പ് നടന്നുവെന്നായിരുന്നു സിപിഎമമിനെതിരെ മുൻ ഏരിയ സെക്രട്ടറി കൂടി ആയിരുന്ന വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണം. എന്നാൽ കോടാലിക്കൈകളുടെ സ്ഥാനം എന്നും ചവറ്റുകുട്ടയിലാണെന്ന നിലപാടാണ് പാർട്ടി സെക്രട്ടറി എടുത്ത നിലപാട്. ടിഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനമെങ്കിൽ ഞാൻ മത്സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പയ്യന്നൂരിൽ മത്സരിക്കാൻ ടിഐ മധുസൂദനനെ തന്നെ പാർട്ടി നിശ്ചയിച്ചു. ഇതിനു പിന്നാലെ വി കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയുമായി. യുഡിഎഫ് വി കുഞ്ഞികൃഷ്ണന് പിന്തുണയും പ്രഖ്യാപിച്ചു.

2021ലെ തെരെ‍ഞ്ഞെടുപ്പിൽ‌ പയ്യൂന്നൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചത് ടിഐ മധുസൂദനൻ ആയിരുന്നു. . കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം പ്രദീപ് കുമാറിനെ അര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് (49780) മധുസൂദനന്‍ പരാജയപ്പെടുത്തിയത്. 2016, 2011 തെരഞ്ഞെടുപ്പുകളിലെ ഇടതുപക്ഷത്തിന്റെ വിജയത്തുടര്‍ച്ചയാണ് 2021 ലും ആവര്‍ത്തിച്ചത്. എന്നാൽ ഇത്തവണ കോൺ​ഗ്രസ് പിന്തുണയ്ക്കുന്ന വി കുഞ്ഞികൃഷ്ണനെ നേരിടുമ്പോൾ ടിഐ മധുസൂദനൻ കുറച്ചെങ്കിലും വിയർക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കല്ല്യാശ്ശേരി നിയമസഭ മണ്ഡലം

കല്ല്യാശ്ശേരി എന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലമാണ്. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 2011, 2016 തിരഞ്ഞെടുപ്പുകളിൽ ടി.വി. രാജേഷാണ് കല്യാശേരിയെ പ്രതിനിധീകരിച്ചത്. 2011-ൽ 29,946 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം 2016-ൽ ഭൂരിപക്ഷം 42,891 ആയി ഉയർത്തി. 2021-ൽ എം വിജിനിലൂടെ സിപിഎം ഈ ആധിപത്യം വീണ്ടും ഉറപ്പിച്ചു.ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലങ്ങളിൽ ഒന്നാണെങ്കിലും തുടക്കം മുതൽക്കേ ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈ ഇവിടെയുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ 44,393 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിനാണ് വിജിൻ മണ്ഡലത്തിൽനിന്നും വിജയിച്ച് നിയമസഭയിലെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ബ്രിജേഷ് കുമാറിനെയാണ് ലിജിൻ പരാജയപ്പെടുത്തിയത്. ഇത്തവണ എം വിജിനെതിരെ മത്സരിക്കുന്നത് രാജീവൻ കപ്പച്ചേരിയാണ്. എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് എവി സനിൽകുമാർ ആണ്.

തളിപ്പറമ്പ നിയമസഭ മണ്ഡലം

പയ്യന്നൂരിന് പിന്നാലെ ചർച്ചയായ മണ്ഡലമാണ് തളിപ്പറമ്പ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ ഉറച്ച കോട്ടയായാണ് തളിപ്പറമ്പ് അറിയപ്പെടുന്നത്. പതിറ്റാണ്ടുകളായി ഈ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളാണ് വിജയിച്ചു വരുന്നത്. നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ എംവി ഗോവിന്ദൻ മാസ്റ്റർ 92,870 വോട്ടുകൾ നേടി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി വിപി അബ്ദുൽ റഷീദിന് 70,181 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്.

എന്നാൽ ഇപ്രാവശ്യം സിപിഎമ്മിൽനിന്ന് തന്നെ വിമത ശബ്ദം ഉയർന്നുവന്നു. എംവി ​ഗോവിന്ദൻ മാറിയതിനു പിന്നാലെ അദ്ദേഹത്തിൻ്റെ ഭാര്യ പികെ ശ്യാമളയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനമെടുത്തതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ച്. ടികെ ​ഗോവിന്ദൻ പത്രസമ്മേളനം നടത്തുകയും സിപിഎം ജില്ല സെക്രട്ടറി കെകെ രാ​ഗേഷിനേയും പാർട്ടി സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്ററേയും രൂക്ഷമായ രീതിയിൽ വിമർശിക്കുകയും ചെയ്തു. തുടർന്ന് ടികെ ​ഗോവിന്ദനെ പാർ‌ട്ടിയിൽനിന്ന് പുറത്താക്കി. പിന്നാലെ തളിപ്പറമ്പിൽ ടികെ ​ഗോവിന്ദൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനയും ചെയ്തു. പികെ ശ്യാമളയാണ് ഇടതുപക്ഷ സ്ഥാനാർഥി. കോൺ​ഗ്രസിൻ്റെ പിന്തുണയോടെ ടികെ ​ഗോവിന്ദൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു. എൻ ഹരിദാസാണ് ബിജെപി സ്ഥാനാർഥി.

ഇരിക്കൂര്‍ നിയമസഭ മണ്ഡലം

കണ്ണൂർ ജില്ലയിലെ യുഡിഎഫിൻ്റെ കോട്ടയാണ് ഇരിക്കൂർ. തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, എരുവേശ്ശി, ഇരിക്കൂർ, പയ്യാവൂർ, ശ്രീകണ്ഠപുരം, ആലക്കോട്, നടുവിൽ, ഉദയഗിരി, ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം. മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് 1982 മുതൽ 2016 വരെ നീണ്ട കാലയളവിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സജീവ് ജോസഫ് എൽഡിഎഫിലെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിക്കൊണ്ട് ഈ കോട്ട നിലനിർത്തുകയായിരുന്നു. 2011 ലെ തെരെഞ്ഞെടുപ്പിൽ കെസി ജോസഫ് 11,757 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016ൽ ഭൂരിപക്ഷം കുറഞ്ഞ് 9,647 ആയി. 2021ൽ സജീവ് ജോസഫ് 10,010 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

അഴിക്കോട് നിയമസഭ മണ്ഡലം

അഴിക്കോട് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 79.85 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ച മണ്ഡലമാണ്. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന മണ്ഡലമാണെങ്കിലും രണ്ട് തവണ മുസ്ലീം ലീ​ഗിലെ കെഎം ഷാജിയായിരുന്നു വിജയിച്ചിരുന്നത്.

അഴീക്കോട് മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം വളരെ ചലനാത്മകമാണ്. 1977-ൽ രൂപീകൃതമായത് മുതൽ 2000-ന്റെ തുടക്കം വരെ സിപിഎം ഈ മണ്ഡലത്തിൽ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ പിന്നീട് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗ് ഇവിടെ ശക്തമായ സാന്നിധ്യമായി മാറി.021-ലെ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. സിപിഎം സ്ഥാനാർത്ഥി കെവി സുമേഷ് 65,794 വോട്ടുകൾ നേടി വിജയിക്കുകയായിരുന്നു. ഇപ്രാവശ്യവുംകെവി സുമേഷ് തന്നെയാണ് സിപിഎമ്മിനുവേണ്ടി മത്സരത്തിനിറങ്ങുന്നത്. കരീം ചേലേരിയാണ് യുഡിഎഫ് സ്ഥാനാർഥി. കെകെ വിനോദ് കുമാറാണ് എൻഡിഎ സ്ഥാനാർഥി.

കണ്ണൂ‍ർ നിയമസഭ മണ്ഡലം

ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് കണ്ണൂർ. 1957-ലെ ആദ്യ തിരഞ്ഞെടുപ്പുകളിൽ ഇത് കാനന്നൂർ-I, കാനന്നൂർ-II മണ്ഡലങ്ങളുടെ ഭാഗമായിരുന്നു. 1965-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷമാണ് ഇന്നത്തെ രൂപത്തിലുള്ള കണ്ണൂർ മണ്ഡലം നിലവിൽ വന്നത്. വിവിധ രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖ നേതാക്കൾ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂർ നഗരസഭയും കണ്ണൂർ താലൂക്കിലെ ചേലോറ, എടക്കാട്, എളയാവൂർ, മുണ്ടേരി എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ഈ മണ്ഡലം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കടന്നപ്പള്ളി രാമചന്ദ്രൻ വെറും 1,745 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തിയത്. 2016ൽ 1,196 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കടന്നപ്പള്ളി വിജയിച്ചത്. അന്നും സതീശൻ പാച്ചേനി തന്നെയായിരുന്നു എതിരാളി. ഇപ്രാവശ്യവും കടന്നപ്പള്ളി രാമചന്ദ്രൻ തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. ടിഒ മോഹനൻ ആണ് യുഡിഎഫ് സ്ഥാനാർഥി.

ധർമ്മടം നിയമസഭ മണ്ഡലം

സിപിഎമ്മിൻ്റെ ഉറച്ച കോട്ടയാണ് ധർമ്മടം. നിലവിൽ മുഖ്യമന്ത്രിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴുപ്പിലങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളും തലശ്ശേരി താലൂക്കിലെ ധർമ്മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ധർമ്മടം നിയമസഭ മണ്ഡലം. 2011-ൽ കെകെ നാരായണൻ ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2016-ലും 2021-ലും പിണറായി വിജയൻ യഥാക്രമം മാമ്പറം ദിവാകരനെയും (INC), സി രഘുനാഥനെയും പരാജയപ്പെടുത്തിക്കൊണ്ട് മണ്ഡലത്തെ പ്രതിനിധീകരിക്കുകയും കേരളത്തിന്റെ മുഖ്യമന്ത്രിയാകുകയും ചെയ്തു. ഇപ്രാവശ്യം പിണറായി വിജയനെ എതിരിടുന്നത് വിപി അബ്ദുൾ‌ റഷീദ് ആണ്. 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയന്റെ വിജയം

തലശ്ശേരി നിയമസഭ മണ്ഡലം

നിയമസഭ സ്പീക്കർ കൂടിയായ അഡ്വ. എഎൻ ഷംസീർ 2016 മുതൽ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് തലശേരി. 81,810 വോട്ടുകൾ നേടിയാണ് എഎൻ ഷംസീർ നിയമസഭയിലെത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എംപി അരവിന്ദാക്ഷന് 45,009 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് ഒപ്പമായിരുന്നു തലശ്ശേരി.

കൂത്തുപറമ്പ് നിയമസഭ മണ്ഡലം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കും അതിന്റെ അനുബന്ധ പ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് കൂത്തുപറമ്പ് നിയമസഭാ മണ്ഡലം. കൂത്തുപറമ്പ് നഗരസഭയെക്കൂടാതെ കരിയാട്, കോട്ടയം-മലബാർ, കുന്നോത്തുപറമ്പ്, മൊകേരി, പാനൂർ, പാട്യം, പെരിങ്ങളം, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകൾ ഈ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് ഘടക കക്ഷിയായി എല്‍ജെഡി ആയിരുന്നു 2021 ലെ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ മത്സരിച്ചത്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി കെ അബ്ദുള്ളയെ പരാജയപ്പെടുത്തി കെപി മോഹനന്‍ മണ്ഡലം നില നിര്‍ത്തുകയായിരുന്നു. 2016 ല്‍ എല്‍ഡിഎഫിന് ഒപ്പം നിന്ന മണ്ഡലത്തില്‍ 2011 ല്‍ യുഡിഎഫ് ആയിരുന്നു വിജയിച്ചത്. ആർജെഡിയുടെ പികെ പ്രവീൺ ആണ് ഇപ്രാവശ്യം ഇടതുപക്ഷത്തിനുവേണ്ടി മത്സരിക്കുന്നത്. മുസ്ലീം ലീ​ഗിൻ്റെ ജയന്തി രാജനാണ് യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത്.

മട്ടന്നൂര്‍ നിയമസഭ മണ്ഡലം

കെകെ ശൈലജയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് കേരളം ശ്രദ്ധിച്ച മണ്ഡലമായിരുന്നു മട്ടന്നൂര്‍. റെക്കോർഡ് ഭൂരിപക്ഷത്തോടെയായിരുന്നു കെകെ ശൈലജ മണ്ഡലത്തിൽനിന്നും വിജയിച്ചിരുന്നത്. 60,963 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെകെ ശൈലജ ഇല്ലിക്കൽ അ​ഗസ്റ്റിയെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ ബിജു ഏലക്കുഴി 18,223 വോട്ടുളും നേടിയിരുന്നു. 2016ൽ ഇപി ജയരാജൻ 43,381വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. 2011ൽ 30,512 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയിച്ചത്.

പേരാവൂര്‍

നിലവിലെ കെപിസിസി പ്രസിഡവന്റ് സണ്ണി ജോസഫ് 2011 മുതല്‍ വിജയിച്ച് വരുന്ന മണ്ഡലമാണ് പേരാവൂര്‍. സിപിഎം സ്ഥാനാർഥി സക്കീര്‍ ഹുസൈനെ 3172 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സണ്ണി ജോസഫിന്റെ കഴിഞ്ഞ തവണത്തെ വിജയം. യുഡിഎഫിൻ്റെ കുത്തക മണ്ഡലമാണ് പേരാവൂർ. 2006ൽ മാത്രമാണ് ഇടതുപക്ഷം ഇവിടെ വിജയിച്ചത്. അന്ന് സിപിഎമ്മിനുവേണ്ടി മത്സരിച്ചത് കെകെ ശൈലജയായിരുന്നു. ഇപ്രാവശ്യവും ഇടതുപക്ഷത്തിനുവേണ്ടി കെകെ ശൈലജ തന്നെയാണ് മത്സരത്തിനായി ഇറങ്ങുന്നത്. കോൺ​ഗ്രസിനുവേണ്ടി മത്സരിക്കുന്നത് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫാണ്. ശക്തമായ ഒരു മത്സരം തന്നെ മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.