മന്ത്രിയുടെ മണ്ഡലം പിടിച്ചെടുക്കാൻ സംഘടന ശക്തി പരമാവധി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസും മുസ്ലീംലീഗും. എന്നാല്‍ ഒ ആർ കേളുവിന് വ്യക്തിപരമായ ലഭിക്കുന്ന വോട്ടുകളടക്കം ഇത്തവണയും ജയത്തില്‍ എത്തിക്കുമെന്നാണ് എല്‍ഡിഎഫ് ആത്മവിശ്വാസം.

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുന്നു. മന്ത്രിയുടെ മണ്ഡലം പിടിച്ചെടുക്കാൻ സംഘടന ശക്തി പരമാവധി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസും മുസ്ലീംലീഗും. എന്നാല്‍ ഒ ആർ കേളുവിന് വ്യക്തിപരമായ ലഭിക്കുന്ന വോട്ടുകളടക്കം ഇത്തവണയും ജയത്തില്‍ എത്തിക്കുമെന്നാണ് എല്‍ഡിഎഫ് ആത്മവിശ്വാസം.

‌തദ്ദേശഭരണ തെര‍ഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും യുഡിഎഫിന് നല്ല ലീഡ് ലഭിക്കുന്ന മാനന്തവാടിയില്‍ പക്ഷെ നിയമസഭയില്‍ കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത് എല്‍ഡിഎഫ് ആണ്. അതിന്‍റെ ക്ഷീണം തീർക്കാൻ ഉറച്ച് വാശിയോടെയാണ് ഇത്തവണ യുഡിഎഫിന്‍റെ പ്രവർത്തനം. മത്സരം വ്യക്തിപരമാക്കാതെ പൂര്‍ണമായും എല്‍ഡിഎഫ്- യുഡിഎഫ് രാഷ്ട്രീയ മത്സരമാക്കി നിലനിര്‍ത്താനാണ് യുഡിഎഫ് ശ്രമം. മുൻപ് മുന്നണിയില്‍ ഉണ്ടായിരുന്ന ഒരു പ്രശ്നവും ഇത്തവണയില്ലെന്നത് യുഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരുനെല്ലിയെന്ന ഒറ്റ പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. മാനന്തവാടി മുൻസിപ്പിലിറ്റി നിലനിര്‍ത്തിയ യുഡിഎഫ് വെള്ളമുണ്ട, തൊണ്ടർനാട്, പനമരം പഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും മെമ്പർമാരുടെയും നേതൃത്വത്തിലാണ് പ്രചരണം മുന്നോട്ട് പോകുന്നത്. ഡിസിസി പ്രസിഡന്‍റ് ടി ജെ ‌ഐസക്ക് നേരിട്ട് തന്നെയാണ് പ്രചരണത്തിന്‍റെ ഏകോപനം.

എന്നാല്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നപ്പോഴും ജയിക്കാനായിട്ടുണ്ടെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഒആർ കേളുവിന് വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകള്‍ തുടർന്നും ലഭിക്കുമെന്ന് അവർ കണക്ക് കൂട്ടുന്നു. മാനന്തവാടിയിലെ വികസന പ്രവർത്തനങ്ങള്‍ക്ക് എല്ലാ ഭരണ വിരുദ്ധ വികാരത്തെയും ഇല്ലാതാക്കാനാകുമെന്ന പ്രതീക്ഷയില്‍ കൂടെയാണ് എല്‍ഡിഎഫ് മുന്നോട്ട് പോകുന്നത്. അതേസമയം പരമാവധി പതിനാറായിരും വോട്ട് മാത്രം ലഭിച്ച ചരിത്രമുള്ള മാനന്തവാടിയില്‍ ഇത്തവണ എൻഡിഎ ശ്യാംരാജ് എന്ന യുവ നേതാവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. തൃശ്ശൂർ മോഡല്‍ വിജയമാണ് ഇവിടെ എൻഡിഎ സ്വപ്നം കാണുന്നത്.

YouTube video player