മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും കെ കെ ശൈലജയെ പ്രതീക്ഷിച്ചവര്‍ ഇപ്പോള്‍ ചോദിക്കുന്ന ചോദ്യം ശൈലജയുടെ ഭാവി സിപിഎമ്മില്‍ ഇനിയെന്താകും എന്നാണ്. ഉറച്ച കോട്ടകൾ ഉണ്ടായിരുന്നിട്ടും ദുർഘടമായ പേരാവൂരിൽ മത്സരിപ്പിച്ച് ടീച്ചറെ പാർട്ടി നേതൃത്വം ഒതുക്കുകയായിരുന്നോ എന്ന സംശയം ബലപ്പെടുന്നു. 

പേരാവൂര്‍: ഒരു വിഭാഗം സിപിഎം അണികള്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു, കെ കെ ശൈലജ ടീച്ചറെ സിപിഎം ഒതുക്കിയതോ എന്ന സംശയം ഇപ്പോള്‍ കൂടുതല്‍ ബലപ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ച മുതിര്‍ന്ന സിപിഎം നേതാവ് കെ കെ ശൈലജ ടീച്ചര്‍ പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ തോല്‍വി രുചിച്ചിരിക്കുകയാണ്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനോട് 15000-ത്തോളം വോട്ടുകള്‍ക്കാണ് ശൈലജയുടെ തോല്‍വി. ഉറച്ച കോട്ടകള്‍ എന്ന് അറിയപ്പെട്ടിരുന്ന മണ്ഡലങ്ങള്‍ ഏറെയുണ്ടായിട്ടും കെ കെ ശൈലജ ടീച്ചറെ പേരാവൂര്‍ പോലൊരു ദുര്‍ഘട ഇടത്തേക്ക് മത്സരിക്കാന്‍ അയച്ച സിപിഎം തീരുമാനം എല്‍ഡിഎഫിന് കനത്ത പ്രഹരമായി അങ്ങനെ അവസാനിച്ചു.

ടീച്ചറെ ഒതുക്കിയതോ? സംശയം ബലപ്പെടുന്നു

തളിപ്പറമ്പും മട്ടന്നൂരും അടക്കം ഉറച്ച ഇടത് കോട്ടകള്‍ എന്ന് കാലങ്ങളായി അറിയപ്പെടുന്ന മണ്ഡലങ്ങള്‍ പലതുണ്ടായിരുന്നു കണ്ണൂര്‍ ജില്ലയില്‍. എന്തിനേറെ 60,963 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ശൈലജ ടീച്ചര്‍ 2021-ല്‍ മത്സരിച്ച് ജയിച്ച മട്ടന്നൂരും ഓപ്ഷനായി മുന്നിലുണ്ടായിരുന്നു. എന്നിട്ടും യുഡിഎഫ് മണ്ഡലമെന്ന വിശേഷണമുള്ള പേരാവൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ശൈലജ ടീച്ചറെ തീരുമാനിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം. സിപിഎമ്മും എല്‍ഡിഎഫും യുഡിഎഫ് കൊടുങ്കാറ്റില്‍ ചുഴറ്റിയെറിയപ്പെട്ട 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ശൈലജ ടീച്ചറുടെ തോല്‍വി പാര്‍ട്ടിക്കുള്ള മറുപടി കൂടിയായി.

'എന്തിന് ശൈലജ ടീച്ചറെ ഏതെങ്കിലുമൊരു സുരക്ഷിത മണ്ഡലത്തില്‍ മത്സരിപ്പിക്കണം, ആര് നിന്നാലും ജയിക്കുന്ന മട്ടന്നൂരില്‍ ടീച്ചര്‍ക്ക് ഒരവസരം കൂടി നല്‍കേണ്ട എന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. പേരാവൂരില്‍ ജയിച്ചാല്‍ ഒരു മണ്ഡലം കൂടി ഇടത് മുന്നണിക്ക് സ്വന്തമാക്കാം. ടീച്ചര്‍ പേരാവൂരിലെ മുന്‍ എംഎല്‍എ കൂടിയാണ്'- കെ കെ ശൈലജ ടീച്ചറെ എന്തിന് പേരാവൂരിലേക്ക് സ്ഥാനാര്‍ഥിയായി അയക്കുന്നു എന്ന ചോദ്യത്തിന് സിപിഎം നേതാക്കള്‍ നല്‍കിയ മറുപടി ഇതായിരുന്നു. ടീച്ചറുടെ സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനം പാര്‍ട്ടിയുടെയോ ചുരുക്കം നേതാക്കന്‍മാരുടേയോ എന്ന സംശയം ബാക്കി. എന്തായാലും, പേരാവൂരില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ‘പാര്‍ട്ടി തീരുമാനം’ അടിമുടി പാര്‍ട്ടിക്കാരിയായ ടീച്ചര്‍ ശരിവെക്കുകയും ചെയ്‌തു. എന്നാല്‍ മണ്ഡലത്തില്‍ ഇക്കുറി 61,687 വോട്ടുകള്‍ പിടിച്ചപ്പോഴും സിപിഎം നേതൃത്വത്തിന്‍റെ വാദങ്ങള്‍ പാര്‍ട്ടി അണികള്‍ക്കും പൊതുസമൂഹത്തിനും ദഹിക്കുന്നതായില്ല എന്നതാണ് സത്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പ്രഹരം നേരിട്ട മണ്ഡലമായിരുന്നു പേരാവൂര്‍ എന്ന വസ്‌തുതയ്‌ക്ക് കൂടി പരിഗണന നല്‍കാതിരുന്നതിന് ഏറ്റ കനത്ത തിരിച്ചടിയാണ് പേരാവൂരിലെ തെരഞ്ഞെടുപ്പ് ഫലം.

ഒരുവേള മുഖ്യമന്ത്രിയായി പറഞ്ഞുകേട്ട പേര്

പേരാവൂരില്‍ നിന്ന് ജയിക്കുകയും എല്‍ഡിഎഫ് ഹാട്രിക് ഭരണം പിടിക്കുകയും ചെയ്‌താല്‍ കെ കെ ശൈലജ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തും എന്ന് പ്രതീക്ഷിച്ചിരുന്നവരേറെ. എല്‍ഡിഎഫിന് ഭരണം നഷ്‌ടമായാലും ടീച്ചര്‍ ജയിച്ചിരുന്നെങ്കില്‍ അതിശക്തമായ പ്രതിപക്ഷ നേതാവിനെ എല്‍ഡിഎഫിന് ലഭിക്കും എന്ന് കണക്ക് കൂട്ടിയവരുമുണ്ട്. എന്നാല്‍ സംസ്ഥാനത്ത് യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി അധികാരം തിരിച്ചുപിടിച്ചതോടെ ഈ രണ്ട് പ്രതീക്ഷകളും ഇപ്പോള്‍ അവസാനിച്ചു. പേരാവൂര്‍ പിടിച്ചെടുക്കാനാണ് കെ കെ ശൈലജ ടീച്ചറെ മത്സരിപ്പിക്കുന്നതെന്ന പാര്‍ട്ടി വാദത്തിന്‍റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. അതേസമയം, സണ്ണി ജോസഫ് ജയിച്ചാല്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിയാവും എന്ന വിശ്വാസം പേരാവൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കുണ്ട് എന്ന കാര്യം ശരിവെക്കുന്നതുമായി തെരഞ്ഞെടുപ്പ് ഫലം.

കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളായ ഇരിട്ടി നഗരസഭയും ആറളം, അയ്യന്‍കുന്ന്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, പായം, പേരാവൂര്‍ ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പേരാവൂര്‍ നിയമസഭ മണ്ഡലം. 2006-ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ ഡി മുസ്‌തഫയെ (കോണ്‍ഗ്രസ്) 9,099 വോട്ടുകള്‍ക്ക് തോല്‍പിച്ച് പേരാവൂരില്‍ കെ കെ ശൈലജ ടീച്ചര്‍ വെന്നിക്കൊടി പാറിച്ചിരുന്നു. എന്നാല്‍ 2011, 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഹാട്രിക് വിജയവുമായി യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് പേരാവൂരിന്‍റെ അമരക്കാരനായി. 2011-ല്‍ സണ്ണിയുടെ വിജയം ശൈലജയെ തോല്‍പിച്ചായിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി നാലാംവട്ടവും വിജയിച്ച് പേരാവൂര്‍ സുരക്ഷിതമായിരിക്കുകയാണ് അഡ്വ. സണ്ണി ജോസഫ്. അതേസമയം ഇനിയെന്തായിരിക്കും സിപിഎം രാഷ്‌ട്രീയത്തില്‍ കെ കെ ശൈലജ ടീച്ചറുടെ ഭാവി എന്നതാണ് ഉയരുന്ന ചോദ്യം. ഒരു വനിതാ മുഖ്യമന്ത്രിയെയാണ് സിപിഎം നഷ്‌ടപ്പെടുത്തിയത് എന്ന് സങ്കടപ്പെടുന്നവരേറെ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News