പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പേര് പറഞ്ഞുകേട്ടിരുന്ന കെ കെ ശൈലജ, പി രാജീവ്, എം ബി രാജേഷ് തുടങ്ങിയ പ്രധാന നേതാക്കള്‍ യുഡിഎഫ് കൊടുങ്കാറ്റില്‍ കടപുഴകി. അപ്പോള്‍ ആരാവും കേരള നിയമസഭയില്‍ അടുത്ത പ്രതിപക്ഷ നേതാവ്?

തിരുവനന്തപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ക്യാപ്റ്റനും സഹായികളും യുഡിഎഫ് സുനാമിയില്‍ ഒഴുകിപ്പോയിരിക്കുന്നു, കപ്പലില്‍ അവശേഷിക്കുന്നത് ചുരുക്കം മന്ത്രിമാര്‍ മാത്രം. സംസ്ഥാനത്ത് 2026 നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു പ്രധാന ചോദ്യം ആര് അടുത്ത പ്രതിപക്ഷ നേതാവാകും എന്നാണ്. തുടര്‍ ഭരണത്തിന് ശേഷം എല്‍ഡിഎഫിന്‍റെ ദയനീയ തോല്‍വിയുടെ ചൂണ്ടുവിരല്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുമ്പോള്‍ 'പിവി' പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുമോ എന്ന് കണ്ടറിയണം. എല്‍ഡിഎഫിന് ഭരണം നഷ്‌ടപ്പെട്ടാല്‍, പ്രതിപക്ഷ നേതാവാകും എന്ന് പറഞ്ഞുകേട്ടിരുന്ന കെ കെ ശൈലജ, പി രാജീവ്, എം ബി രാജേഷ് തുടങ്ങിയ പ്രധാന നേതാക്കളും യുഡിഎഫ് കൊടുങ്കാറ്റില്‍ കടപുഴകി. അപ്പോള്‍ ആരാകും കേരള നിയമസഭയില്‍ അടുത്ത പ്രതിപക്ഷ നേതാവ്?

Add Asianetnews as a Preferred SourcegooglePreferred

തോറ്റ മന്ത്രിമാര്‍ ഇവര്‍

സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തില്‍ 13 എല്‍ഡിഎഫ് മന്ത്രിമാരാണ് തോല്‍വി രുചിച്ചത്. വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, പി രാജീവ്, എം ബി രാജേഷ്, ആര്‍ ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രന്‍, ജെ ചിഞ്ചുറാണി, ഗണേശ് കുമാര്‍, വി അബ്‌ദുറഹിമാന്‍, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, റോഷി അഗസ്റ്റിന്‍, വീണ ജോര്‍ജ് എന്നീ മന്ത്രിമാര്‍ പരാജയപ്പെട്ടു.

എല്‍‍ഡിഎഫിന്‍റെ നാണംകെട്ട പരാജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാഷും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. പിണറായിയും സിപിഎം രാഷ്‌ട്രീയത്തില്‍ അപ്രസക്തനാവുന്നതോടെ എല്ലാ കണ്ണുകളും കെ എന്‍ ബാലഗോപാലിലേക്ക് നീളുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ പിണറായി വിസമ്മതിച്ചാല്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാലായിരിക്കും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെടാന്‍ സാധ്യത. പാര്‍ലമെന്‍ററി രംഗത്തെ പരിചയം ബാലഗോപാലിന് മുന്‍തൂക്കം നല്‍കുന്നു. പാര്‍ട്ടിയില്‍ സീനിയര്‍ സജി ചെറിയാനാണെങ്കിലും നറുക്ക് ബാലഗോപാലിന് വീണേക്കും എന്നാണ് നിരീക്ഷണം. കൊട്ടാരക്കരയില്‍ അഡ്വ. ഐഷ പോറ്റിയോട് ശക്തമായ മത്സരം നേരിട്ടാണ് കെ എന്‍ ബാലഗോപാല്‍ വീണ്ടും നിയമസഭയിലെത്തുന്നത്. 1012 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ബാലഗോപാലിന്‍റെ വിജയം.

വിജയിച്ച മന്ത്രിമാര്‍

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ ആറ് പേരാണ് മന്ത്രിസഭയില്‍ നിന്ന് വിജയിച്ചത്. കെ രാജന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, സജി ചെറിയാന്‍ എന്നിവരാണത്. റിയാസ് ബേപ്പൂരിലെ സുരക്ഷിത കോട്ടയില്‍ പോലും യുഡിഎഫ് സ്വതന്ത്രന്‍ പി വി അന്‍വറിന്‍റെ ശക്തമായ മത്സരം നേരിടേണ്ടിവന്നു. സിപിഐ മന്ത്രിമാരില്‍ ചിഞ്ചുറാണി മാത്രമാണ് തോറ്റത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News