സംസ്ഥാനത്തെ ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി. ഉച്ചയ്ക്ക് 12 മണി മുതൽ സഭ നിര്‍ത്തിവെച്ച് രണ്ട് മണിക്കൂര്‍ ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധി നിയമസഭ ചര്‍ച്ച ചെയ്യും. ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകികൊണ്ടാണ് ചര്‍ച്ച. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ രണ്ടു മണിക്കൂറായിരിക്കും ചര്‍ച്ച നടക്കുക. പദ്ധതി പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും ധനപ്രതിസന്ധിയിൽ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെങ്കിലും ചർച്ചയാകാം ധനമന്ത്രി മറുപടി നൽകി. ഈ സഭാ സമ്മേളന കാലത്തെ നാലാം ചര്‍ച്ചയാണിത്. കരൂര്‍ ദുരന്തത്തിൽ അനുശോചന അര്‍പ്പിച്ചാണ് നിയമസഭയിൽ നടപടികളാരംഭിച്ചത്. പരുക്കേറ്റവർ ഇത്രയും പെട്ടെന്ന് സുഖം പ്രപിക്കട്ടെ എന്ന് സ്പീക്കർ എഎൻ ഷംസീര്‍ പറഞ്ഞു

അതേസമയം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷം പിന്തുണയ്ക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു കൂട്ടിയ സര്‍വകക്ഷി യോഗത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കുന്നതിലെ ആശങ്കകൾ സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുളള കക്ഷികൾ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമേയം ഒന്നിച്ചു പാസാക്കാനുള്ള തീരുമാനം. വോട്ടർ പട്ടിക പരിഷ്കരണം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിവെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ആവശ്യപ്പെട്ടിട്ടുണ്ട്.

എംഎസ്‍സി എൽസ കപ്പലപകടം; മത്സ്യത്തിന്‍റെ ഗുണനിലവാരത്തിൽ പ്രശ്നമില്ലെന്ന് സജി ചെറിയാൻ

എംഎസ്‍സി എൽസ കപ്പലപകടവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമസഭയിൽ മന്ത്രി സജി ചെറിയാൻ മറുപടി നൽകി. കപ്പലപകടത്തിൽ വലിയ അളവിൽ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. 1400 ടൺ പാസ്റ്റിക് മാലിന്യമാണ് ഉണ്ടായത്. എന്നാൽ, മത്സ്യത്തിന്‍റെയും ജലത്തിന്‍റെയും ഗുണനിലവാരത്തിൽ പ്രശ്നം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം, കൊല്ലം ഉൾപ്പെടെയുളള തീരങ്ങളിൽ നിന്ന് പരിശോധന നടത്തി.ചില കണ്ടെയ്നറുകളിൽ നിന്ന് കുമ്മായം കടലിൽ കലർന്നിട്ടുണ്ട്. ഇത് ജലത്തിന്‍റെ പിഎച്ച് മൂല്യത്തിൽ മാറ്റമുണ്ടാക്കി. എറണാകുളം, കൊല്ലം ആലപ്പുഴ തീരത്ത് നിന്നും ശേഖരിച്ച ജല മത്സ്യ സാമ്പിളുകൾ പരിശോധിച്ചു. സിഎംഎഫ്ആര്‍ഐ നടത്തിയ പരിശോധനയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തി.അയല മുട്ടകളും ശേഖരിച്ചു പരിശോധിച്ചു. ഡ്രോൺ നിരീക്ഷണത്തിലൂടെ മലിനീകരണത്തിന്‍റെ തോത് മനസിലാക്കി. 

തീരത്ത് ശുചീകരണം നടത്തി. തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. 143 കണ്ടെയ്നറുകളിൽ അപകട വസ്തുക്കൾ ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരത്തെ മത്സ്യ തൊഴിലാളികൾക്ക് 10.55 കോടി രൂപ നഷ്ടപരിഹാരമായി.പരിസ്ഥിതി മലിനീകരണത്തിന് പിഴ ചുമത്തി.16705.65 കോടി രൂപ സെക്യൂരിറ്റി തുക നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. സർക്കാരിന് ചെയ്യാവുന്നതിൽ പരമാവധി കാര്യം ചെയ്തിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.