സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. ഉച്ചയ്ക്ക് 12 മുതൽ രണ്ടു മണിക്കൂറായിരിക്കും അടിയന്തര പ്രമേയത്തിനുമേൽ ചര്‍ച്ച നടക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചു. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിക്കുകയായിരുന്നു. പ്രതിപക്ഷനേതാവിൻറെ നിലപാട് തള്ളി ഇന്നലെ സഭയിൽ എത്തിയ രാഹൂൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിലെത്തിയില്ല. പൊലീസ് മര്‍ദനത്തിൽ അടിയന്തര പ്രമേയം നൽകി സര്‍ക്കാരിനെതിരെ പോര് കനപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. എന്നാൽ, യുഡിഎഫ് ഭരണകാലത്തെ പൊലീസ് മര്‍ദനങ്ങളടക്കം ഉന്നയിച്ച് തിരിച്ചടിക്കാനാകും ഭരണപക്ഷത്തിന്‍റെ നീക്കം.

സഭയിൽ 'സിസ്റ്റം' പോര്

ആരോഗ്യ മേഖയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ആരോഗ്യമന്ത്രിയുടെ മറുപടിയോടെയാണ് ഇന്ന് സഭ സമ്മേളനം ആരംഭിച്ചത്. സിസ്റ്റത്തിലെ പ്രശ്നങ്ങള്‍ പത്തുവര്‍ഷം കഴിഞ്ഞിട്ടില്ലെന്ന എന്ന് പ്രതിപക്ഷം ചോദിച്ചപ്പോള്‍ സിസ്റ്റത്തിന്‍റെ തകരാര്‍ എന്ന് പറഞ്ഞത് മനസിലാക്കേണ്ടവര്‍ മനസിലാക്കിയെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജിന്‍റെ മറുപടി. ആരോഗ്യ ഇൻഷുൻറസ് സ്കീമിൽ ഉൾപ്പെട്ട രോഗികൾ ചികിത്സ ഉപകരണങ്ങൾ വാങി നൽകേണ്ട സാഹചര്യമില്ലെന്നും പണം ഈടാക്കി ഉപകരണങ്ങൾ വാങ്ങി നൽകേണ്ട സാഹചര്യം സർക്കാർ നയത്തിന് എതിരാണെന്നും ഉപകരണ ക്ഷാമം ഡിപാർട്മെന്‍റ് മെഡിക്കൽ കോളേജ് അധികൃതരെ അറിയിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. രോഗികളിൽ നിന്ന് പണം വാങ്ങി മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.

രോഗികളിൽ നിന്ന് പണം വാങ്ങി ചികിത്സ നൽകുന്ന രീതി നിരുത്സാഹപ്പെടുത്തണം. മെഡിക്കൽ കോളേജുകളിൽ പണം വാങ്ങി ചികിത്സ നൽകുന്നത് സർക്കാർ ഗൗരവമായി കാണുന്നു. യുഡിഎഫ് കാലത്ത് ഉപകരണ പർച്ചേസിനുള്ള ചെലവും മന്ത്രി താരതമ്യം ചെയ്തു. 2011- 2016 -യുഡിഎഫ് സർക്കാർ 15. 64 കോടി രൂപയുടെ ഉപകരണം മാത്രമാണ് നൽകിയത്. എന്നാൽ ഈ സര്‍ക്കാരിന്‍റെ കാലത്ത് 80. 66 കോടി രൂപയുടെ ഉപകരണങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാങ്ങി നൽകിയെന്ന് മന്ത്രി പറഞ്ഞു. 7,708 കോടി രൂപ കഴിഞ്ഞ നാലുവർഷം കൊണ്ട് കേരളത്തിലെ ആളുകൾക്ക് സൗജന്യ ചികിത്സ നൽകി. 25,17000 പേര്‍ക്കാണ് സൗജന്യ ചികിത്സ നൽകിയത്. കേരളത്തിന്‍റെ ആരോഗ്യമേഖലയിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഒരാളുപോലും രോഗത്തിനു മുമ്പിൽ നിസഹായരായി പോകാൻ പാടില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു.

ആരോഗ്യ വകുപ്പിന് കപ്പിത്താനില്ലാത്ത സ്ഥിതിയെന്ന് പ്രതിപക്ഷ എംഎഎൽ എ പി അനിൽ കുമാർ വിമര്‍ശിച്ചു. 10 വർഷം കൊണ്ട് സിസ്റ്റത്തിന്‍റെ തകരാർ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോയെന്നും അനിൽകുമാര്‍ ചോദിച്ചു. ആരോഗ്യവകുപ്പ് കപ്പിത്താൻ ഇല്ലാതെ പോകുന്നുവെന്ന് സനീഷ് കുമാർ ജോസഫ് വിമര്‍ശിച്ചു. ചികിത്സിക്കാൻ വേണ്ട പഞ്ഞി വരെ വാങ്ങി നൽകേണ്ട പ്രശ്നം പറയുമ്പോൾ പത്ത് വർഷം മുൻപുള്ള കണക്കാണോ ആരോഗ്യ മന്ത്രി പറയേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി വെച്ച് മെഡിക്കൽ കോളേജാക്കിയെ എങ്ങനെ ഒരു ആരോഗ്യമന്ത്രി പറയുമെന്നും സ്വകാര്യമേഖലക്ക് രോഗികളെ എത്തിക്കാനുള്ള ആസൂത്രിതശ്രമം ആണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. താൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കേണ്ടവർക്ക് മനസിലായിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷത്തിന്‍റെ സിസ്റ്റം തകരാറിന് മന്ത്രി മറുപടി നൽകിയത്. ശിശു ജനന മരണനിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ആരോഗ്യ വകുപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി വിമര്‍ശിച്ച് വീണ ജോര്‍ജ് പറഞ്ഞു.