മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ചരിത്രത്തിലാദ്യമായി പ്രത്യേക പ്രമേയം പാസാക്കും. മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തെ എൽഡിഎഫ് പിന്തുണക്കും
തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളം നാളെ നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി ഡി സതീശനാകും ഈ നിർണായക പ്രമേയം അവതരിപ്പിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ എൽ ഡി എഫ്, സർക്കാർ കൊണ്ടുവരുന്ന ഈ പ്രമേയത്തെ പൂർണ്ണമായും പിന്തുണക്കും. രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ചട്ടം 118 പ്രകാരമുള്ള പ്രമേയത്തിൽ ഒഴിവാക്കപ്പെട്ട അര്‍ഹരെ വോട്ടര്‍ പട്ടികയിൽ ചേര്‍ക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കുന്ന സമിതി ചിഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്തി മാറ്റണമെന്നുമുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്രത്തോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും അഭ്യര്‍ഥിക്കുന്നതാകും പ്രമേയം. ദില്ലിയിൽ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടയിൽ, കേരള നിയമസഭയുടെ ഈ നീക്കം ദേശീയ തലത്തിലെ സമരങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ ആവേശം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം നാളെയാണ് തുടങ്ങുക.
ഇന്നും രാജ്യതലസ്ഥാനം സമരഭരിതം
അതേസമയം ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്താൽ അവധി ദിവസമായ ഞായറാഴ്ചയും ദില്ലി സമരഭരിതമായി. ഇടത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പലയിടത്തും പ്രതിഷേധക്കാരെയും നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പൊലീസ് മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് എം പിയും ഇടത് സംഘടന നേതാക്കളും പരാതിപ്പെട്ടു. എസ് എഫ് ഐ, ഡി വൈ എഫ് ആ, ഐസ, എ ഐ എസ് എഫ്, ഫ്രറ്റേണിറ്റി തുടങ്ങി നിരവധി സംഘടനകൾ നടത്തിയ പ്രതിഷേധങ്ങളെല്ലാം സംഘർഷത്തിനിടയാക്കി. ഇടുങ്ങിയ അറകളുള്ള വാഹനങ്ങളിലാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുക്കുന്നതെന് ഐസ നേതാവ് നേഹ ബോറ ആരോപിച്ചു. ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം രാജ്യ തലസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.
നിയന്ത്രണങ്ങൾ നീക്കിയതോടെ പ്രതിഷേധം ശക്തമായി
ഇന്നലത്തെ നിയന്ത്രണങ്ങൾ നീക്കി മെട്രോ സ്റ്റേഷനുകൾ അടക്കം തുറന്നതോടെ ദില്ലിയിലെ പല മേഖലകളിലും പ്രതിഷേധം തുടരുകയാണ്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് അടുത്ത് എ ഐ എസ് എഫ്, എസ് എഫ് ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ 11:30 നാണ് പ്രതിഷേധം തുടങ്ങിയത്. ഇന്നർ സർക്കിളിലേക്ക് കയറിയ ഉടൻ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കാൻ തുടങ്ങി. ബസ്സുകളിലേക്ക് പ്രവര്‍ത്തകരം വലിച്ച് കയറ്റാൻ നോക്കിയത് സംഘർഷത്തിന് ഇടയാക്കി. പോലീസിനെ വെട്ടിച്ച് ചിലർ ഓടിയതോടെ ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നു. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിക്ക് ഉൾപ്പെടെ പരിക്കേറ്റു. ഇതിനിടയിലാണ് ജോൺ ബ്രിട്ടാസ് എം പി നടപടി ചോദ്യം ചെയ്ത് കൊണാട്ട് പ്ലേസിൽ എത്തിയത്. പോലീസുമായി ജോൺ ബ്രിട്ടാസ് ഏറെ നേരം തർക്കിച്ചു. ഇതോടെ എം പിയേയും പോലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി. കുറച്ചുദൂരം കൊണ്ടു പോയ ശേഷം ഡി സി പിയുടെ നിർദ്ദേശപ്രകാരം ബ്രിട്ടാസിനെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. തന്നെ പോലീസ് മർദ്ദിച്ചു എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ആനി രാജ അടക്കം നേതാക്കളെയും പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കളെ സ്റ്റഡിയിലെടുത്ത് നീക്കിയത് ഇടുങ്ങിയ ഇരുമ്പറകൾ ഉള്ള വാഹനത്തിലാണെന്നാണ് പരാതി. വാഹനത്തിനകത്തുവെച്ച് പോലീസ് മർദ്ദിച്ചെന്നും നേതാക്കൾ പറഞ്ഞു.

