കേരള ബാങ്ക് ഡയറക്ടർ സ്ഥാനം: മുസ്ലിം ലീഗ്-യൂത്ത് ലീഗ് മലപ്പുറം യോഗത്തിൽ അബ്ദുൾ ഹമീദ് എംഎൽഎക്ക് രൂക്ഷ വിമർശനം
പാർട്ടിക്ക് വേണ്ടി കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത തനിക്കെതിരെ വ്യക്തിപരമായ വേട്ടയാടൽ നടക്കുന്നതായി അബ്ദുൾ ഹമീദ്
മലപ്പുറം: മുസ്ലീം ലീഗ് - യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ സംയുക്ത യോഗത്തിൽ കേരള ബാങ്ക് ഡയറക്ടറും വള്ളിക്കുന്ന് എംഎൽഎയുമായ പി അബ്ദുൽ ഹമീദിനെതിരെ രൂക്ഷ വിമർശനം. കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം ഏറ്റെടുത്തതിനെതിരെയാണ് വിമർശനം ഉയർന്നത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി, സ്ഥാനമേറ്റെടുത്തതിനെതിരെ പ്രമേയം പാസാക്കിയതായി യോഗത്തിൽ അറിയിച്ചു.
നിരവധി പദവികൾ വഹിക്കുന്ന പി അബ്ദുൾ ഹമീദ് പാർട്ടി പദവികൾ രാജിവെക്കണമെന്ന് പ്രതിനിധികൾ ആവശ്യപെട്ടു. പാർട്ടിക്ക് വേണ്ടി കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത തനിക്കെതിരെ വ്യക്തിപരമായ വേട്ടയാടൽ നടക്കുന്നതായി അബ്ദുൾ ഹമീദ് യോഗത്തിൽ പരാതിപ്പെട്ടു. പാണക്കാട് സാദിഖലി തങ്ങളുടെ അനുമതിയോടെയാണ് പി അബ്ദുൽ ഹമീദ് കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതെന്ന് പികെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ പറഞ്ഞു. സംസ്ഥാന തലത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതിൽ പ്രശ്നങ്ങളില്ലെന്നും കൂടുതൽ ചർച്ചകൾ നടത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു.