ഉപതെരഞ്ഞെടുപ്പുകളിലെ റെക്കോർഡ് വിജയം എന്നതിനപ്പുറം അതുവരെ കേരളം കണ്ടതിൽവച്ചേറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയവും പി ജയരാജൻ അന്ന് പോക്കറ്റിലാക്കിയിരുന്നു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കുറിച്ച ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ 'അപ്പ'യെയും മറികടന്നു. ഉമ്മൻ ചാണ്ടിയുടെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തേക്കാളും വലിയ വിജയമാണ് പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മകന് വേണ്ടി കരുതിവച്ചത്. എന്നാൽ ഉപതെരഞ്ഞെടുപ്പുകളും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോ‍ർഡിൽ പി ജയരാജൻ ഇപ്പോഴും ബഹുദൂരം മുന്നിലാണ്.

ചില്ലറ തോൽവിയല്ല, 2016 നും പിന്നിലായി ജെയ്ക്! സിപിഎം ഉത്തരം തേടുന്ന ചോദ്യം, '11903' പുതുപ്പള്ളിയിൽ എവിടെപോയി

ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്നു

അരനൂറ്റാണ്ടിലേറെക്കാലം പുതുപ്പള്ളിയുടെ എം എൽ എ ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് നൽകിയിട്ടുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തേക്കാളും വലിയ വിജയമാണ് പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മകന് നൽകിയത്. 2011 ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായെത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി ജനത മനസ്സറിഞ്ഞ് വോട്ട് ചെയ്ത് ഏറ്റവും വലിയ ഭൂരിപക്ഷം സമ്മാനിച്ചത്. അന്ന് 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇക്കുറി മകൻ ജയിച്ചതാകട്ടെ 37719 വോട്ടുകൾക്കും.

പി ജയരാജൻ തന്നെ ബഹുദൂരം മുന്നിൽ

ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തിലും സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോർഡ് സി പി എം നേതാവ് പി ജയരാജന്‍റെ കയ്യിൽ ഭദ്രം. 2005 ല്‍ കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പിലാണ് പി ജയരാജന്‍ റെക്കോർഡ് വിജയം നേടിയത്. അന്ന് 45377 വോട്ടിന്റെ വ്യത്യാസത്തിലാണ് കോണ്‍ഗ്രസിലെ കെ പ്രഭാകരനെന്ന എതിരാളിയെ പി ജയരാജന്‍ മലർത്തിയടിച്ചത്. പി ജയരാജൻ 81872 വോട്ടുകൾ നേടിയപ്പോൾ പ്രഭാകരന്‍റെ വെല്ലുവിളി 36495 വോട്ടിൽ അവസാനിച്ചു. 2001 നിയമസഭാ തിരഞ്ഞെടുപ്പിലെ പി ജയരാജന്‍റെ കൂത്തുപറമ്പിലെ വിജയം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജയരാജന്‍റെ തടവ് ശിക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രഭാകരന്‍റെ ഹർജിയിലാണ് നടപടി ഉണ്ടായത്. ഉപതെരഞ്ഞെടുപ്പിലും ജയരാജൻ തന്നെ രംഗത്തിറങ്ങിയാണ് റെക്കോർഡ് വിജയം സ്വന്തമാക്കിയത്. ഉപതെരഞ്ഞെടുപ്പുകളിലെ റെക്കോർഡ് വിജയം എന്നതിനപ്പുറം അതുവരെ കേരളം കണ്ടതിൽവച്ചേറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയവും പി ജയരാജൻ അന്ന് പോക്കറ്റിലാക്കിയിരുന്നു. എന്നാൽ ഇത് പിന്നീട് കെ കെ ശൈലജയുടെ പേരിലായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ജയിച്ചത്. നിലവിൽ സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയം ഇതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം