Asianet News MalayalamAsianet News Malayalam

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം, എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് ക്ഷീണം

കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ

Kerala byelection results LDF wins more seats UDF adds two more BJP lose kgn
Author
First Published Dec 13, 2023, 11:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിഞ്ഞ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം. ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫ് നാല് സീറ്റുകൾ പിടിച്ചെടുത്തു. ഫലം വന്നതിൽ 14 ഇടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു. എൽഡിഎഫ് 13 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു. ആം ആദ്മി പാർട്ടിയും എസ്‌ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് നാല് സീറ്റുകൾ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുക്കാനും കഴിഞ്ഞു.

ഫലം ഇങ്ങനെ

കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു ഡിവിഷനുകളും യുഡിഎഫ് പിടിച്ചെടുത്തു. കൂട്ടിക്കലിൽ കോൺഗ്രസിലെ അനു ഷിജുവും ആനിക്കലിൽ കോൺഗ്രസിലെ ഡാനി ജോസ് കുന്നത്തും ആണ് ജയിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളിലാണ് വിജയം. മലമ്പുഴ ബ്ലോക് പഞ്ചായത്ത് ആറാം ഡിവിഷൻ യുഡിഎഫ് നിലനിർത്തി. പ്രത്യുഷ് കുമാർ വിജയിച്ചു.

തലനാട് പഞ്ചായത്ത്‌ മേലടുക്കം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഐ എമ്മിലെ കെ കെ ഷാജിയാണ് 22 വോടിനു വിജയിച്ചത്. മേലടുക്കം വാർഡിലെ  കോൺഗ്രസ്‌ അംഗമായിരുന്നു ചാൾസ് പി ജോയി തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ്   അയോഗ്യനാക്കിയത്.

ഈരാറ്റുപേട്ട നഗരസഭാ കുട്ടിമരംപറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വിജയം. എസ്ഡിപിഐയുടെ അബ്‌ദുൾ ലത്തീഫാണ് 44 വോട്ടിനാണ് വിജയിച്ചത്. എസ് ഡി പി ഐ അംഗമായിരുന്ന ഇ പി അൻസാരിയെ അയോഗിനാക്കിയതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒരു വർഷം മുമ്പ് എൻഐഎ അറസ്റ്റ് ചെയ്ത അൻസാരിക്കു നഗരസഭ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

വെളിയന്നൂർ പഞ്ചായത്ത് അരീക്കര വാർഡ് എൽ ഡി എഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു മാത്യു 19  വോട്ടിന് ജയിച്ചു. ആം ആദ്മി പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. യു ഡി എഫ് സ്ഥാനാർഥിക്ക് 11 വോട്ടുകൾ മാത്രമാണ് നേടാനായത്.

തിരുവനന്തപുരം അരുവിക്കര പഞ്ചായത്തിലെ മണമ്പൂർ വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. സി അർച്ചന 184 വോട്ടിനു ജയിച്ചു

കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ജയം. എഎപി സ്ഥാനാർത്ഥി ബീന കുര്യൻ ആണ് വിജയിച്ചത്. കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് ആണ് പിടിച്ചെടുത്തത്. 13 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ നിലവിൽ യുഡിഎഫ് 9 എൽഡിഎഫ് രണ്ട് ബിജെപി 1 എഎപി ഒന്ന് എന്ന നിലയാണ്.

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം വാർഡ് യുഡിഎഫ് നിലനിർത്തി. എംകെ അലി 86 വോട്ടിനു എൽഡിഎഫ് സ്ഥാനാർഥി മൊയ്‌ദീൻ മാറാറിയെ തോൽപ്പിച്ചു. മുസ്‌ലിം ലീഗിലെ എംകെ യാക്കൂബ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാർഡിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ എൽഡിഎഫിന് ജയം. 251 വോട്ട് ഭൂരിപക്ഷത്തോടെ 413 വോട്ട് നേടിയ ഇടത് സ്ഥാനാർത്ഥി അജിമോൻ വിജയിച്ചു

ഇടുക്കി ഉടുമ്പൻചോല പഞ്ചായത്തിലെ മാവടി വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി അനുമോൾ ആൻണി 273 വോട്ടുകൾക്ക് വിജയിച്ചു. യു ഡി എഫിനായി സുജ പ്രിൻസാണ് മത്സരിച്ചത്. അനുമോൾ ആൻറണിക്ക് 665 വോട്ടും സുജ പ്രിൻസിന് 392 വോട്ടും ലഭിച്ചു

ഒഴൂർ പഞ്ചായത്ത് പതിനാറാം വാർഡ് ബിജെപിയിൽ നിന്ന് എൽ ഡി എഫ് പിടിച്ചെടുത്തു. 51 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർഥി സി പി രാധ വിജയിച്ചത്.

തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് പളളിപ്പാടം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി റഷീദ് തങ്ങൾ 93 വോട്ടുകൾക്ക്  വിജയിച്ചു.

പോരുവഴി ഗ്രാമപഞ്ചായത്ത് - പതിനഞ്ചാം വാർഡിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർത്ഥി എസ് ഷീബയാണ് വിജയിച്ചത്. എസ് ഡി പി ഐ  അംഗം അൻസി നസീർ രാജിവെച്ചതിനെ തുടർന്നാണ്  തെരഞ്ഞെടുപ്പ് നടന്നത്.  ഇതോടെ  18 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫ് ആറ്, എൽഡിഎഫ് അഞ്ച്, ബിജെപി അഞ്ച്, എസ്‌ഡിപിഐ രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. 

എറണാകുളം വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് 10-ാം വാർഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. 88 വോട്ടുകൾക്കാണ് യുഡിഎഫിലെ  ബിനിത പീറ്റർ വാർഡ് നിലനിർത്തിയത്. എറണാകുളം ജില്ലയിൽ രണ്ട് പഞ്ചായത്തുകളിലെ രണ്ട് വാർഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഉപതെരഞ്ഞെടുപ്പിൽ ഈ രണ്ടു സീറ്റുകളും യുഡിഎഫ് നിലനിർത്തുകയായിരുന്നു

പട്ടിത്തറ ഗ്രാമ പഞ്ചായത്ത് എൽഡിഎഫിന് ടോസിലൂടെ നേടിയ സിറ്റിംഗ് സീറ്റ് നഷ്ടമായി. യുഡിഎഫിന്റെ കെ മുഹമ്മദ് വിജയിച്ചു
142 വോട്ടിനാണ് ജയം.

ഉമ്മന്നൂർ വിലങ്ങറ വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഹരിത അനിൽ 69  വോട്ടിന് ജയിച്ചു

തഴവ പതിനെട്ടാം വാർഡ് യുഡിഎഫ് നിലനിർത്തി. 249 വോട്ടിന് എം. കണ്ണൻ ജയിച്ചു.

കോഴിക്കോട് വില്യാപ്പള്ളി പഞ്ചായത്തിലെ 16ാം വാർഡ് ചല്ലിവയൽ എൽ ഡി എഫിൽ നിന്നും യു ഡി എഫ് പിടിച്ചെടുത്തു 
കഴിഞ്ഞ തവണ 110 വോട്ടിന് സിപിഎം ജയിച്ച വാർഡ് 311വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥി എൻ ബി പ്രകാശൻ ജയിച്ചു.

പത്തനംതിട്ട  മല്ലപ്പുഴശ്ശേരി  പഞ്ചായത്തിലെ 12 ആം വാർഡ് - കാഞ്ഞിരവേലി ഒരു വോട്ടിന് എൽഡിഎഫ് വിജയം. അശ്വതി റ്റി നായർ സിപിഐ സ്ഥാനാർഥി വിജയിച്ചു. സിപിഐ സിറ്റിംഗ് സീറ്റ് നിലനിർത്തി

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചു മൂർത്തി വാർഡ് എൽഡിഎഫിന് നഷ്ടമായി. യു ഡി എഫ് സ്ഥാനാർത്ഥി സതീഷ്കുമാർ 325 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു.

മാള പഞ്ചായത്തിലെ കാവനാട് 14 ആം വാർഡിൽ യുഡിഎഫിന് വിജയം. നിത ജോഷി 567 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു 
നിത 677 വോട്ട് നേടി. എൽഡിഎഫ് സ്വതന്ത്രൻ ഇസ്മയിൽ നമ്പൂരി മഠത്തിലിന് 110 വോട്ടാണ് കിട്ടിയത്. ബിജെപിയിലെ മണിക്കുട്ടൻ മംഗലത്തിന് 29 വോട്ട് മാത്രമേ കിട്ടിയുള്ളൂ. തുടർച്ചയായി കൗൺസിലിൽ പങ്കെടുക്കാത്തതിനെ തുടർന്ന് വാർഡ് മെമ്പർ ജോഷിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്

ഒറ്റപാലം നഗരസഭ പാലാട്ട് റോഡ് വാർഡ് ബിജെപി നിലനിർത്തി. ബി ജെ പി യിലെ പി സഞ്ജു മോൻ വിജയിച്ചു

പത്തിനംതിട്ട - മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12 - വാർഡ് (കാഞ്ഞിരവേലി ) എൽഡിഎഫ് സ്ഥാനാർത്ഥി അശ്വതി പി നായർ 
ഒരു വോട്ടിന് വിജയിച്ചു

കോഴിക്കോട് വാണിമേൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിച്ചു. കോൺഗ്രസിലെ അനസ് നങ്ങാണ്ടി 444 വോട്ടിന്റ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ലീഗ് വിമതനായിരുന്നു ജയിച്ചത്.

കൊറ്റങ്കര പഞ്ചായത്ത് വയനശാല വാർഡ് എൽഡിഎഫ് നിലനിർത്തി. എസ് ശ്യാം 67 വോട്ടിന്  വിജയിച്ചു.

കോഴിക്കോട് മടവൂർ പഞ്ചായത്തിലെ പുല്ലാളൂർ വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിംലീഗിലെ സിറാജ് ചെറുവലത്ത് 234വോട്ടുകൾക്കാണ് ജയിച്ചത്. കഴിഞ്ഞ തവണ 96 വോട്ടുകൾക്കായിരുന്നു യുഡിഎഫ് വിജയം.

കായംകുളം നഗരസഭ 32-ാo വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സന്തോഷ് കണിയാം പറമ്പിൽ വിജയിച്ചു
187 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥി ടിഎ നാസറിനെ പരാജയപ്പെടുത്തിയത്. യു ഡി എഫ് സ്ഥാനാർത്ഥി ടെൻസി മൂന്നാമതായി. ബിജെപിയുടെ സിറ്റിങ് വാർഡാണിത്.

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻ വണ്ടൂർ ബ്ലോക്ക് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുജന്യ ഗോപി1452 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ചൊക്ലി ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ തീർത്ഥ അനൂപിന് 2181 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. പ്രതിപക്ഷമില്ലാത്ത ബ്ലോക്ക്‌ പഞ്ചായത്തായി പാനൂർ തുടരും.

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios