തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്ഐആർ) മാറ്റിവെക്കണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. എന്നാൽ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന നിലപാടിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉറച്ചുനിൽക്കുകയാണ്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം മാറ്റിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസും സിപിഎമ്മും. മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിജെപിയും വ്യക്തമാക്കിയെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യങ്ങളോട് മുഖംതിരിച്ചു. ഇന്നും നാളെയും കൊണ്ട് എന്യുമറേഷൻ ഫോം വിതരണം പൂർത്തിയാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശന നിർദേശത്തിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും താങ്ങാനാകാത്ത ഭാരം മൂലം ബിഎൽഒമാർ തളർന്നുവീണെന്നും പാർട്ടികൾ ആരോപിക്കുന്നു. എന്നാൽ സമയബന്ധിതമായി എസ്ഐആർ പൂർത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലാണ് പാർട്ടി നേതാക്കൾ ആവശ്യം ഉന്നയിച്ചത്.
ബിഹാർ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ എസ്ഐആറിനെതിരെ എതിർപ്പ് ശക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ പ്രതികരിച്ചു. ബിഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റി, വ്യാജ വോട്ട് ചേർത്തു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ എസ്ഐആർ പ്രവർത്തനങ്ങൾ മാറ്റണം. ഇതുവരെ ഫോം വിതരണം മാത്രമാണ് നടന്നത്. ഫോമുകൾ പൂരിപ്പിച്ച് നൽകുക എളുപ്പമല്ല. ഫോമുകൾ പൂരിപ്പിക്കുന്നതിൽ എതിർപ്പും ആശയക്കുഴപ്പവുമുണ്ട്. പറഞ്ഞ സമയത്തിനുള്ളിൽ ഫോമുകൾ പൂരിപ്പിക്കാൻ സാധിക്കില്ല. എസ്ഐആർ ജോലിയിലുള്ള 80 ശതമാനം പേരും തദ്ദേശ തെരഞ്ഞെടുപ്പ് ജോലി തുടങ്ങിയിരിക്കുകയാണ്. രണ്ടു ജോലിയും ഒന്നിച്ച് കൊണ്ടു പോകാൻ ആകില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ എല്ലാം കമ്മീഷന് കത്ത് നൽകി. ഫോം തിരിച്ചുവാങ്ങാനുള്ള സമയപരിധി ഡിസംബർ അവസാനം വരെയെങ്കിലും നീട്ടണമെന്നും എംവി ജയരാജൻ ആവശ്യപ്പെട്ടു.
എസ്ഐആർ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തണമെന്ന് എന്താണ് വാശിയെന്നായിരുന്നു സിപിഐ നേതാവ് സത്യൻ മൊകേരി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്ഐആർ മാറ്റണമെന്ന് അദ്ദേഹവും ആവർത്തിച്ചു. ഇന്നും നാളെയും കൊണ്ട് ഫോം വിതരണം പൂർത്തിയാക്കണമെന്ന് കർശന നിർദ്ദേശം നൽകുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. പാർട്ടികളുടെ യോഗത്തിന് മിനിറ്റ്‌സില്ല. ബിഎൽഒമാർക്ക് താങ്ങാനാകാത്ത ഭാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നത്. ചില ബിഎൽഒമാർ തളർന്നു വീണു. പാർട്ടികളുടെ നിർദേശങ്ങൾ പരിഗണിക്കാത്തതിൽ ആശങ്കയുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി.
തദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്ഐആർ മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിജെപി നേതാവ് ജെ.ആർ.പത്മകുമാറും വ്യക്തമാക്കി. പാർട്ടികൾക്കും എസ്ഐആറിൽ ഉത്തരവാദിത്തമുണ്ട്. ജീവനക്കാർക്ക് ജോലിഭാരമെന്ന പരാതിയുണ്ട്. അതിന് കമ്മീഷൻ നടപടിയെടുക്കണം. ആരോപണം ഉന്നയിച്ച് എസ് ഐ ആറിന്റെ ശോഭ കെടുത്തരുത്. ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിയും വരെ എസ്ഐആർ പ്രവർത്തനം മാറ്റുന്നില്ലെങ്കിൽ ദുരുദ്ദേശ്യമുണ്ടെന്ന് പറയേണ്ടി വരുമെന്ന് കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജും യോഗത്തിൽ പറഞ്ഞു. എന്യുമറേഷൻ ഫോം തിരിച്ചു വാങ്ങാനുള്ള സമയം നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായ ആവശ്യം കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാമും ആവശ്യപ്പെട്ടു.
ഫോം വിതരണം ചെയ്യാതെ കണക്ക് നൽകുന്നില്ലെന്ന് മറുപടി നൽകിയപ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡോ.രത്തൻ ഖേൽക്കർ പറഞ്ഞു. നഗര മേഖലയിൽ ഫോം വിതരണം താരതമ്യേന കുറവാണ്. ബൂത്ത് ഏജന്റുമാരുടെ സഹായം ഉണ്ടെങ്കിൽ വേഗത്തിലാക്കാം. പാർട്ടികളുടെ സഹായത്തോടെ സമയ ബന്ധിതമായി തന്നെ എസ്ഐആർ പൂർത്തിയാക്കും. മലയോര മേഖലയിലൊഴികെ ഈ മാസം 16 ന് ഫോം വിതരണം പൂർത്തിയാക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഡിസംബർ ഒൻപതിന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


