തിരുവനന്തപുരം: കൊവിഡ് 19നുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിയെ മറികടക്കാന്‍ മരുന്നിനും വാക്‌സിനുമായി ശാസ്‌ത്രലോകം തീവ്രപരിശ്രമം നടത്തുന്ന ഘട്ടത്തില്‍ അശാസ്‌ത്രീയ പ്രചരിപ്പിക്കരുത്, ശാസ്‌ത്രലോകത്തിന് പിന്തുണ നല്‍കുകയാണ് ഉത്തരവാദിത്വമുള്ളവര്‍ ചെയ്യേണ്ടത് എന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.  

'പ്രകൃതിയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അശാസ്‌ത്രീയ മാര്‍ഗങ്ങളുടെ പിന്നാലെ പോകുന്നത് ഒരു പ്രവണതയാണ്. പ്രതിവിധിയായി ശാസ്‌ത്രീയ പിന്‍ബലമില്ലാത്ത മാര്‍ഗങ്ങളെയും ആശ്രയിക്കാറുമുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ നിരവധിയാണ്. വെറും ജലദോഷം പോലുള്ള അസുഖമാണ് എന്നതാണ് ഒരു തെറ്റിദ്ധാരണ. രോഗപ്രതിരോധ ശക്തിയുണ്ടാകണമെങ്കില്‍ കൊറോണ വൈറസ് ആദ്യം ശരീരത്തില്‍ പ്രവേശിക്കണം എന്ന് മറ്റൊന്ന്. കുട്ടികള്‍ക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം എന്നതാണ് മറ്റൊരു തെറ്റായ പ്രചാരണം. മികച്ച രോഗ പ്രതിരോധ ശേഷിയുള്ളവരെ കൊവിഡ് ബാധിക്കില്ല എന്നുപറയുന്നവരുണ്ട്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തിന് അപ്പുറം രോഗബാധയുണ്ടാവില്ല എന്നും പറയുന്നവരും ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ സുരക്ഷിതമാണ് എന്ന് വാദിക്കുന്നവരുമുണ്ട്. 

ഇതര രോഗമുള്ളവര്‍ മാത്രമാണ് മരിക്കുക എന്നാണ് മറ്റൊരു പ്രചാരണം. ഈ പ്രചാരണങ്ങള്‍ക്കൊന്നും ശാസ്‌ത്രത്തിന്‍റെ പിന്തുണയില്ല. രോഗം ഭേദപ്പെടുത്തുന്ന സ്‌പെഷ്യലൈസ്‌ഡ് മരുന്ന് കണ്ടെത്തിയിട്ടില്ല. വാക്‌സിന്‍ വികസിപ്പിച്ചിട്ടില്ല. വാക്‌സിന്‍ ഫലപ്രദമാണോ എന്ന് ഉറപ്പുവരുത്താന്‍ 12-18 മാസം എടുക്കുമെന്നാണ് ശാസ്‌ത്രലോകം പറയുന്നത്. അതിന് മുമ്പുതന്നെ വാക്‌സിനും മരുന്നമൊക്കെ യാഥാര്‍ഥ്യമാക്കാന്‍ ശാസ്‌ത്രലോകത്തിന് കഴിയട്ടെ എന്നാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. മരുന്നും വാക്‌സിനും കണ്ടെത്താന്‍ ശാസ്‌ത്രലോകം തീവ്ര പരിശ്രമങ്ങളിലാണ്. അതിന് പിന്തുണ നല്‍കുകയാണ് ഉത്തരവാദിത്വമുള്ളവര്‍ ചെയ്യേണ്ടത്. അവരുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന രീതിയില്‍ അശാസ്‌ത്രീയത പ്രചരിപ്പിക്കല്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കൊവിഡില്‍ വിറച്ച് കേരളം, രണ്ടിടത്ത് സാമൂഹിക വ്യാപനം; 791 പേർക്ക് കൂടി രോഗം; സമ്പര്‍ക്ക രോഗികളും പെരുകുന്നു

സംസ്ഥാനത്ത് സാമൂഹിക വ്യാപനം സ്ഥിരീകരിച്ച ആദ്യക്ലസ്റ്ററുകൾ തിരുവന്തപുരത്ത്, കടുത്ത ആശങ്ക

അതീവ ഗുരുതരം; സമ്പർക്ക രോഗികളിൽ റെക്കോർഡ് വർധന, ഇന്ന് 532 പേർ