കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ വയനാട് അടുത്ത അമേഠിയാകുമെന്ന് മുന്നറിയിപ്പ് നൽകുന്ന പോസ്റ്ററുകൾക്ക് പിന്നിൽ ആരാണെന്ന സംശയത്തിൽ കോൺഗ്രസിലെ ഗ്രൂപ്പുകൾക്കിടയിൽ ആശയക്കുഴപ്പം രൂക്ഷമായി

കോഴിക്കോട്: മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തിലുയരുന്ന പോസ്റ്റർ പ്രതിഷേധത്തിന്‍റെ ഉദ്ദേശലക്ഷ്യത്തിൽ ആശയകുഴപ്പം. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിൽ ആക്കാൻ ഉള്ള വി ഡി ഗ്രൂപ്പിന്‍റെ നീക്കം എന്നാണ് കെ സി ക്യാമ്പിന്‍റെ സംശയം. ഗാന്ധി കുടുംബത്തെ സതീശന് എതിരാക്കാൻ ഉള്ള നീക്കമെന്നാണ് വി ഡി ഗ്രൂപ്പിന്‍റെ സംശയം. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലാണ് ഹൈക്കമാൻഡിനെതിരെ പോസ്റ്റർ പ്രതിഷേധം എന്നത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. കെ സി വേണുഗോപാലിന്‍റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് കൽപ്പറ്റയിലും കോഴിക്കോട് മുക്കത്തും രാഹുലിനും പ്രിയങ്കക്കുമെതിരെ ഇംഗ്ലിഷിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ആദ്യം പോസ്റ്ററുകൾ കണ്ടത്. പിന്നാലെ മുക്കം നോർത്ത് കാരശ്ശേരിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് എ ഐ സി സി സംഘടന ജനറൽ കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്.ഹൈക്കമാൻഡ് കെ സിയെ പ്രഖ്യാപിച്ചാൽ പ്രതിഷേധം ശക്തമാകുമെന്നാണ് പോസ്റ്റർ രോഷപ്രകടനം നൽകുന്ന സൂചന.

Add Asianetnews as a Preferred SourcegooglePreferred

ഗ്രൂപ്പ് പോര് തെരുവിൽ പടരുമോ?

കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നടക്കം പോസ്റ്ററിൽ വിമർശനമുണ്ട്. രാഹുലിന്‍റെയും പ്രിയങ്കയുടെയും വിഡ്ഢിത്തങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. വയനാട്ടിലെ ജനങ്ങളെ മറക്കരുത്. ഷുവർ സീറ്റ് എപ്പോഴും അങ്ങനെ ആവില്ല. കെ സി നിങ്ങളുടെ ആളായിരിക്കും, പക്ഷെ ജനവികാരം മറക്കരുത് എന്നും പോസ്റ്ററുകളിലുണ്ട്. പോസ്റ്റർ പ്രതിഷേധം വാർത്തയായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ഇവ കീറിക്കളഞ്ഞു. പക്ഷേ ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

മുഖ്യമന്ത്രി ചർച്ചയിൽ മുൻവിധിയില്ലെന്ന് രാഹുൽ ഗാന്ധി

അതേസമയം കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കുമെന്നാണ് സൂചന. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകൾ. ദില്ലിയിൽ ഇന്നലെ നടന്ന അതി നിർണായക ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളിൽ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കെ സിയെ തന്നെയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആ‌ർ സി പക്ഷങ്ങൾ. നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന് ഹൈക്കമാൻഡ് മനസ്സിലാക്കുന്നുവെന്നും ഇരു പക്ഷങ്ങളും വിലയിരുത്തുന്നുണ്ട്. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

YouTube video player