ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസറുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്താത്തതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. കെ ജെ ജോർജിന്റെ പേര് മറച്ചുവെച്ചത് എന്തിനെന്ന ചോദ്യമാണ് പാർട്ടിയിൽ ഉയരുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ സ്പോൺസറെ സംബന്ധിച്ച ദുരൂഹതകൾ തുടരുന്നതിനിടെ, വിഷയം പരസ്യമായി തുറന്നുപറയാൻ തയ്യാറാകാതിരുന്നതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ ജെ ജോർജിന്റെ ഉടമസ്ഥതയിലുള്ള കേളച്ചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്ന് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ യാത്രയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമ്പോൾ കെ ജെ ജോർജിന്റെ പേര് വെളിപ്പെടുത്താതിരുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം നേതാക്കളുടെ അമർഷത്തിന് ഇടയാക്കിയത്. വിമാനം പറത്തുന്ന ചുമതല ചിപ്സൺ ഏവിയേഷൻ എന്ന സ്ഥാപനത്തിനായിരുന്നു. സംസ്ഥാന സർക്കാരുമായുള്ള ഹെലികോപ്റ്റർ വാടക കരാർ പുതുക്കി വാങ്ങാൻ കമ്പനി ശ്രമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ സൗജന്യ യാത്ര ഒരുക്കി നൽകിയതെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്പോൺസർഷിപ്പ് എന്ന നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം സർക്കാരിനും പാർട്ടിക്ക് തന്നെയും വരുംദിവസങ്ങളിൽ കടുത്ത തിരിച്ചടിയാകുമോ എന്ന് കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

മുഖം വരയ്ക്കൽ പ്രതിഷേധവുമായി ഡി വൈ എഫ് ഐ
അതിനിടെ സംഭവത്തിൽ സർക്കാരിനെതിരെ രാഷ്ട്രീയ കടന്നാക്രമണം ശക്തമാക്കുകയാണ് പ്രതിപക്ഷം. വിമാനയാത്രയുടെ സ്പോൺസറെ കണ്ടെത്താൻ എന്ന പേരിൽ വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട് കോട്ടയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയുടെ സ്പോൺസറുടെ മുഖം കൃത്യമായി വരയ്ക്കുന്നവർക്ക് 'എമർജൻസി ലൈറ്റ്' സമ്മാനമായി നൽകുമെന്നാണ് ഡി വൈ എഫ് ഐ പ്രഖ്യാപിച്ചിരിക്കുന്നത്. വിവാദം നിലനിൽക്കേ വിഷയം ഏറ്റെടുത്ത് പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം.

