കേരള കോൺഗ്രസ് ബിയിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. കൊല്ലം ജില്ലാ കമ്മിറ്റി അംഗവും കെടിയുസി കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റുമായ പെരുംകുളം സുരേഷ് അടക്കം നിരവധി പ്രവർത്തകർ പാർട്ടി വിട്ടു. ഇവർ ആർഎംപിഐയിൽ ചേർന്നു. 

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കേരള കോൺഗ്രസ് ബിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. പുന്നലയിൽനിന്ന് ഒരുവിഭാഗം പാർട്ടി വിട്ട് ആർഎസ്പിയിൽ ചേക്കേറിയതിന് പിന്നാലെ കേരള കോൺഗ്രസ് ബി കൊല്ലം ജില്ലാ കമ്മിറ്റി അംഗവും കെടിയുസി കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റുമായ പെരുംകുളം സുരേഷിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ കേരള കോൺഗ്രസ് ബന്ധം ഉപക്ഷിച്ചത് കെ കെ രമ എംഎൽഎ നേതൃത്വം നൽകുന്ന ആർഎംപിഐയിൽ ചേർന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാധാരണ പാർട്ടി പ്രവർത്തകരോടുള്ള കേരള കോൺഗ്രസ് ബി ചെയർമാൻ കെ ബി ഗണേഷ് കുമാറിൻ്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് പെരുംകുളം സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാധാരണ പാർട്ടി പ്രവർത്തകരെ മറന്ന് പണക്കാർക്കും മുതലാളിമാർക്കും വേണ്ടി മാത്രമാണ് ഗണേഷ് കുമാർ പ്രവർത്തിക്കുന്നതെന്നും പെരുംകുളം സുരേഷ് കുറ്റപ്പെടുത്തി. ജനകീയ വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ സ്വീകരിക്കുകയും ജനങ്ങൾക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന ആർഎംപിഐയുടെ പ്രവർത്തനരീതിയിൽ ആകൃഷ്ടരായതിനാലാണ് യുഡിഎഫ് പിന്തുണയുള്ള ആർഎംപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കുമെന്നും പാർട്ടിയിൽ ചേർന്ന നേതാക്കളും പ്രവർത്തകരും അറിയിച്ചു. അതേസമയം പെരുംകുളം സുരേഷിന് ഭാരവാഹിത്വം ഉണ്ടായിരുന്നില്ലെന്നും പാർട്ടിയുമായി അകൽച്ചയിലായിരുന്നു എന്നുമാണ് കേരള കോൺഗ്രസ് നേതൃത്വത്തിൻ്റെ വിശദീകരണം. എന്നാലിത് അടിസ്ഥാന രഹിതമാണെന്ന് പെരുംകുളം സുരേഷ് പറഞ്ഞു.

കേരള കോൺഗ്രസ് ബി ഉൾപ്പെടുന്ന ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെടുകയും പാർട്ടി ചെയർമാൻ കെ ബി ഗണേഷ് കുമാർ ഏക സീറ്റിൽ പരാജയപ്പെടുകയും ചെയ്തോടെ പാർട്ടി കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് പ്രവർത്തകർ യുഡിഎഫിലെ ഘടകകക്ഷികളിലേക്ക് കൂടുമാറുന്നത്.