യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ ശേഷം പാർട്ടിയും പാർട്ടി പ്രവർത്തകരും നിരന്തരം അവഗണിക്കപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പി‌ൽ ഗൗരിയമ്മയുടെ ജെഎസ്എസിന് നൽകിയ പരിഗണന പോലും കേരള കോൺഗ്രസ് (ബി)ക്ക് കിട്ടിയില്ല. 

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് വിടാനൊരുങ്ങി കേരള കോൺഗ്രസ് ബി. എൽഡിഎഫിന്‍റെ സീറ്റ് വിഭജനത്തിൽ പൂർണ്ണമായി തഴഞ്ഞതിൽ പത്ത് ജില്ലാ കമ്മിറ്റികൾ പാർട്ടി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയെ പ്രതിഷേധം അറിയിച്ചു. വൈസ് ചെയർമാൻ കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ വീട്ടിലെ പൊലീസ് പരിശോധനയടക്കം പിണറായി സർക്കാരിൽ നിന്ന് അപമാനം മാത്രമാണ് നേരിടുന്നതെന്നും നേതാക്കൾ പറയുന്നു.

യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ ശേഷം പാർട്ടിയും പാർട്ടി പ്രവർത്തകരും നിരന്തരം അവഗണിക്കപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പി‌ൽ ഗൗരിയമ്മയുടെ ജെഎസ്എസിന് നൽകിയ പരിഗണന പോലും കേരള കോൺഗ്രസ് (ബി)ക്ക് കിട്ടിയില്ല. അപമാനം സഹിച്ച് ഇനിയും മുന്നണിയിൽ തുടരേണ്ടെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും വികാരം. ആർ ബാലകൃഷ്ണപിള്ള മുന്നോക്ക കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഉടൻ രാജിവയ്ക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.

മുന്നോക്ക കോർപ്പറേഷന്‍റെ ചെയർമാൻ സ്ഥാനത്തിരിക്കുന്ന ആർ. ബാലകൃഷ്ണപിള്ളയെ നവമാധ്യമങ്ങളിലൂടെ സിപിഎം നേതാക്കൾ തന്നെ അപമാനിക്കുന്നു. ഡ്രൈവറും പിഎയും ചെയ്ത കുറ്റത്തിന് ഗണേഷ്കുമാറിന്‍റെ വീട് പൊലീസ് റെയ്ഡ് ചെയ്യുന്നു. ഇതെല്ലാം പാർട്ടിയുടെ പ്രതിച്ഛായ പൊതുസമൂഹത്തിൽ മോശമാക്കി. അടിയന്തര സംസ്ഥാന കമ്മിറ്റി കൂടി ഇടത് ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കണെന്നാണ് ആർ. ബാലകൃഷ്ണപിള്ളയ്ക്ക് മേൽ ജില്ലാ കമ്മിറ്റികളുടെ സമ്മർദ്ദം.