കേരള കോണ്‍ഗ്രസ് എം നേതാവിന്‍റെ ഭൂമി തരം മാറ്റൽ വിവാദത്തിനിടെ വയൽ മണ്ണിട്ട് നികത്തുന്നതിനെതിരെ രണ്ടു വര്‍ഷം മുമ്പ് സിപിഐ സമരം ചെയ്തിരുന്നുവെന്ന വിവരവും പുറത്ത്. പരാതിയിൽ ഡെ. കളക്ടറെ സസ്പെന്‍ഡ് ചെയ്തത് വിവാദമായിരിക്കെയാണ് ഇക്കാര്യം പുറത്തുവരുന്നത്.
കല്‍പ്പറ്റ: കേരള കോണ്‍ഗ്രസ് എം നേതാവ് കെജെ ദേവസ്യയുടെ ഭൂമി തരം മാറ്റൽ വിവാദത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്തുവരുന്നു. നേരത്തെ വയൽ മണ്ണിട്ട് നികത്തുന്നതിനെതിരെ റവന്യു മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെ സമരം ചെയ്തിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വയൽ മണ്ണിട്ട് നികത്തുന്നതിനെതിരെ രണ്ടു വര്‍ഷം മുമ്പ് സിപിഐ സമരം നടത്തിയിരുന്നു. വയൽ നികത്തുന്നതിനെതിരെ നൂൽപ്പുഴ വില്ലേജ് ഓഫീസിലേക്ക് ആയിരുന്നു സിപിഐയുടെ മാര്‍ച്ച്. അനധികൃത നടപടി എന്നും തരം മാറ്റൽ അനുവദിക്കരുതെന്നുമെന്നായിരുന്നു സിപിഐ പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാട്. ഭൂമി തരം മാറ്റം വിവാദത്തിൽ കെ ജെ ദേവസ്യ റവന്യു മന്ത്രി കെ രാജന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കളക്ടര്‍ ഗീതയെ സസ്പെൻഡ് ചെയ്തത്. സിപിഐ ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തിലാണ് അന്ന് വയൽ നികത്തലിനെതിരെ സമരം നടത്തിയതെന്ന് സിപിഐ ലോക്കൽ അംഗം ശശിധരൻ പറയുന്നു. മുതിർന്ന നേതാക്കൾ തന്നെ നിയമം അട്ടിമറിക്കാൻ ശ്രമിച്ചാൽ അത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ശശിധരൻ പറഞ്ഞു.



