2026ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിലും കേരള കോൺഗ്രസ് എം വിഭാഗം പരാജയപ്പെട്ടു. പാലായിൽ ജോസ് കെ മാണി വീണ്ടും പരാജയപ്പെട്ടതോടെ, പാർട്ടിയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോൽവിയായി ഇത് മാറി. മുന്നണി മാറ്റവും രാഷ്ട്രീയ നിലപാടുകളുമാണ് ഈ തകർച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.

കേരള നിയമസഭ തെര‍ഞ്ഞെടുപ്പിൽ നാണം കെട്ട തോൽവിയുമായി കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം. 12 സീറ്റിലാണ് ഇത്തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. എന്നാൽ ഒരു സീറ്റിൽ‌ പോലും തരം​ഗമുണ്ടാക്കാൻ ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺ​ഗ്രസ് എമ്മിന് സാധിച്ചില്ല. 12 സീറ്റിലും പരാജയം ഏറ്റുവാങ്ങിയതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയമായി മാറിയിരിക്കുകയാണ് 2026ലെ നിമസഭ തെരഞ്ഞെടുപ്പ്. പാലായിൽ ജോസ് കെ മാണിക്ക് 47808 വോട്ടുകളാണ് നേടാൻ സാധിതച്ചത്. എതിർ സ്ഥാനാർഥി മാണി സി കാപ്പന് 50799 വോട്ടുളും ലഭിച്ചു.

ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജിനും ഒരു തരം​ഗവും ഉണ്ടാക്കാൻ സാധിച്ചില്ല. ചങ്ങനാശ്ശേരിയില്‍ അഡ്വ ജോബ് മൈക്കിള്‍, ചാലക്കുടിയില്‍ അഡ്വ ബിജു ചിറയത്ത്, റാന്നിയില്‍ പ്രമോദ് നാരായണ, തൊടുപുഴയില്‍ സിറിയക് ചാഴിക്കാടന്‍, പിറവത്ത് സാബു കെ ജേക്കബ് എന്നിവരെല്ലാം പരാജയം ഏറ്റുവാങ്ങി. ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളി, കടുത്തുരുത്തിയില്‍ നിര്‍മല ജിമ്മിയും പിന്നിലാണ്. പാലായുടെ മാണിക്യമായിരുന്ന പിതാവ് കെഎം മാണി 13 തവണ വിജയിച്ച പാല മണ്ഡലത്തിലാണ് ജോസ് കെ മാണി, മാണി സി കാപ്പനോട് പരാജയമേറ്റുവാങ്ങേണ്ടി വന്നത്.

രണ്ടാം വട്ടവും പരാജയം

2020 ലാണ് യുഡിഎഫിലെ രണ്ടാമത്തെ ഘടകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേക്ക് മാറിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് കേരള കോൺ​ഗ്രസ് എമ്മിനെ യുഡിഎഫിൽനിന്നും പുറത്താക്കിയത്. തുടർന്ന് 2021ല്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഇടതുമുന്നണി നല്‍കിയ 12 സീറ്റില്‍ 5 ഇടത്ത് വിജയിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാൽ കെഎം മാണി 13 തവണ തുടര്‍ച്ചയായി വിജയിച്ച പാലാ സീറ്റില്‍ ഇടതുതരംഗമുണ്ടായിട്ടും മകന്‍ ജോസ് കെ മാണി 15378 വോട്ടിന് പരാജയപ്പെട്ടത് തിരിച്ചടിയായിരുന്നു. ഇത്തവണ പാല തിരിച്ച്പിടിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ജോസ് കെ മാണി മത്സര രം​ഗത്തേക്ക് ഇറങ്ങിയത്. എന്നാൽ രണ്ടാം വട്ടവും പരാജയപ്പെടുകയായിരുന്നു. 

അവസരവാദ രാഷ്ട്രീയം

ബാര്‍കോഴക്കേസില്‍ കെഎം മാണിയെ കോഴ മാണി എന്ന് വിളിച്ച് ആക്ഷേപിച്ച ഇടതുപക്ഷം പറഞ്ഞതെല്ലാം വിഴുങ്ങി മാണിയുടെ പാര്‍ട്ടിയെ ഇടതുമുന്നണി ഘടകകക്ഷിയാക്കുകയായിരുന്നു ജോസ് കെ മാണിയും റോഷി അ​ഗസ്റ്റിനും. 2021ലെ പിണറായി വിജയന്‍ സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന് നല്‍കിയും കെഎം മാണിയുടെ പുത്രനും പാര്‍ട്ടി ചെയര്‍മാനുമായ ജോസ് കെ മാണിക്ക് രാജ്യസഭാ അംഗത്വവും നല്‍കിയും പ്രീതിപ്പെടുത്തി. എന്നാൽ ഈ അവസരവാദ രാഷ്ട്രീയം ജനങ്ങൾക്ക് സ്വീകാര്യമായില്ല എന്നു വേണം ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ മനസിലാക്കാൻ.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ ചേർക്കാൻ കത്തോലിക്കാ സഭാ നേതൃത്വം സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും മന്ത്രി റോഷി അഗസ്റ്റിൻ അതിനെ ശക്തമായി എതിർത്തുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. റോഷിയെ മുന്നിൽനിർത്തി പാർട്ടി പിളർക്കുമെന്ന സിപിഎം ഭീഷണിയെ തുടർന്നായിരുന്നു ജോസ് കെ മാണി മുന്നണി മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചിരുന്നത്. ഈ പിന്മാറ്റം കേരള കോൺഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതായി മാറിയിരിക്കുകയാണ്.

യുഡിഎഫില്‍ ലീഗിന് പിന്നാലെ മൂന്നാമത്തെ ഘടകകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്വാധീനവും സമ്മര്‍ദ്ദ ശക്തിയും പക്ഷേ ഇടതുമുന്നണിയില്‍ പയറ്റാന്‍ കഴിഞ്ഞില്ല എന്നതും യാഥാർഥ്യമാണ്. കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ ഇടപെടലില്‍ യുഡിഎഫിലേക്ക് മടങ്ങാനുള്ള നീക്കം അവസാന നിമിഷം ഉപേക്ഷിച്ചത് കേരള കോണ്‍ഗ്രസ് എമ്മിന് വൻ തിരിച്ചടിയാണ്. യുഡിഎഫിലേക്ക് മടങ്ങിയിട്ടുണ്ടെങ്കിൽ ത്തരത്തിൽ ഒരു പരാജയം കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിന് രുചിക്കേണ്ടി വരില്ലായിരുന്നു.