കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പ് താഴേത്തട്ടിലേക്ക് വ്യാപിക്കുന്നു. വയനാട് കോഴിക്കോട് ജില്ലകള്‍ക്ക് പിറകെ എറണാകുളത്തും മാണി ഗ്രൂപ്പ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തു. എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പമാണെന്നും പാര്‍ട്ടിഭരണഘടനക്ക് വിരുദ്ധമായാണ് മാണി വിഭാഗം യോഗം വിളിച്ചു കൂട്ടിയതെന്നും ജോസഫ് പക്ഷം പറയുന്നു

ഒരു വിഭാഗം സംസ്ഥാന സമിതി അംഗങ്ങള്‍ ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനതലത്തിലെ പിളര്‍പ്പ് ജില്ലാ തലത്തിലേക്കും നീണ്ടത്. വയനാട് ,കോഴിക്കോട് ജില്ലകളില്‍ മാണി വിഭാഗം പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മാണി വിഭാഗം എറണാകുളം ജില്ലയില്‍ ജില്ലാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്ത് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്.

സംസ്ഥാന ഉന്നതാധികാര സമിതി യംഗം ബാബു ജോസഫിനെയാണ് ജില്ലാ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. നിലവിലെ ജില്ലാ പ്രസിഡന്‍റും ,പി.ജെ ജോസഫ് ഗ്രൂപ്പുകാരനുമായ ഷിബു തെക്കുപുറംത്തിനെതിരെ യോഗം അവിശ്വാസ പ്രമേയവും പാസാക്കി. ഉച്ചക്ക് ജോസഫ് വിഭാഗവും ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്തിരുന്നു.186 അംഗ ജില്ലാ കമ്മിറ്റിയില്‍ 124 പേരും യോഗത്തില്‍ പങ്കെടുത്തുവെന്ന് ജോസഫ് വിഭാഗം അവകാശപ്പെടുന്നു. 

ജില്ലയിലെ മൂന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ന്‍റ്,എട്ട് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും യോഗത്തിനെത്തി. മാണി വിഭഗത്തിന്‍റെ യോഗത്തിന് യാതൊരു നിയമസാധുതയുമില്ലെന്നും ജില്ലാ പ്രസി‍ഡന്‍റ് ഷിബു തെക്കുംപുറം പറഞ്ഞു വരുംദിവസങ്ങളിലും ഇരുവിഭാഗവും ജില്ലാ സമിതി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.