കോട്ടയം: കേരള കോൺഗ്രസിലെ അധികാര തർക്കത്തിൽ കോടതി ഉത്തരവ് വൈകുമെന്ന് ഉറപ്പായതോടെ നിലപാട് കടുപ്പിച്ച് പി ജെ ജോസഫ്. യുഡിഎഫ് വിലക്ക് ലംഘിച്ച് കോട്ടയത്ത് ജോസഫ് വിഭാഗം രഹസ്യ യോഗം ചേർന്നു. അതിനിടെ പാലായിൽ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ഉമ്മൻ ചാണ്ടി കോട്ടയം ഡിസിസി നേതൃയോഗത്തിൽ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. എന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ കോട്ടയത്ത് കോൺഗ്രസ് നേതൃയോഗം ചേർന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ് എന്നിവരും പങ്കെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും യുഡിഎഫ് ഒറ്റക്കെട്ടായി ഉപതെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നേതൃയോഗം നടക്കുന്നതിനിടെ ജോസഫ് വിഭാഗം നേതാക്കൾ കോട്ടയത്തെ സ്വകാര്യഹോട്ടലിൽ രഹസ്യയോഗം ചേർന്നു. പാർട്ടിയിലെ അധികാര തർക്കത്തിൽ കോടതി ഉത്തരവ് വൈകുമെന്ന് ഉറപ്പായതോടെ യുഡിഎഫ് വിലക്ക് ലംഘിച്ചായിരുന്നു യോഗം. യോഗത്തിൽ പി ജെ ജോസഫ്, ടി യു കുരുവിള, മോൻസ് ജോസഫ്, സി എഫ് തോമസ്, തോമസ് ഉണ്ണിയാടൻ, ജോയി ഏബ്രഹാം തുടങ്ങിയ മുതിർന്ന നേതാക്കളാണുണ്ടായിരുന്നത്.

അതേ സമയം യുഡിഎഫിലുണ്ടാക്കിയ ധാരണ അട്ടിമറിച്ചെന്ന് ജോസഫ് വിഭാഗം അട്ടിമറിച്ചെന്ന ആരോപണവുമായി ജോസ് കെ മാണി വിഭാഗം രംഗത്തെത്തി. സ്വാകാര്യ ഹോട്ടലിൽ യോഗം ചേർന്നത് ഗൂഡാലോചന നടത്താനാണെന്നും ഇത് യുഡിഎഫിനോടുള്ള വിശ്വാസ വഞ്ചനയാണെന്നും ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നു.