കടലിൽ വീണ കണ്ടെയ്നറിൽ വല കുടുങ്ങി മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുന്നു. ട്രോളിംഗ് നിരോധനത്തിന് ശേഷം വലിയ പ്രതീക്ഷയോടെ കടലിലിറങ്ങിയവർക്ക് വലയും മീനും ഒരുമിച്ച് നഷ്ടപ്പെടുന്നതോടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്.
തൃശ്ശൂർ ജില്ലയിലെ വലപ്പാട് കടൽത്തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് വല കീറി ലക്ഷങ്ങളടെ നഷ്ടം. ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ മീന്‍ ലഭ്യമായി തുടങ്ങിയ കാലത്ത് തന്നെ മത്സ്യത്തൊഴിലാളികളുടെ വലകൾ കടലില്‍ വീണ കണ്ടെയ്നറില്‍ കുടുങ്ങി നഷ്ടപ്പെടുന്നതായി പരാതി വ്യാപകമാകുന്നു. വലപ്പാട് ബീച്ചിലെ വേദവ്യസന്‍ (IND/KL05/MM/1657) എന്ന 50 പേർക്ക് തൊഴിൽ നല്‍കുന്ന ബോട്ടിന് കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണയാണ് വല നഷ്ടപ്പെട്ടത്. ആദ്യ തവണത്തെ കേട് പാട് തീര്‍ത്ത് രണ്ടാം തവണ വല വീശിയപ്പോൾ ഏതാണ്ട് 500 കിലോയോളം വല കണ്ടെയ്നറില്‍ കുടുങ്ങി നഷ്ടമായി.
ആദ്യ നഷ്ടം
ആദ്യത്തെ തവണ കണ്ടെയ്നറില്‍ കുടുങ്ങി വല നഷ്ടപ്പെട്ടത് ചെറിയൊരു അപകടമെന്നായിരുന്നു കരുതിയത്. അന്ന് വല കീറിപ്പോയതിനെത്തുടർന്ന് രണ്ട് ലക്ഷം രൂപയുടെ നഷ്ടവും ഒരു ദിവസത്തെ തൊഴിലും നഷ്ടമായി. വല തുന്നി പ്രതീക്ഷയോടെയായിരുന്നു വീണ്ടും കടലിൽ ഇറക്കിയത്. പക്ഷേ, ദിവസ്ങ്ങൾക്ക് ശേഷം കാര്യമായ ഒരു ആയപ്പാട് (ചാകര) വലയില്‍ കയറിയെങ്കിലും വല കണ്ടെയ്നറില്‍ കുടുങ്ങി കീറിപ്പോയി.
രണ്ടാമത്തെ നഷ്ടം
രണ്ടാമത് വല കീറുക മാത്രമല്ല, വലയിൽ ഒരു വലിയ ഭാഗം കീറി കടലില്‍ നഷ്ടമായെന്നും വേദവ്യസന്‍ ബോട്ടിലെ തൊഴിലാളിയും പങ്കാളിയുമായ അജീഷ് ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. 500 കിലോ ഭാരമുള്ള വലയും അനുബന്ധ ഉപകരണങ്ങളുമാണ് അന്ന് കടലില്‍ നഷ്ടമായത്. ഒപ്പം ലക്ഷങ്ങളുടെ മീനുകളും നഷ്ടമായി. 50 തൊഴിലാളികളുടെ അഞ്ച് ദിവസത്തെ ജോലിയും പിന്നാലെ നഷ്ടപ്പെട്ടു.
500 കിലോ വല വിരിക്കാൻ ഏകദേശം മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപയെങ്കിലും ചെലവ് വരും. കൂടാതെ വലപ്പണിയ്ക്കായി കൊച്ചിയിൽ നിന്ന് ആശാന്മാരെ വിളിക്കണം. ഒരാൾക്ക് ദിവസേന 2,000 രൂപ കൂലിയാണ്; ഒപ്പം മൂന്ന് പേരും സഹായത്തിന് ഉണ്ടാകും. വലപ്പണി മുഴുവൻ തീരാൻ ഒരാഴ്ചയോളം എടുക്കും. അത്രയും ദിവസത്തെ ഇവരുടെ കൂലിയും പുതിയ വലയും ഈയത്തിന്‍റെയും പണം കൂടി കണ്ടെത്തേണ്ടത് മത്സ്യത്തൊഴിലാളികളുടെ മാത്രം ആവശ്യമായി മാറുന്നു.
വള്ളം ഇറക്കാനുള്ള ചെലവ്
വള്ളം ഇറക്കാനുള്ള ചെലവും ചെറുതല്ല. മത്സ്യഫെഡ്ഡിൽ നിന്നുള്ള ലോണാണ് പ്രധാനമായും ആശ്രയം. പ്രതിവർഷം 10 മുതൽ 15 ലക്ഷം രൂപവരെയാണ് വായ്പ എടുക്കുന്നത്. ഇതിനു പുറമേ നാട്ടുപലിശയ്ക്കും കടം വാങ്ങേണ്ടി വരും. കടലിൽ മീൻ ലഭിക്കുന്ന പ്രദേശങ്ങൾ 15 നോട്ടിക്കൽ മൈൽ അകലെയാണ്. ഇത്രയും ദൂരം ഓടിയെത്താന്‍ ഓരോ ദിവസവും 35,000 മുതൽ 45,000 രൂപവരെയാണ് ഡീസലിന്‍റെയും പെട്രോളിന്‍റെയും ചെലവെന്ന് കഴിഞ്ഞ 36 വര്‍ഷമായി കടല്‍പ്പണി ചെയ്യുന്ന അജീഷ് കൂട്ടിച്ചേര്‍ത്തു.
ഇത്രയും വര്‍ഷത്തിനിടെ ഇത്രയും വലിയ നഷ്ടം നേരിടേണ്ടി വന്നത് ആദ്യമായാണെന്നും അദ്ദേഹം പറയുന്നു. ജൂൺ, ജൂലൈ മാസങ്ങളിലെ ട്രോളിംഗ് നിരോധനം കഴിഞ്ഞ് പണി ആരംഭിച്ച ഉടൻ തന്നെയാണ് ഈ ദുരന്തം സംഭവിച്ചത്. കണ്ടെയ്നർ കടലിൽ പോയത് മൂലം വലയും മീനും ഒരുമിച്ച് നഷ്ടപ്പെട്ടുന്ന അവസ്ഥയാണ് ഉള്ളത്.
ഏകദേശം 10 മുതൽ 13 ലക്ഷം രൂപ മൂല്യമുള്ള മീനാണ് രണ്ടാത്ത് വല കീറിയപ്പോൾ പോയതെന്നും അത്രയും മീൻ കിട്ടുന്ന ദിവസം ഒരു മത്സ്യത്തൊഴിലാളിക്ക് കിട്ടുന്ന വരുമാനം വെറും 6,000-7,000 രൂപ മാത്രമാണ്. ഇത്രയേറെ നഷ്ടം സഹിച്ചും മീന്‍ പിടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ വലകൾ കടലില്‍ വീണ കണ്ടെയ്നറില്‍ കുടുങ്ങി പൂർണ്ണമായും നഷ്ടപ്പെടുമ്പോൾ സര്‍ക്കാർ സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നും അജീഷ് ചൂണ്ടിക്കാട്ടുന്നു. ഇത് വേദവ്യാസന്‍റെ മാത്രം അനുഭവമല്ല. തൃശ്ശൂര്‍ മുതല്‍ ആലപ്പുഴ വരെ നീളുന്ന കേരള തീരത്തെ മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതമാണ്.


