തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇന്നും നാലക്കം കടന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1129 പേരിൽ 500 ൽ കൂടുതൽ പേര്‍ മൂന്ന് ജില്ലകളിൽ നിന്നാണ്. തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ജില്ലകളിലെയും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 

തിരുവനന്തപുരത്ത് ചികിത്സയിൽ ഉള്ള ആകെ രോഗികൾ 3000 കടന്നു. ഇന്ന് രോഗം ബാധിച്ച 259ൽ 241 ഉം സമ്പർക്ക രോഗികളാണെന്നത് സ്ഥിതി കൂടുതൽ കടുപ്പിക്കുന്നു. ജില്ലയിൽ 14 ആരോഗ്യപ്രവർത്തകർക്കും രോഗബാധയുണ്ടായി. അതേ സമയം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 168 പേർ രോഗമുക്തി നേടിയെന്നത് നേരിയ ആശ്വാസം നൽകുന്നു. 

കാസർകോട്  ജില്ലയിൽ ഏറ്റവും വലിയ പ്രതിദിന വർധനയാണുണ്ടായത്. 151 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. കാസർകോട് 17 പുതിയ ഹോട്ട് സ്‌പോട്ടുകളുണ്ട്.  കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14) എന്നിവയാണ് ഹോട്ട് സ്‌പോട്ടുകളാക്കിയത്.

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച 141 പേരിൽ സമ്പര്‍ക്കത്തിലൂടെ 84 പേര്‍ക്ക് രോഗബാധയുണ്ടായി. ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് ഒന്ന്) ഒരാള്‍ കൂടി കൊവിഡ് ബാധിതനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിമൂന്നായി. 

അതോടൊപ്പം കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.