Asianet News MalayalamAsianet News Malayalam

കേരളത്തിൽ ഇന്ന് ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന എട്ട് പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ട ജില്ലയിൽ രണ്ട് പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

Kerala covid 9 more patients Pinarayi Vijayan
Author
Thiruvananthapuram, First Published Mar 25, 2020, 6:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേർ പാലക്കാടും മൂന്ന് പേർ എറണാകുളത്തും രണ്ട് പേർ പത്തനംതിട്ടയിലും ഒരാൾ ഇടുക്കിയിലുമാണ്. നാല് പേർ ദുബായിൽ നിന്നാണ്. ഒരാൾ യുകെ, ഒരാൾ ഫ്രാൻസ്. മൂന്നാൾക്ക് കോണ്ടാക്ടിലൂടെ ലഭിച്ചതാണ്. അതേസമയം ചികിത്സയിലുണ്ടായിരുന്ന എട്ട് പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ 12 പേരുടെ രോഗം സുഖപ്പെട്ടുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേർ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേർ വീടുകളിൽ. 542 പേർ ആശുപത്രികളിൽ. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു. സംസ്ഥാനത്താകെ 118 പേർക്ക് വൈറസ് ബാധ വന്നതിൽ 91 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേർ വിദേശികൾ. ബാക്കി 19 പേർക്ക് കോണ്ടാക്ട് മൂലമാണ്.

"

ഇന്നലെ നമ്മൾ സംസാരിച്ചതിൽ നിന്ന് വ്യത്യസ്തമായ സസാഹചര്യമാണ് രാജ്യത്താകെ ഉണ്ടായത്. ഇന്നലെ രാത്രി രാജ്യത്താകെ ലോക്ക് ഡൌൺ നടപ്പാക്കി. നമ്മളതിന് മുമ്പേ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതാണ്. സ്ഥിതി കൂടുതൽ ഗൌരവതരമാകുന്നു. നമ്മുടെ സംസ്ഥാനം നേരത്തേ കണ്ടത് പോലെത്തന്നെ, എന്നാൽപുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. ജനങ്ങൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കണം. ഇന്ന് രാവിലെ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഈ കാര്യങ്ങളാണ് വിശദമായി പരിശോധിച്ചത്.

12 പേർ ഇതുവരെ രോഗവിമുക്തരായി. മന്ത്രിസഭായോഗതീരുമാനങ്ങൾ നേരത്തേ വിശദീകരിച്ചതാണല്ലോ. സംസ്ഥാനത്തെ എല്ലാ ബിവറേജസ്, കള്ള് ഷാപ്പുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ അടച്ചിടും. അതോടൊപ്പം, കേരളാ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. പകർച്ച വ്യാധി തടയുന്നതിനുള്ള ഓർഡിനൻസാണിത്. പൊതുജനങ്ങളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികൾ നിയന്ത്രിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ഓർഡിനൻസ്. പൊതുഗതാഗതം തടയാം, സാമൂഹ്യനിയന്ത്രണം തടയാം, അതിർത്തികൾ അടയ്ക്കാം, പൊതുപരിപാടികൾ തടയാം - എന്നീ നടപടികൾക്കും ഈ നിയമം വഴി സർക്കാരിന് അധികാരം കിട്ടും. 

സാനിറ്റൈസറുകൾ നിർമിക്കാനും മറ്റ് അനുബന്ധ എട്ട് വിഭാഗം മരുന്നുകളും ഉത്പാദിക്കാൻ അസംസ്കൃത വസ്തുക്കൾ വാങ്ങാൻ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് ഇളവ് നൽകും. കളക്ടർമാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായും വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിച്ചിരുന്നു. വീടുകളിൽ കഴിയുക എന്നത് പ്രധാനമാണ്. സാധാരണയിൽ കവിഞ്ഞ ഇടപെടൽ പൊലീസിന് നടത്തേണ്ടി വരും. റോഡുകളിലും പൊതുസ്ഥലങ്ങളിലും ആളുകൾ കൂടരുത്. നാട് നിശ്ചലമാകണം. 

"

ഇത് പ്രാവർത്തികമാകാൻ ഇതുവരെയുള്ള ശീലത്തിൽ നിന്ന് മാറിയൊരു ശീലം വേണം. അത് ചിലർക്ക് ബുദ്ധിമുട്ടാകും. പക്ഷേ ഒഴിവാക്കാൻ നമുക്ക് കഴിയില്ല. അതിനാൽ കടുത്ത നടപടികൾ തന്നെ വേണ്ടി വരും.

പൊലീസാണ് ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കേണ്ടത്. തിരിച്ചറിയൽ കാർഡോ പാസ്സോ ഇല്ലെങ്കിൽ എന്തിനാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് അന്വേഷിക്കും. ന്യായമായ, ഒഴിച്ചുകൂടാത്ത കാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ മതി. മരുന്ന് വാങ്ങുക, പ്രായമായവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുക - എന്നിങ്ങനെ അത്യാവശ്യങ്ങൾക്കേ ഇളവുള്ളൂ.

മറ്റ് സൌഹൃദസന്ദർശനങ്ങൾക്കും, അത്യാവശ്യമല്ലാത്ത പരിപാടികളും മാറ്റിയേ തീരൂ. ഇത് നടപ്പാക്കൽ ജില്ലാ പൊലീസ് മേധാവിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവികമായും ഇത് പ്രശ്നങ്ങളുണ്ടാക്കും. അത്തരം പ്രശ്നങ്ങൾ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ധാരണയോടെ കൈകാര്യം ചെയ്യണം.

പ്രളയകാലത്ത് വീടുകളിൽ താമസിക്കുന്നത് അപകടമുണ്ടാക്കും എന്നതുകൊണ്ട് പുറത്തുവരൂ എന്നാണ് നമ്മൾ പറഞ്ഞത്. അത് ലംഘിച്ചവർ ബുദ്ധിമുട്ടിലായി. ഇന്ന് വീടുകളിൽ കഴിയൂ എന്നാണ് നമ്മൾ പറയുന്നത്. ഇത് പാലിച്ചില്ലെങ്കിൽ പല മാതിരി ഭവിഷ്യത്ത് വരും. ഓർക്കണം - ഇപ്പോൾ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാ സഹായവും ചെയ്യുന്നുണ്ട്. കേരളത്തിലാകെയുള്ള പ്രശ്നങ്ങൾ ഒരിടത്തിരുന്ന് കൈകാര്യം ചെയ്യാവുന്നതല്ല. അതിനാലാണ് വിപുലമായ വികേന്ദ്രീകൃതസംവിധാനം ഒരുക്കുന്നത്. അതിന് വാർഡ് തല സമിതികളുണ്ടാകും. സന്നദ്ധപ്രവർത്തകരെ കണ്ടെത്തി വാർഡ് തലത്തിൽ വിന്യസിക്കും.

ഒരു സംഘടനയുടെ നിറം കാണിക്കാനോ മേൻമ കാണിക്കാനോ ഉള്ള സന്ദർഭമായി ഇതിനെ എടുക്കാനാകില്ല. പൊതുവേ എല്ലാവരും ഇതിലിടപെട്ട് സഹായിക്കണം. ഓരോ പ്രദേശത്തും, വ്യത്യസ്ത ബുദ്ധിമുട്ടുകളുള്ളവരുണ്ട്. 

രോഗവും അവശതകളും ഉള്ളവർക്കും, ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധർക്കും ഭക്ഷണം കിട്ടാത്ത സ്ഥിതി വരരുത്. പട്ടിണി കിടക്കാൻ ഇടവരരുത്. അതിനായി, ഇവിടെ ഭക്ഷണമെത്തിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കാണ്. അതിനായി കമ്മ്യൂണിറ്റി കിച്ചണുണ്ടാക്കണം. ഓരോ പഞ്ചായത്തിലെയും ഈ കിച്ചണിൽ നിന്ന് പാകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങളിലെത്തിക്കണം.

"

മുൻഗണന പട്ടികയിൽ പെട്ടവർക്ക് നേരത്തെ നൽകുന്ന അരി കൊടുക്കും. മുൻഗണന പട്ടികയിൽ ഇല്ലാത്തവർക്ക് 15 കിലോ അരി. ഒപ്പം പല വ്യഞ്ജന കിറ്റും എല്ലാ കുടുംബത്തിനും. വ്യാപാരികളുടെ സഹകരണം കൂടി തേടും. ഐസോലാഷനിൽ കഴിയുന്ന വർക്ക് തദേശ സ്ഥാപനങ്ങൾ പാകം ചെയ്ത ഭക്ഷണം നൽകണം. സംസ്ഥാനത്ത് കൊയ്ത്തു നടത്തുന്നവർ ശ്രദ്ധിക്കണം. കൊയ്ത്ത് അവശ്യ സർവീസ് ആയി കണക്കാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി പറഞ്ഞത് നിലവിലുള്ളിടത്ത് എല്ലാവരും കഴിയണം എന്നാണ്. നമ്മൾ നേരിടുന്ന ചില പ്രശ്നങ്ങളുണ്ട്. വസ്തുതകൾ മനസിലാക്കി നാം പോകണം. എല്ലാ സംസ്ഥാന അതിർത്തികളും അടച്ചു. യാത്രാ സൗകര്യം തീർത്തും ഇല്ല. എവിടെയാണോ നമ്മുടെ സഹോദരങ്ങളുള്ളത്. അവിടെ കഴിയുക. നാട്ടിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിക്കുന്നവർ 21 ദിവസം കഴിഞ്ഞ് അതാലോചിക്കുക. 

ഇത്തരത്തിലുള്ള ചിലർ നമ്മുടെ സംസ്ഥാന അതിർത്തിയിൽ എത്തിയിട്ടുണ്ട്. അവർ അതിർത്തിക്ക് അകത്തേക്ക് കടന്നിട്ടുണ്ട്. അവരുടെ കാര്യത്തിൽ സർക്കാർ പ്രത്യേക നിലപാട് സ്വീകരിക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞതിനോടാണ് യോജിപ്പ്. എന്നാൽ ഇവർ നാട്ടിലെത്തി. അതുകൊണ്ട് അവരെത്തിയ സ്ഥലത്ത് അവർ ക്വാറന്റൈനിൽ കഴിയണം. 

സംസ്ഥാനത്ത് കൊറോണ കെയർ സെന്ററുകളുണ്ട്. അവിടങ്ങളിലാണ് കഴിയേണ്ടത്. എന്നാൽ ചിലർക്ക് അവിടെ കഴിയാൻ വിഷമം കാണും. എന്നാൽ സാഹചര്യം അതാണ്. എന്നാൽ രാജ്യത്താകെ കൊറോണ വ്യാപിച്ച സാഹചര്യത്തിൽ മുൻകരുതലെടുക്കാൻ മാത്രമേ സാധിക്കൂ. അതുകൊണ്ട് അവരെ ക്വാറന്റൈനിൽ താമസിപ്പിച്ചേ പറ്റൂ. അങ്ങിനെ പറഞ്ഞാൽ കൂട്ടം കൂടി നിൽക്കലല്ല.

പാലക്കാട് അതിർത്തി കടന്ന് വന്ന കുറേപ്പേരെ വിക്ടോറിയ കോളേജിലാണ് താമസിപ്പിച്ചത്. അവർ കൂട്ടം കൂടി നിൽക്കുന്നു. ക്വാറന്റൈൻ മാനദണ്ഡത്തിന് വിരുദ്ധമായ കാര്യമാണത്. അത് പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കും.

"

ഇതിൽ പ്രതിഷേധിക്കുന്നവർ രോഗമില്ല എന്ന വിശ്വാസത്തിലാണ്. സമൂഹത്തെ കരുതിയാണ് ക്വാറന്റൈൻ. സാഹചര്യം എല്ലാവരും മനസിലാക്കണം. നിങ്ങള് രോഗവാഹകരാണെങ്കിൽ അത് ഒരുപാട് പേർക്ക് രോഗം നൽകാൻ ഇടയാക്കും. അത് തടയണം. സമൂഹത്തിന്റെ രക്ഷയെ കരുതി ഈ മാർഗം സ്വീകരിക്കണം. 

Follow Us:
Download App:
  • android
  • ios