24 മണിക്കൂറിനിടെ കൊവിഡ് മൂലം 6 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 746 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 16.87 ശതമാനമാണ് ടിപിആർ.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് (Covid) കേസുകൾ കുറയുന്നില്ല. ഇന്ന് 2,603 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 6 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 746 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

16.87 ശതമാനമാണ് ടിപിആർ. കൊല്ലം 238, പത്തനംതിട്ട 139, ഇടുക്കി 70, കോട്ടയം 255, ആലപ്പുഴ 116, എറണാകുളം 522, തൃശൂര്‍ 138, പാലക്കാട് 98, മലപ്പുറം 63, കോഴിക്കോട് 100, വയനാട് 36, കണ്ണൂര്‍ 62, കാസര്‍കോട് 20 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 

Also Read: കൊവിഡ് 19; ഉയരവും സംസാരരീതിയും രോഗം പകരുന്നതിന് കാരണമാകുന്നുവെന്ന് പഠനം

കേരളത്തിലെ കൊവിഡ് കണക്കിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒമിക്രോൺ തന്നെയാണ് രോഗ വ്യാപനത്തിന് കാരണം. പുതിയ വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം. 

ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി, മാസ്‍ക് ഉറപ്പാക്കണം

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. 

Also Read: പുതിയ വകഭേദമില്ല, ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടക്കുമെന്ന് വിലയിരുത്തൽ

രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു 

രാജ്യത്ത് നാല് മാസത്തിന് ശേഷം പ്രതിവാര കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു. കൊവിഡ് മരണസംഖ്യയിൽ 50 ശതമാനം വർദ്ധനയുണ്ടായി. ഒരാഴ്ചത്തെ ആകെ മരണങ്ങളിൽ 44 ശതമാനം കേരളത്തിൽ നിന്നാണ്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 16135 പേർക്കാണ്.പൊസിറ്റിവിറ്റി നിരക്ക് 4.85 ശതമാനമായി.