തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആകെ രോഗം ബാധിച്ച 1184 പേരില്‍ 956 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. 114 പേരുടെ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കൂടുതല്‍ വലിയ ക്ലസ്റ്ററുകള്‍ ഉണ്ടാകാന്‍ സാധ്യത. എറണാകുളത്ത് കൊവിഡ് വ്യാപിക്കുന്നത് ഫോര്‍ട്ട് കൊച്ചി മേഖലയില്‍. മലപ്പുറത്ത് രോഗവ്യാപനം കൂടുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് മലപ്പുറത്ത് 255 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം തടയാന്‍ സാമൂഹിക അകലത്തെക്കുറിച്ചും സുരക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ചുമുള്ള അവബോധം ഉണ്ടാക്കാന്‍ ദഷിണ മേഖല പൊലീസ് ഐജി ഹര്‍ഷിത അട്ടല്ലൂരിന് പ്രത്യേക ചുമതല. തീരദേശ മേഖലയുടെ ചുമതല ഐജി ശ്രീജിത്തി നല്‍കി. മാസ്‌ക്ക് ധരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ബോധവല്‍ക്കരിക്കാനാണ് നിര്‍ദ്ദേശം. രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 255 , തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146 , എറണാകുളത്ത് 101 എന്നിങ്ങനെയാണ്.