Asianet News MalayalamAsianet News Malayalam

'ജാതി വ്യവസ്ഥ ഉണ്ടാക്കിയവര്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ചവരേക്കാള്‍ ബുദ്ധിയുള്ളവര്‍: കെ. രാധാകൃഷ്ണന്‍

മാറ്റമുണ്ടാവണമെന്ന ഉദ്ദേശ്യത്തിലാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ചെയ്തത് ശരിയല്ലെന്ന് അവര്‍ പറഞ്ഞാല്‍ നല്ലതാണ്. തനിക്ക് പരിഗണന കിട്ടിയില്ലെന്നതല്ല പ്രശ്‌നം- മന്ത്രി വ്യക്തമാക്കി.

Kerala Devaswom Minister K Radhakrishnan about caste discrimination vkv
Author
First Published Sep 19, 2023, 9:59 PM IST

തൃശൂര്‍: ജാതിവ്യവസ്ഥയുണ്ടാക്കിയവര്‍ മനുഷ്യനെ ചന്ദ്രനിലേക്ക് വിട്ടവരേക്കാള്‍ ബുദ്ധി ഉപയോഗിച്ചവരാണെന്നും നൂറ്റാണ്ടുകള്‍ക്കപ്പുറം ഉണ്ടാക്കിയ ചിന്ത ഇപ്പോഴും മനസില്‍ കിടക്കുകയാണെങ്കില്‍ അവരുടെ ബുദ്ധി എത്ര വലുതാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. ക്ഷേത്രച്ചടങ്ങിനിടെ നേരിട്ട ജാതിവിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് മന്ത്രിയുടെ വിശദീകരണം. ചന്ദ്രനിലേക്ക് ആളുകളെ വിട്ടെങ്കിലും മനസ് കിടക്കുന്നത് പുറകിലാണ്. ആ മനസില്‍ മാറ്റം വരുത്താന്‍ പൊതുസമൂഹം ഒന്നായി വരണം. അവരുടെ മനസില്‍ ഉണ്ടാക്കിയെടുത്ത മേല്‍ക്കോയ്മ സംസ്‌കാരം തലമുറ തലമുറയായി പകര്‍ന്നുകിട്ടിയതാണെന്ന് മന്ത്രി തൃശ്ശൂരിൽ പറഞ്ഞു.

ഒരു കാരണവശാലും അയിത്തം അംഗീകരിക്കാനാകില്ല. താന്‍ നേരിട്ടത് ജാതിവ്യവസ്ഥയുടെ ദുരന്തമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. മാറ്റമുണ്ടാവണമെന്ന ഉദ്ദേശ്യത്തിലാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ചെയ്തത് ശരിയല്ലെന്ന് അവര്‍ പറഞ്ഞാല്‍ നല്ലതാണ്. തനിക്ക് പരിഗണന കിട്ടിയില്ലെന്നതല്ല പ്രശ്‌നം. ഇതിനെതിരേ നിയമനടപടി സ്വീകരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.സമൂഹത്തിന്റെ മനസിലാണ് മാറ്റമുണ്ടാവേണ്ടത്. ഇതിനെ വ്യക്തിപരമായ കാര്യമായി കാണുന്നില്ല. ഇത് ബ്രാഹ്മണര്‍ക്കെതിരായല്ല പറയുന്നത്. എത്രയോ നല്ല ബ്രാഹ്മണര്‍ സാമൂഹ്യമാറ്റത്തിനായി നന്നായി പ്രവര്‍ത്തിട്ടുണ്ട്. ഇതിനെ എല്ലാവരും വിശാലമായി കാണണം. സമൂഹത്തില്‍ സമത്വാധിഷ്ടിതമായുള്ള അവസ്ഥയുണ്ടാക്കുകയെന്ന് കടമയായി തിരിച്ചറിയുക. 

ജാതിവ്യവസ്ഥയുണ്ടാക്കിയ സാമൂഹിക അവസ്ഥയാണ് ഈ ദുരന്തത്തിന് കാരണം. ഒരു പ്രസ്ഥാനം ഉള്ളതുകൊണ്ടുമാറുന്നതല്ല മനുഷ്യമനസ്. പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ ഓരോ സമൂഹവും ശ്രമിക്കുകയാണ് ഇത് സമൂഹം മൊത്തത്തില്‍ ചര്‍ച്ച ചെയ്യണം. ഒറ്റപ്പെട്ട പ്രശ്‌നമായി ഇതിനെ കാണാതെ ഇന്ത്യന്‍ സമൂഹം എങ്ങനെയാണ് ഉയര്‍ന്നുവന്നതെന്നുള്ള കൃത്യമായ പഠിച്ച ശേഷമേ മാറ്റം ഉണ്ടാക്കാനാവൂ. ജാതിചിന്ത കേരളത്തില്‍ നിന്ന് പോയി എന്ന നിലയിലേക്ക് കേരളീയ സമൂഹം മാറണം. അതിനായി കേരളം ഇനിയും വളരണം.

അയിത്തം കല്‍പ്പിക്കുന്നത് മനുഷ്യനാണ്. എന്നാല്‍ ആ മനുഷ്യന്റെ പണത്തിന് അയിത്തമില്ല. മനുഷ്യന് അയിത്തം കല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാതിചിന്തകള്‍ക്കെതിരേയാണ് കേരളം പോരാടിയത്. ജാതിക്കും മതത്തിനും അതീതതമായി മനുഷ്യന്റെ സാമൂഹ്യാവസ്ഥക്ക് വേണ്ടി പ്രക്ഷേഭം നടന്ന മണ്ണാണ് കേരളം. ജാതിവ്യവസ്ഥയുണ്ടാക്കിയ മാനസിക അവസ്ഥ പെട്ടെന്ന് ആര്‍ക്കും മാറ്റാനാവില്ല. അത് മനസില്‍ പിടിച്ച കറയാണ്. വസ്ത്രത്തിലോ ഷര്‍ട്ടിലോ മുണ്ടിലോ ആയ കറപോലെ മാറ്റാന്‍ പറ്റില്ല. 

പലപ്പോഴും മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ വേണ്ടി പ്രേരിപ്പിക്കുന്നതാണ് ജാതിചിന്തയും മതചിന്തയുമാണ്. കേരളത്തില്‍ ജാതിചിന്ത നല്ലപോലെ മാറ്റാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കില്‍പ്പോലും എല്ലാവരുടെയും മനസില്‍നിന്ന് മാറിയിട്ടില്ല. അത് കേരളത്തില്‍ പുറത്തെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് പലരും പുറത്തെടുക്കാത്തത്. തനിക്ക് നേരിട്ടത് വിവാദമാക്കാന്‍ നിന്നില്ല. അത് കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് നല്ലപോലെ അറിയാമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Read More :  'അമേരിക്കൻ യുവതിയുമായി രഹസ്യ ബന്ധം, ഒരു കുട്ടിയും'; വിദേശകാര്യ മന്ത്രിയെ ചൈന പുറത്താക്കിയത് എന്തിന് ?

Follow Us:
Download App:
  • android
  • ios