ഒന്നാം തിയതി ഡ്രൈഡേയിലെ മാറ്റത്തിന് 2 കാരണം! എല്ലാം തുറക്കില്ല, 6 കാര്യങ്ങളിൽ മാത്രം ഇളവ്; ശുപാർശയിലെ വിവരങ്ങൾ
ഏറ്റവും പ്രധാനമായി ടൂറിസം മുൻ നിർത്തി ആറ് കാര്യങ്ങളിലാണ് മാറ്റത്തിനുള്ള ശുപാർശയുള്ളത്. അന്താരാഷ്ട്രാ കോൺഫറൻസുകളും ഡെസ്റ്റിനേഷൻ വെഡ്ഡിംഗും നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാം തിയ്യതി മദ്യശാലകൾ തുറക്കാൻ അനുവദിക്കാനാണ് നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേയിൽ ഉപാധികളോടെ മാറ്റം വരുത്തി പുതിയ മദ്യനയം കൊണ്ടുവരാൻ സർക്കാർ നീക്കം നടത്തുന്നതിന്‍റെ വിശദാംശങ്ങൾ പുറത്ത്. കേരളത്തിലെ ഡ്രൈ ഡേയിലെ മാറ്റത്തിനുള്ള ശുപാർശ വലിയ വിവാദങ്ങൾക്ക് പിന്നാലെയായതിനാൽ തന്നെ കരുതലോടെയാണ് നീക്കം. 2 കാരണങ്ങളാണ് പ്രധാനമായും സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഒന്നാം തിയതി സംസ്ഥാനത്തെ മദ്യഷാപ്പുകൾ പൂർണ്ണമായും തുറക്കാൻ കരടിൽ നിർദ്ദേശമില്ലെന്നതാണ് മറ്റൊരു കാര്യം. ഏറ്റവും പ്രധാനമായി ടൂറിസം മുൻ നിർത്തി ആറ് കാര്യങ്ങളിലാണ് മാറ്റത്തിനുള്ള ശുപാർശയുള്ളത്. അന്താരാഷ്ട്രാ കോൺഫറൻസുകളും ഡെസ്റ്റിനേഷൻ വെഡ്ഡിംഗും നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാം തിയ്യതി മദ്യശാലകൾ തുറക്കാൻ അനുവദിക്കാനാണ് നീക്കം. ടൂറിസം വകുപ്പിൻറെ ശുപാർശകൾ മുൻനിർത്തിയാണ് ഡ്രൈ ഡേയിൽ മാറ്റം വരുന്നത്.
പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത് 2 കാരണം
ഡ്രൈ ഡേ കാരണം വിനോദസഞ്ചാരികൾ അകലുന്നുവെന്നും ടൂറിസം പരിപാടികൾ റദ്ദാക്കുന്നുവെന്നും ടൂറിസം വകുപ്പ് ഉന്നയിച്ചിരുന്നു എന്നതാണ് ഒന്നാമത്തെ കാരണം. കോടികളുടെ നഷ്ടമുണ്ടാകുന്നതിനാൽ ഡ്രൈ ഡേ പിൻവലിക്കണമെന്ന വകുപ്പിന്‍റെ നിർദ്ദേശമാണ് രണ്ടാമത്തെ കാരണം. ഇത് കണക്കിലെടുത്താണ് ഉപാധികളോടെയുള്ള മാറ്റത്തിനുള്ള ശുപാർശ.
ഇളവിന് ശുപാർശ 6 കാര്യങ്ങളിൽ
വലിയ വിവാദങ്ങൾക്ക് പിന്നാലെയാണ് ഡ്രൈ ഡേയിലെ മാറ്റമെന്നതിനാൽ തന്നെ 6 മേഖലകളിൽ മാത്രമാണ് നിലവിൽ ശുപാർശയുള്ളത്. അന്താരാഷ്ട്രാ കോൺഫറൻസുകൾ, ടൂറിസം ഗ്രൂപ്പുകളുടെ യോഗങ്ങൾ, ടൂറിസം ഗ്രൂപ്പുകളുടെ യാത്രകൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ യോഗങ്ങൾ, കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ പരിശീലനപരിപാടികൾ എന്നിവ നടക്കുന്ന മേഖലകളിലെ സ്ഥലങ്ങളിലെ മദ്യശാലകൾക്കാണ് ഇളവിന് ശുപാർശയുള്ളത്.
അപ്പോഴും ഇളവുള്ള സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ ഇപ്പോഴും വ്യക്തതക്കുറവുണ്ട്. പുതിയ മദ്യനയത്തിന്‍റെ ചട്ടത്തിൽ ഇക്കാര്യം ഉൾക്കൊള്ളിക്കാനാണ് നീക്കം. ഉപാധിയുണ്ടെങ്കിൽ ഇളവിന്‍റെ മറവിൽ ഡ്രൈ ഡേ കൂടുതൽ സ്ഥലങ്ങളിൽ ഒഴിവാക്കപ്പെടാനുള്ള സാധ്യതയാണ് ഏറെയുള്ളത്.
നേരത്തെ ഡ്രൈ ഡേ ഒഴിവാക്കാൻ വൻ തുക കോഴ പിരിച്ചുനൽകണമെന്ന ബാറുടമ സംഘടനാ പ്രതിനിധിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നത് വൻ വിവാദമായിരുന്നു. ഡ്രൈ ഡേ പിൻവലിക്കാൻ നയപരമായി ധാരണയിലെത്തിയ സർക്കാർ രണ്ടാം ബാർ കോഴ വിവാദം വന്നതോടെ മാറ്റമുണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു. കോഴ വാങ്ങിയില്ലെന്ന ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്‍റെ കണ്ടത്തലോടെയാണ് ഉപാധി വെച്ചുള്ള മാറ്റം. ഓഡിയോ സന്ദേശമിട്ട ബാറുടമയടക്കം പിന്നീട് മലക്കംമറിഞ്ഞതും സർക്കാറിന് തുണയായി. ഫലത്തിൽ കോഴ വിവാദം കെട്ടടങ്ങുകയും ബാറുടമകളുടെ ദീർഘനാളത്തെ ആവശ്യം ഉപാധികളോടെയെങ്കിലും സർക്കാർ അംഗീകരിക്കുകയുമാണ് സംഭവിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം