Asianet News MalayalamAsianet News Malayalam

മാനന്തവാടിയില്‍ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിക്ക് സാധ്യത; ഉഷാ വിജയനും പരിഗണനയില്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അത്ര നേട്ടമുണ്ടാക്കിയില്ലെങ്കിലും പതിനായിരത്തിലേറെ വോട്ടിന്‍റ ഭൂരിപക്ഷത്തില്‍ ജയിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 

Kerala Election PK Jayalakshmi possibility in mananthavady
Author
Wayanad, First Published Jan 17, 2021, 3:38 PM IST

വയനാട്: പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ മുന്‍ മന്ത്രി പികെ ജയലക്ഷ്മി തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയേക്കും. മാനന്തവാടിയില്‍ മത്സരിക്കാമോയെന്ന് ഐ സി ബാലകൃഷ്ണനോട് ആരാഞ്ഞെങ്കിലും ബത്തേരി മതിയെന്ന നിലപാടിലാണ് അദ്ദേഹം. ജയലക്ഷ്മിയെ ഡിസിസി പ്രസിഡന്‍റാക്കി ഇടവക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഉഷാ വിജയനെ മത്സരിപ്പിക്കാനും  യുഡിഎഫ് ആലോചിക്കുന്നുണ്ട്.

മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ ലോക്സഭാ രെഞ്ഞെടുപ്പില്‍ 54 ആയിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടായിരുന്നു പക്ഷെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 3516 വോട്ടിന്‍റെ ആധിപത്യമുണ്ടാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അത്ര നേട്ടമുണ്ടാക്കിയില്ലെങ്കിലും പതിനായിരത്തിലേറെ വോട്ടിന്‍റ ഭൂരിപക്ഷത്തില്‍ ജയിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. മുന്‍മന്ത്രി പി കെ ജയലക്ഷ്മി മത്സരിക്കാന്‍ പ്രാഥമിക ഒരുക്കങ്ങല്‍ തുടങ്ങികഴി‌ഞ്ഞു. പക്ഷെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പിക്കാന് ജയലക്ഷ്മിയും തയ്യാറായില്ല.

തദ്ദേശസ്വയംഭരണ തരഞ്ഞെടുപ്പില്‍ എതിര്‍ ഗ്രൂപ്പിലുള്ള ചില കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ജയലക്ഷ്മി ശ്രമിച്ചെന്ന പരാതി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കയ്യിലുണ്ട്. ഈ ഗ്രൂപ്പുവഴക്കാണ് മാനന്തവാടിയില്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. ഇത് പരിഹരിക്കാന്‍ ജയലക്ഷ്മിയെ ഡിസിസി പ്രസിഡന്‍റാക്കി മറ്റോരാളെ മല്‍സരിപ്പിക്കുന്ന കാര്യവും കോണ്‍ഗ്രസ് ആലോചിക്കുന്നു. പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ഒരാളാകണം വയനാട് ഡിസിസി പ്രസിഡന്റെന്ന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശമാണ് ഈ പരിഗണനക്കാധാരം. 

ഐ സി ബാലകൃഷ്ണനെ ബത്തേരിയില്‍ നിന്നുമാറ്റി മാനന്തവാടിയില്‍ മല്‍സരിപ്പിക്കാന്‍ കോണ്ഗ്രസ് നീക്കം നടത്തിയെങ്കിലും പറ്റില്ലെന്ന് ബാലകൃഷ്ണന്‍ കെപിസിസിയെ അറിയിച്ചു. ഇതോടെ മാനന്തവാടിയില്‍ ജയലക്ഷ്മിയല്ലെങ്കില്‍ ഇടവക ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്‍റ് ഉഷാ വിജയനാകും മുന്‍ഗണന. മുന്‍ ജില്ലാ പഞ്ചായത്തംഗം ഒ ആര്‍ രഘു അടക്കമുള്ളവരുടെ പേരും സജീവ പരിഗണനയിലാണ്.

Follow Us:
Download App:
  • android
  • ios