പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും 10,000 രൂപ പോലും അടിയന്തര ധനസഹായം കുടുംബത്തിന് ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് യുവാവ് മരിച്ചതെന്നും കുടുംബം ആരോപിച്ചു.

കൽപ്പറ്റ: വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിയുമായി കുടുംബം രംഗത്ത്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും 10,000 രൂപ പോലും അടിയന്തര ധനസഹായം കുടുംബത്തിന് ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് യുവാവ് മരിച്ചതെന്നും കുടുംബം ആരോപിച്ചു. 'നിരവധി തവണ പരിശോധനകൾ നടത്തി. എന്നാല്‍ സഹായം ഒന്നും ലഭിച്ചില്ല'. ഇതിന്റെ നിരാശ തന്നെയാണ് മരണകാരണം എന്നും കുടുംബം വ്യക്തമാക്കി.

വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന യുവാവ് തൂങ്ങിമരിച്ചു

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിൽ ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡിൽ തൂങ്ങിമരിച്ചത്. 2019 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകർന്നത്. കഴിഞ്ഞ 40 വർഷമായി താമസിക്കുന്ന 3 സെന്‍റ് ഭൂമി സ്വന്തമാണെന്നതിന്‍റെ രേഖയില്ലാത്തതിനാല്‍ ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിലും ഉള്‍പ്പെട്ടില്ല. കഴിഞ്ഞ ദിവസം പോലും ധനസഹായം ലഭിക്കുമോയെന്നറിയാന്‍ സനില്‍ വില്ലേജ് ഓഫീസില്‍ പോയി നോക്കിയിരുന്നു. പണം അക്കൗണ്ടിലെത്തുമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.

ഇന്നലെ വൈകീട്ടാണ് സനിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കുടുംബത്തിന്റെ ധനസഹായ, ഭൂമി വിഷയത്തിൽ തീരുമാനമാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിച്ചു. തഹസില്‍ദാര്‍ എത്താതെ മൃതദേഹം എടുക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.