തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്ളി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നു. സപ്ലൈക്കോ വഴി കിലോക്ക് 35 രൂപ നിരക്കിൽ ഉള്ളി വിൽക്കും. ഇതിനായി നാസിക്കിൽ നിന്ന് മറ്റന്നാൾ 50 ടൺ ഉള്ളി എത്തിക്കും. നാഫെഡ് വഴിയാണ് ഉള്ളി എത്തിക്കുന്നത്. സപ്ലൈക്കോ ഉദ്യോഗസ്ഥർ ഇതിനായി നാസിക്കിൽ എത്തി. 

ഉള്ളിവില രാജ്യത്തെമ്പാടും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ സവാള വില നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിച്ച് തുടങ്ങിയത്. ഇതിന്‍റെ ഭാഗമായാണ് കേന്ദ്ര ഏജൻസിയായ നാഫെഡ് വഴി സവാള സംഭരിക്കാൻ അത് കുറ‍ഞ്ഞ വിലയിൽ കേരളത്തിലെത്തിച്ച് വിതരണം ചെയ്യാനുമുള്ള പദ്ധതി തയ്യാറാക്കിയത്.

രാജ്യത്തിന്‍റെ പലഭാഗങ്ങളിലു ഉള്ളി വില 80 രൂപവരെയെത്തിയ സാഹചര്യമുണ്ട്. കുതിച്ചുകയറുന്ന വില നിയന്ത്രിക്കാൻ കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയം നേരത്തെ ഉള്ളിക്കയറ്റുമതി നിരോധിച്ച്  ഉത്തരവിറക്കിയിരുന്നു. രാജ്യത്തിന് പുറത്തേക്കുള്ള കയറ്റുമതി നിരോധിച്ച സാഹചര്യത്തിൽ കേരളത്തിനാവശ്യമായ ഉള്ള സംഭരിച്ചെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതൽ ഉള്ളി സംസ്ഥാനത്തെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ.

മൊത്തവിലയെ അടിസ്ഥാനപ്പെടുത്തി നോക്കിയാൽ കഴിഞ്ഞ നാല് വർഷം ഇന്ത്യയിലുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് സെപ്റ്റംബർ ആദ്യവാരം രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തവിതരണകേന്ദ്രങ്ങളിൽ ഉള്ളിയുടെ സ്റ്റോക്കെത്തുന്നതിൽ വലിയ കുറവാണുള്ളത്. ഉള്ളിവില കുത്തനെ കൂടാനുള്ള കാരണവും ഇത് തന്നെ. മഹാരാഷ്ട്രയിലുണ്ടായ വൻപ്രളയവും ഉള്ളിയുടെ ലഭ്യത കുറയാനിടയാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കഴിഞ്ഞയാഴ്ച വീണ്ടും പെയ്ത മഴ, ഉള്ള സ്റ്റോക്ക് എത്തിക്കുന്നതിനെയും ബാധിച്ചു. 

Read more at: ഒരാഴ്ച പിന്നിട്ടു, ഉത്തരേന്ത്യയിൽ സവാള വില താഴുന്നില്ല

ഉത്തരേന്ത്യയിൽ ഇപ്പോഴും തുടരുന്ന ശക്തമായ മഴയും ഉള്ളി ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഗോഡൗണുകളിൽ സ്റ്റോക്കുള്ളയിടത്തു നിന്ന് ഇല്ലാത്തയിടത്തേയ്ക്ക് എത്തിക്കാൻ കനത്ത മഴ കാരണം കഴിയുന്നില്ല. ഉള്ളിലഭ്യതയില്ലാതെ ജനം വലയുമ്പോഴും രാജ്യത്ത് 56,000 ടൺ ഉള്ളിയുണ്ടെന്നും, ഇതിൽ 16,000 ടൺ ഇതുവരെ പലയിടങ്ങളിലായി എത്തിച്ചുവെന്നുമാണ് കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നത്. നാഫെഡ് പോലുള്ള ഏജൻസികൾ വഴി ഉള്ളിവിതരണം കൂടുതൽ ഊർജിതമായി നടപ്പാക്കിയാൽ ഉള്ളിവില കുറയുമെന്നായിരുന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞിരുന്നത്. 

കൂടുതൽ വായിക്കാം: പെട്രോളിനെക്കാള്‍ തീവില, ജനങ്ങള്‍ ഉള്ളി ക്യൂവില്‍; ലക്ഷാധിപതികളാവാന്‍ കള്ളന്മാര്‍ ! ...