കാർഷിക പ്രതിസന്ധിക്കായുള്ള ഇടക്കാലാശ്വാസം. ഇടുക്കിയിലെ വലിയ വിഭാഗം കർഷകർ പുറത്ത്. പട്ടയമില്ലാത്തവർക്ക് സർക്കാർ സഹായം ലഭിക്കില്ല. സ്വകാര്യ വായ്പകൾക്ക് ആനുകൂല്യം ലഭ്യമാകില്ലസർക്കാരിനെ അറിയിച്ചെന്ന് എംപി ജോയ്സ് ജോർജ്
കട്ടപ്പന: കാർഷിക മേഖലയിലെ പ്രതിസന്ധി നേരിടാൻ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയിലെ വലിയൊരു വിഭാഗം കർഷകർ ഇപ്പോഴും സർക്കാർ സഹായത്തിന് പുറത്താണ്. ഭൂമിയ്ക്ക് പട്ടയം ഇല്ലാത്തതിനാൽ സർക്കാർ രേഖകളിൽ ഇവർ ഉൾപ്പെടാത്തതാണ് സഹായം അന്യമാക്കുന്നത്.
മേരിഗിരി സ്വദേശി സന്തോഷ്, ഇടുക്കിയിലെ ഈ വർഷത്തെ ആദ്യ കർഷക ആത്മഹത്യ. സന്തോഷിന്‍റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കില്ല. കൈവശഭൂമിയ്ക്ക് പട്ടയമില്ലാത്തതിനാൽ സന്തോഷിന് ബാങ്കുകൾ വായ്പ നൽകിയിരുന്നില്ല. പകരം വായ്പ എടുത്തത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന്.
ഇത്തരം വായ്പകൾ കാർഷിക കടാശ്വാസ കമ്മീഷന്‍റെ പരിധിയിൽ വരില്ല. സർക്കാർ രേഖകളിൽ സന്തോഷിന്‍റെ ഭൂമി ഉൾപ്പെടാത്തതിനാൽ വിള നാശത്തിനുളള ആനുകൂല്യവും ലഭിക്കില്ല. ഇതുപോലെ ആയിരക്കണക്കിന് കർഷകരാണ് സർക്കാർ ആനുകൂല്യങ്ങളിൽ നിന്ന് പുറത്താകുന്നത്. ഇവർക്ക് വേറെ എന്ത് സഹായം കിട്ടും എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ.
വില്ലേജ് ഓഫീസിൽ നിന്ന് കരം അടച്ച രസീതി കിട്ടാത്തതിനാൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നുള്ള രണ്ടായിരം രൂപ പോലും പട്ടയം ഇല്ലാത്ത കൃഷിക്കാർക്ക് കിട്ടിയിട്ടില്ല. പ്രതിസന്ധി മറികടക്കാൻ കൃഷിക്കാർക്ക് അടിയന്തിരമായി പട്ടയം നൽകുകയോ കാർഷിക കടാശ്വാസങ്ങളിൽ കൈവശ ഭൂമിക്കാരെയും ഉൾപ്പെടുത്തുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
