കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തില്‍ വിശ്വാസികളുടെ വികാരം സംരക്ഷിച്ച് സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു . ഘട്ടംഘട്ടമായി മാത്രമേ വിധി നടപ്പാക്കാനാകൂവെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. മതപരമായ അവകാശങ്ങൾ സംരക്ഷിക്കുമെന്നും സർക്കാർ അറിയിച്ചു. വിശ്വാസികൾക്ക് പളളിയിൽ പ്രവേശിക്കാൻ തിരിച്ചറിയൽ കാർഡ് അടക്കം വേണമെന്ന നിബന്ധനയും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ മുന്നോട്ടുവച്ചിട്ടുണ്ട്.

പിറവം പള്ളിയിൽ പ്രവേശിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട്  ഓർത്തഡോക്സ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി അനുസരിച്ച് ഭരണചുമതല തങ്ങൾക്കാണെന്നും വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ യാക്കോബായ സഭയ്ക്കുവേണ്ടി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണെന്നും ഓ‌ർത്തഡോക്സ് വിഭാഗം ആരോപിച്ചിരുന്നു. 

ഇതിനുളള മറുപടിയിലാണ് സുപ്രീംകോടതി ഉത്തരവ് അതേപടി ഉടനടി നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. 15 പേജുള്ള സത്യവാങ്ങ്മൂലമാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഘട്ടം ഘട്ടമായി മാത്രമേ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ കഴിയുകയുള്ളൂവെന്നും ഒറ്റയടിക്ക് നിബന്ധനകൾ നടപ്പാക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് സഭയ്ക്കും വിശ്വാസികൾക്കും മുൻപിൽ 18 നിബന്ധനകളും സര്‍ക്കാര്‍  മുന്നോട്ടുവച്ചിട്ടുണ്ട്.

പിറവം പള്ളിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ പൊലീസ് സ്റ്റേഷനിലെത്തി ഇടവകക്കാരാണെന്ന് സത്യവാങ്ങ്മൂലം നൽകണം. ആധാർ കാർഡോ ഇലക്ഷൻ ഐഡിയോ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം. ഇതിന് പുറമേ 1934ലെ ഭരണഘടന അംഗീകരിക്കുന്നുവെന്നും എഴുതി നൽകണം. ഇത്രയും ഹാജരാക്കിയാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് പള്ളിയിൽ പ്രവേശിക്കാൻ അനുമതി നൽകിക്കൊണ്ട് പാസ് ലഭിക്കും.

പൊലീസ് നൽകുന്ന പാസില്ലാതെ ആർക്കും പള്ളിയിൽ പ്രവേശിക്കാനാവില്ല. കുർബാനയ്ക്കും മറ്റുമായി പള്ളിയിൽ പ്രവേശിക്കുന്നയാൾ വൈദികനാണെങ്കിൽ ഒരു മണിക്കൂർ മുമ്പും മറ്റ് വിശ്വാസികൾക്ക് അരമണിക്കൂർ മുമ്പും പള്ളിയിൽ പ്രവേശിക്കാം. ഒരു സമയത്ത് 250 വിശ്വാസികളിൽ കൂടുതൽ ഒരു സമയം പള്ളിക്കുള്ളിൽ അനുവദിക്കില്ല. കുർബാന കഴിഞ്ഞാൽ 15മിനുട്ടിനുള്ളിൽ പള്ളി വിട്ട്പോകണം. ഇങ്ങനെ പോകുന്നു സര്‍ക്കാരിനു വേണ്ടി പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ള നിബന്ധനകൾ. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ  വിശ്വാസികളെ പ്രവേശിപ്പിക്കാതെ പളളി അടച്ചിടാനുളള അവകാശം പൊലീസിനുണ്ടാകുമെന്നും സർക്കാ‍ർ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലുണ്ട്.