ദില്ലി: പാലാരിവട്ടം പാലം കേസ് വേഗത്തിൽ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ തൽസ്ഥിതി തുടരാനും നിര്‍മ്മാണ കമ്പനിയോട് മറുപടി നൽകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസിന്‍റെ നടപടികൾ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ അപേക്ഷ. കേസ് വേഗത്തിൽ പരിഗണിച്ച് പാലം പുതുക്കി പണിയാൻ അനുമതി നൽകണമെന്ന് അപേക്ഷയിൽ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. കൊച്ചിയിലെ കുണ്ടന്നൂര്‍, വൈറ്റല മേല്പാലങ്ങൾ സെപ്റ്റംബര്‍ മാസത്തിൽ തുറന്നുകൊടുക്കാൻ പോവുകയാണ്. അതിനിടയിൽ വരുന്ന പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം വൈകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പാലം നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാലം പുതുക്കി പണിയാനുള്ള നടപടികൾ വേഗത്തിലാക്കാൻ നീക്കം സര്‍ക്കാര്‍ നടത്തുന്നത്.

Read Also: മഴക്കെടുതി; പത്തു സംസ്ഥാനങ്ങളിലായി 876 മരണമെന്ന് കേന്ദ്രം, ഏറ്റവും കൂടുതൽ പശ്ചിമബം​ഗാളിൽ...