Asianet News MalayalamAsianet News Malayalam

ചൂടേറിയ ചർച്ച, വാക്പോര്; ഒടുവിൽ സിഎജിക്ക് എതിരായ പ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കി

  • ഗവർണ്ണർ അംഗീകരിച്ച സിഎജി റിപ്പോർട്ടോ അതോ മാറ്റം വരുത്തിയ റിപ്പോർട്ടോ എതാകും പിഎസി ഇനി പരിഗണിക്കുക എന്ന പ്രശ്നം പ്രതിപക്ഷം ഉയർത്തിയപ്പോൾ പരിശോധിച്ച് പറയാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. 
kerala government move against cag report in niyamasabha
Author
Trivandrum, First Published Jan 22, 2021, 10:10 AM IST

തിരുവനന്തപുരം: കിഫ്ബി വായ്പകളെ വിമർശിക്കുന്ന സിഎജി റിപ്പോർട്ടിലെ ഭാഗം നിയമസഭ വോട്ടിനിട്ട് തള്ളി. സിഎജി റിപ്പോർട്ടിനെ വിമർശിച്ച് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത് കേരള നിയമസഭാ ചരിത്രത്തിലെ ഇതാദ്യമായാണ്. ഭരണഘടനയും കീഴ് വഴക്കങ്ങളും ലംഘിച്ചുള്ള നടപടി എന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം പ്രമേയത്തെ ശക്തമായി എതിർത്തു.

സിഎജിക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രമേയം. ഗവർണ്ണർ അംഗീകരിച്ച സിഎജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുന്ന ചട്ടവും കീഴ്വഴക്കവുമാണ് മറികടന്നത്. വിമർശിക്കുന്ന ഭരണഘടനാസ്ഥാപനങ്ങളെ സഭയിലെ ഭൂരിപക്ഷം വെച്ച് നേരിടുന്നത് ചട്ടലംഘനമെന്ന്പ റഞ്ഞ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി. 

പിഎസിക്ക് മുന്നിൽ സർക്കാർ വാദങ്ങൾ സിഎജി പ്രതിനിധിയോട് ഉന്നയിക്കാമെന്നിരിക്കെ സഭയിലെ പ്രമേയത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നായിരുന്നു കുറ്റപ്പെടുത്തൽ. നിയമസഭക്ക് തന്നെയാണ് പരമാധികാരമെന്നും സിഎജി റിപ്പോർട്ട് അന്തിമമല്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ഒടുവിൽ പ്രതിപക്ഷ എതിർപ്പിനിടെ ശബ്ദവോട്ടോടെ പ്രമേയം പാസ്സാക്കി. ഗവർണ്ണർ അംഗീകരിച്ച സിഎജി റിപ്പോർട്ടോ അതോ മാറ്റം വരുത്തിയ റിപ്പോർട്ടോ എതാകും പിഎസി ഇനി പരിഗണിക്കുക എന്ന പ്രശ്നം പ്രതിപക്ഷം ഉയർത്തിയപ്പോൾ പരിശോധിച്ച് പറയാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. 
 

തത്സമയം കാണാം...

സ‍ർക്കാർ ഭാഗം കേൾക്കാതെയാണ് സിഎജി റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഇത് തെറ്റായ കീഴ്വഴക്കമാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

തെറ്റായ കീഴ്വഴക്കത്തിന് കൂട്ടുനിന്നുവെന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുതെന്നും അത് കൊണ്ടാണ് പ്രമേയം കൊണ്ട് വരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. എന്നാൽ പ്രമേയം അവതരിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. 

ഇത് അസാധാരണ നടപടിയാണെന്നും പ്രമേയം ഭരണഘടനക്ക് മേലുള്ള കടന്നു കയറ്റമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആരും വിമർശിക്കാൻ പാടില്ല എന്ന നിലപാട് എകെജി സെന്ററിൽ സ്വീകരിച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് പരഹസിച്ചു.

റിപ്പോർട്ടിലെ ഭാഗം നിരാകരിക്കാൻ നിയമസഭയ്ക്ക് അധികാരമില്ലെന്നും റിപ്പോർട്ട് സഭയിൽ വച്ചാൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് വിടുകയാണ് പതിവെന്നും സതീശൻ ഓർമ്മിപ്പിച്ചു. പിഎസിക്കുള്ള അധികാരം സഭക്ക് ഇല്ല. സിഎജിയുടെ ഭാഗം കേട്ട ശേഷം മാത്രമേ ചില ഭാഗങ്ങൾ ഒഴിവാക്കാവൂവെന്നും കീഴ്വഴക്കം ലംഘിക്കുന്നതും ഭരണഘടന വിരുദ്ധവുമാണ് പ്രമേയമെന്നും സതീശൻ സഭയിൽ പറഞ്ഞു. 

കോടതി വിധി നിരാകരിക്കുന്നു എന്ന പ്രമേയം പാസ്സാക്കാൻ ആകുമോയെന്ന് ചോദിച്ച സതീശൻ പ്രമേയം പാസ്സാക്കാൻ നിയമസഭക്ക് എന്ത് അധികാരമാണെന്നും ഇത്  കേന്ദ്രം പോലും ചെയ്യാത്ത നടപടിയാണെന്നും പറ‍ഞ്ഞു. 

Follow Us:
Download App:
  • android
  • ios