തിരുവനന്തപുരം: കൊവി‍ഡ്- 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടച്ച് പൂട്ടിയ ബാറുകളെല്ലാം വീണ്ടും തുറക്കാൻ വളഞ്ഞ വഴി തേടി സര്‍ക്കാര്‍.ബാറുകളുടെ കൗണ്ടർവഴി മദ്യം പാഴ്സലായി വിൽക്കാനാണ് സര്‍ക്കാര്‍ നീക്കം. ബാർ ഹോട്ടൽ ഉടമകളുടെ അസോസിയേഷൻറെ സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ പുതിയ വഴി തേടുന്നത്. 

സംസ്ഥാനത്തെ 800 ബാർ കൗണ്ടറുകളാണ് അടച്ചത്. പക്ഷെ ഈ കൗണ്ടറുകള്‍ വീണ്ടും തുറക്കാനാണ് സർക്കാർ ശ്രമം. അബ്കാരി ചട്ടപ്രകാരം ബാർ കൗണ്ടർവഴി മദ്യം പാഴ്സലായി വിൽക്കാനാവില്ല. അബ്കാരി ചട്ടത്തിൽ ഭേദഗതി കൊണ്ടുവന്ന് പാഴ്സലായി വിൽപ്പനക്ക് അനുമതി നൽകാനാണ് സർക്കാര്‍ ആലോചിക്കുന്നത്. ബാർ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തനാണ് നടപടിയെന്നാണ്  എക്സൈസ് മന്ത്രിയുടെ അവകാശവാദം. 

ബിവറേജസ് കോർപ്പറേഷൻറെ വിലയ്ക്ക് മദ്യം പാഴ്സലായി വിൽക്കാൻ അനുവദിക്കമെന്നാണ് ബാർ ഹോട്ടൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാഴ്സലായി മദ്യം നൽകിയാലും ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുമതി നൽകില്ല. ബെവ്ക്കോ ഔട്ട് ലെറ്റുകളും അടച്ചുപൂട്ടണമെന്ന് പ്രതിപക്ഷത്തിന്‍റേയും ഐഎംഎ അടക്കം ഡോക്ടറുമാരുടെ സംഘടനകളുടെയും ആവശ്യത്തോട് പ്രതികരിക്കാത്ത സർക്കാരാണ് ബാർ കൗണ്ടർ വഴി മദ്യം പാഴ്സലായി നൽകാൻ നീങ്ങുന്നത്.